പത്തനംതിട്ട: ശുചിമുറി ഉപയോഗിക്കാന്‍ നല്‍കാത്ത പെട്രോള്‍ പമ്പുടമക്ക് 1,65,000 രൂപ പിഴയിട്ട് പത്തനംതിട്ട ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷൻ. ഹർജി കക്ഷിക്ക് 1,50,000 രൂപ നഷ്‌ടപരിഹാരവും 15,000 രൂപ കോടതി ചിലവും ചേർത്ത് 1,65,000 രൂപ എതിർകക്ഷിയായ പെട്രോള്‍ പമ്പുടമ നൽകാനാണ് വിധി. ഏഴംകുളം ഊരകത്ത് ഇല്ലം വീട്ടിൽ അദ്ധ്യാപികയായ സി. എൽ. ജയകുമാരി കോഴിക്കോട് പയ്യോളിയിലുള്ള തെനംകാലിൽ പെട്രോൾ പമ്പ് ഉടമ ഫാത്തിമ ഹന്നയ്‌ക്കെതിരെ കമ്മീഷനിൽ ഫയൽ ചെയ്ത ഹർജിയിലാണ് ഈ വിധി ഉണ്ടായത്.
2024 മെയ് 8 ന് ഹർജികക്ഷി കാസർകോട് പോയിട്ട് ഏഴംകുളത്തുളള തന്റെ വീട്ടിലേക്ക് കാറിൽ വരവെ രാത്രി 11 മണിക്ക് എതിർ കക്ഷിയുടെ പെട്രോൾ പമ്പിൽ കയറി പെട്രോൾ അടിച്ചതിനു ശേഷം കാറിൽ നിന്നും ഇറങ്ങി ടോയിലെറ്റിൽ പോകാന്‍ ശ്രമിച്ചപ്പോള്‍ ടോയ്‌ലെറ്റ് പൂട്ടിക്കിടക്കുന്നതാണ് കണ്ടത്. തിരികെവന്ന് പെട്രോള്‍ പമ്പിലെ ജീവനക്കാരോട് ടോയ്‌ലറ്റിന്റെ താക്കോല്‍ ആവശ്യപ്പെട്ടപ്പോൾ സ്റ്റാഫ് പരുഷമായി സംസാരിക്കുകയും ടോയ്‌ലെറ്റിന്റെ താക്കോല്‍ മാനേജരുടെ കൈവശം ആണെന്നും അദ്ദേഹം വീട്ടിൽ പോയിരിക്കുകയാണെന്നും മറുപടി നല്‍കി.
അദ്ധ്യാപികയായ പരാതിക്കാരി തന്റെ അത്യാവശ്യം ജീവനക്കാരനെ പറഞ്ഞു ബോദ്ധ്യപ്പെടുത്തിയിട്ടും ടോയ്‌ലെറ്റ് തുറന്ന് കൊടുക്കാൻ പെട്രോള്‍ പമ്പിലെ ജീവനക്കാരന്‍ തയ്യാറായില്ല. തുടര്‍ന്ന് പയ്യോളി പോലീസ് സ്റ്റേഷനില്‍ വിളിച്ച് പരാതി പറഞ്ഞതുപ്രകാരം പോലീസ് സ്ഥലത്തെത്തി ബലമായി ടോയ്‌ലെറ്റ് തുറന്നു നല്‍കുകയായിരുന്നു. പെട്രോള്‍ പമ്പിലെ ജീവനക്കാരന്‍ ആദ്യം പറഞ്ഞത് ടോയ്‌ലെറ്റ് ഉപയോഗശൂന്യമാണെന്നാണ്. എന്നാൽ പോലീസ് തുറന്നപ്പോള്‍ യാതൊരു തകരാറും കാണുവാന്‍ കഴിഞ്ഞില്ല. പരാതി നല്കിയതുപ്രകാരം പയ്യോളി പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.
രാത്രി 11 മണി നേരത്ത് പെട്രോൾ പമ്പിൽ കയറി പെട്രോൾ അടിച്ചതിനു ശേഷം ടോയ്‌ലെറ്റ് തുറന്നു തരണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഒരു സ്ത്രീ എന്ന പരിഗണന പോലും നൽകാതെ ഹർജികക്ഷിയെ അപമാനിക്കുകയും ടോയ്‌ലെറ്റ് തുറന്നു നൽകാൻ തയ്യാറാകാതെ തന്റെ അവകാശം നിഷേധിക്കുകയും ചെയ്‌തതിനെതിരെയാണ് കമ്മീഷനിൽ ഹർജി ഫയൽ ചെയ്തത്. ഹർജി ഫയലിൽ സ്വീകരിച്ച കമ്മീഷൻ എതിർകക്ഷികൾക്ക് നോട്ടീസ് അയക്കുകയും ഇരുകക്ഷികളും കമ്മീഷനിൽ ഹാജരായി തെളിവുകൾ ഹാജരാക്കുകയും ചെയ്തു. ഹർജികക്ഷിയെ വിസ്‌തരിച്ചതിന്റെ അടിസ്ഥാനത്തിലും ഹർജികക്ഷിയും എതിർകക്ഷിയും നൽകിയ തെളിവിന്റെ അടിസ്ഥാനത്തിലും ഹർജിയിൽ ന്യായമുണ്ടെന്ന് കമ്മീഷൻ കണ്ടെത്തുകയുണ്ടായി.
പെട്രോൾ പമ്പ് അനുവദിക്കുമ്പോൾ ടോയ്‌ലെറ്റ് സൗകര്യങ്ങളും മറ്റു അടിസ്ഥാന സൗകര്യങ്ങളും ആവശ്യമാണെന്നിരിക്കെ അതൊന്നും ഇല്ലാതെയാണ് പെട്രോൾ പമ്പ് പ്രവർത്തിച്ചു വരുന്നതെന്ന് കമ്മീഷൻ വിലയിരുത്തി. അതിന്റെ അടിസ്ഥാനത്തിൽ ഒരു അദ്ധ്യാപികയായ സ്ത്രീക്ക് രാത്രി 11 മണിക്കുണ്ടായ ഈ അനുഭവം അവർക്ക് മാനസികമായി വളരെയധികം ബുദ്ധിമുട്ടുണ്ടായതിന്റെ അടിസ്ഥാനത്തിൽ 1,50,000 രൂപ പമ്പ് ഉടമ ഹർജികക്ഷിക്ക് നഷ്ടപരിഹാരം നൽകാനും കോടതി ചിലവിലേക്കായി 15,000 രൂപയും ചേർത്ത് 1,65,000 രൂപ ഹർജികക്ഷിക്ക് പമ്പ് ഉടമ നൽകണമെന്ന് കമ്മീഷൻ ഉത്തരവിട്ടു. കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചുച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേർന്നാണ് വിധി പ്രസ്താവിച്ചത്.