പത്തനംതിട്ട : യു.ഡി.എഫ്. സീറ്റ് വിഭജനത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷത്തെ കോണ്‍ഗ്രസ് ഒതുക്കി. യു.ഡി.എഫ് വിട്ട് ജോസഫ് പക്ഷത്തിന് ഇനി എങ്ങോട്ടും പോകാന്‍ കഴിയില്ലെന്ന ഉറപ്പില്‍ അവര്‍ ചോദിച്ച സീറ്റ് നല്‍കാന്‍ തയാറായില്ലെന്ന് മാത്രമല്ല, ചില സ്‌ഥലങ്ങളില്‍ വിമത സ്‌ഥാനാര്‍ഥി പ്രത്യക്ഷപ്പെടുകയും ചെയ്‌തു. പിന്മാറിയവരുടെ പട്ടിക കൂടി പുറത്തു വന്നപ്പോഴാണ് പാര്‍ട്ടിക്ക് സീറ്റുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് ഉണ്ടായതെന്ന് ഒരു വിഭാഗം നേതാക്കള്‍ക്കും അണികള്‍ക്കും ബോധ്യപ്പെടുന്നത്.
ജില്ലാ പഞ്ചായത്തിലെ രണ്ട് സീറ്റുകള്‍ നിലനിര്‍ത്താന്‍ ആയത് മാത്രമാണ് ആശ്വാസം. ബ്ലോക്ക്, ഗ്രാമ, മുന്‍സിപ്പാലിറ്റികളിലെ വാര്‍ഡുകളുടെ പട്ടിക പരിശോധിക്കുമ്പോള്‍ ഏതാണ്ട് 60 എണ്ണത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. 2015 ല്‍ 156 വാര്‍ഡുകള്‍ ജില്ലയില്‍ ലഭിച്ചപ്പോള്‍ ഇക്കുറി അത് 96 ആയി കുറഞ്ഞെന്ന് പറയുന്നു. തിരുവല്ല മുനിസിപ്പാലിറ്റിയിലും നിയോജക മണ്ഡലത്തിലും മാത്രമാണ് പാര്‍ട്ടിക്ക് വലിയ പരുക്ക് ഏല്‍ക്കാത്തത്. പത്തനംതിട്ട നഗരസഭയില്‍ സീറ്റ് അഞ്ചില്‍നിന്നും രണ്ടായി കുറഞ്ഞു എന്ന് മാത്രമല്ല ആവശ്യപ്പെട്ടത് നല്‍കിയിട്ടുമില്ല. കുമ്പഴനല്‍കിയപ്പോള്‍ പാര്‍ട്ടിയുടെ ശക്‌തി കേന്ദ്രമായ ചുരുളിക്കോട് ഒഴിവാക്കി. കുമ്പഴയില്‍ വിമതനും പ്രത്യക്ഷപ്പെട്ടു.
32-ാം വാര്‍ഡ് നല്‍കാമെന്ന് പറഞ്ഞതിന് ശേഷം പിന്നീട് ഒഴിവാക്കി. അനുവദിച്ച ഡിവിഷനുകളിലും വാര്‍ഡുകളിലും മിക്കയിടത്തും കോണ്‍ഗ്രസ് റിബലുകളെ പ്രാദേശികമായി കോണ്‍ഗ്രസ് നിര്‍ത്തിയതായും നേതാക്കള്‍ പറയുന്നു. നിലവിലെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം എന്നത്, പഴയ എം.ജെ, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് എന്നിവരുടെ കൂട്ടായ്‌മയാണ്.
ഇവര്‍ ഒരുമിച്ചെങ്കിലും പല കാര്യങ്ങളിലും പഴയ വിഭാഗങ്ങളായി തന്നെ തുടരുകയാണ്. ഈ ഐക്യമില്ലായ്‌മയാണ് യു.ഡി.എഫില്‍ സീറ്റുകള്‍ നേടി എടുക്കുന്നതിനും തടസമായത്. ജില്ലാ പ്രസിഡന്റും യു.ഡി.എഫ് ജില്ലാ ചെയര്‍മാനും പഴയ മാണി വിഭാഗക്കാരനാണ്. ഇദ്ദേഹത്തിനേക്കാള്‍ സംസ്‌ഥാന വര്‍ക്കിങ് ചെയര്‍മാന്‍ പരിഗണന നല്‍കുന്നത് അടൂരില്‍ നിന്നുള്ളതും കോഴഞ്ചേരിയില്‍ നിന്നുള്ള വ്യവസായിയുമായ സ്‌റ്റിയറിങ് കമ്മറ്റി അംഗങ്ങള്‍ക്കാണ്. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പദവി മാറി കണ്‍വീനര്‍ ആയതിനു പിന്നിലും ഈ വേര്‍തിരിവ്
കാരണമായിരുന്നത്രെ.
ജില്ലയില്‍ വീണ്ടും നേതാക്കള്‍ മറു കണ്ടം ചാടുമെന്ന നിലവന്നതോടെയാണ് സംസ്‌ഥാന തലത്തില്‍ നിന്നും ഇടപെടല്‍ ഉണ്ടായത്. ചെയര്‍മാന്‍ പദവി കൈ വിട്ടതിലെ അസംതൃപ്‌തി അന്നേ കോണ്‍ഗ്രസിലെ ഒരു വിഭാഗം പ്രകടമാക്കിയിരുന്നു. ഇതും സീറ്റ് വിഭജനത്തില്‍ പാര്‍ട്ടിക്ക് ദോഷം ചെയ്‌തു. അവസാനമായി ജോസഫ് വിഭാഗത്തിലേക്ക് എത്തിയ ജനാധിപത്യ കേരള കോണ്‍ഗ്രസിനും അര്‍ഹമായ വാര്‍ഡുകള്‍ ലഭിച്ചില്ല. ജില്ലാ ബ്ലോക്ക് കമ്മറ്റികളിലോഏകോപന സമിതികളിലോ ഇവര്‍ക്ക് പ്രാതിനിധ്യം നല്‍കിയിട്ടുമില്ല.
ഇതോടെ ഇവരും നിസംഗരായ മട്ടിലാണ്. ജില്ലയില്‍ അണികളും പ്രവര്‍ത്തകരും കൂടുതല്‍ ഉള്ളത് മാണി, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് വിഭാഗങ്ങള്‍ക്കാണെന്ന് വിലയിരുത്തുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ ലഭിച്ചപ്പോള്‍ ഈ പരിഗണന ഉണ്ടായതുമില്ല. കോഴഞ്ചേരി, തോട്ടപ്പുഴശേരി, അയിരൂര്‍, കോയിപ്പുറം തുടങ്ങിയ പഞ്ചായത്തുകളില്‍ എല്ലാം തര്‍ക്കം തുടരുന്നുണ്ട്. ഇതിനിടെ പാര്‍ട്ടിക്ക് ലഭിച്ച റാന്നി സീറ്റില്‍ ആദ്യം നിര്‍ദേശിക്കപ്പെട്ട സ്‌ഥാനാര്‍ഥിയെ ഗ്രൂപ്പ് തര്‍ക്കത്തിനിടെ പേരില്‍ മാറ്റേണ്ടിയും വന്നു.
കോഴഞ്ചേരിയില്‍ നിന്നുള്ള മുന്‍പഞ്ചായത്ത് പ്രസിഡന്റിനെ സംസ്‌ഥാന സമിതി ആദ്യം അംഗീകരിച്ചു. പഴയ മാണിവിഭാഗക്കാരനായ ഇദ്ദേഹം ജോസഫ് വിഭാഗം നേതാവിന്റെ ശുപാര്‍ശയില്‍ ആണ് സീറ്റ് നേടിയത്. ഇത് പാര്‍ട്ടിക്കുള്ളില്‍ വലിയ വിവാദത്തിന് കാരണമായി. പിന്നീട് പുതിയ ആളെ ഇവിടേക്ക് കണ്ടെത്തുകയായിരുന്നു. നേതാക്കള്‍ തമ്മില്‍ ഏകോപനമില്ലാതെ പോയതാണ് സീറ്റുകളുടെ കാര്യത്തിലും മറ്റും വിനയായതെന്നാണ് അണികളുടെ ആരോപണം