പത്തനംതിട്ട : പത്തനംതിട്ടയിൽ രോഗബാധിതനായ സി.പിഐ (എം) ഏരിയ കമ്മറ്റി അംഗത്തിന്റെ റൂട്ട് മാപ്പ് പുറത്തുവിടാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ആരോഗ്യവകുപ്പിന്റെ സമ്മർദങ്ങൾക്ക് വഴങ്ങിയതുകൊണ്ടാണ് നടപടി വൈകുന്നതെന്ന് യു.ഡി.എഫ് ആരോപിക്കുമ്പോൾ രോഗിയുടെ ആരോഗ്യനില തൃപതികരമല്ലാത്തതുകൊണ്ടാണ് സഞ്ചാര പാത തയ്യാറാക്കുന്നതിൽ കാലതാമസമുണ്ടാകുന്നതെന്നാണ് ആരോഗ്യ വകുപ്പിന്റെ മുടന്തന്‍ ന്യായം.
രോഗിയെ ഇന്നലെ രാവിലെ മുതല്‍ വെന്റിലേറ്ററില്‍ നിന്നും മാറ്റിയിരുന്നു. സാധാരണ നിലയില്‍ ശ്വസനം സാധ്യമാകുന്നുമുണ്ട്. നിലവില്‍ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യവും ഇല്ല. എന്നിട്ടും ഇദ്ദേഹത്തിന്റെ സഞ്ചാരപാതയും സമ്പര്‍ക്കപ്പട്ടികയും പുറത്തുവിടാതെ ആരോഗ്യ വകുപ്പ് മൂടിവെച്ചിരിക്കുകയാണ്. ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. മുസ്ലീം ലീഗ് വിദ്യാര്‍ത്ഥി നേതാവിന്റെ സഞ്ചാരപാത തയ്യാറാക്കി പുറത്തുവിടുവാന്‍ കാണിച്ച താല്‍പ്പര്യം ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടത്തിനുമില്ല. രോഗിയുടെ സഞ്ചാരപാത പുറത്തുവിട്ടാല്‍ നിരവധിയാളുകള്‍ നിരീക്ഷണത്തില്‍ പോകേണ്ടിവരും.
സി പി ഐ (എം) പത്തനംതിട്ട ഏരിയാ കമ്മിറ്റി അംഗമായ വ്യക്തിക്ക് സമ്പർക്കത്തിലൂടെ കഴിഞ്ഞ ദിവസമാണ്
രോഗം സ്ഥിരീകരിച്ചത്. ഇയാൾ കുമ്പഴ മത്സ്യ ഹോള്‍സെയില്‍ മാർക്കറ്റിലെ വ്യാപാരിയും കുമ്പഴ സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനുമാണ്. കുമ്പഴയിലും പത്തനംതിട്ടയിലും നിരവധി ആളുകളുമായി ഇദ്ദേഹത്തിന് നേരിട്ട് സംബര്‍ക്കമുണ്ട്. സി പി ഐ (എം) നടത്തിയ നിരവധി കമ്മിറ്റികളിലും പൊതുപരിപാടികളിലും ജില്ലയിലെ സി പി ഐ (എം)ന്റെ മുതിർന്ന നേതാക്കളുമായും ഇദ്ദേഹം ഇടപഴകിയിരുന്നതായാണ് പുറത്തു വരുന്ന വിവരം. ഇത് മറച്ചുവെയ്ക്കുവാനുള്ള ശ്രമമാണ് റൂട്ട് മാപ്പ് വൈകിപ്പിക്കുന്നതിലുടെ ലക്ഷ്യമാക്കുന്നതെന്നാണ് ആരോപണം. ഇത് പത്തനംതിട്ട നഗരപ്രദേശത്ത് രോഗവ്യാപനം വർദ്ധിപ്പിക്കുവാൻ ഇടയാക്കുമെന്ന് ജനങ്ങള്‍ ഭയക്കുന്നു.
സർക്കാരിനെതിരെ പ്രതിഷേധിക്കുന്നവരെ മരണവ്യാപാരികൾ എന്ന് കുറ്റപ്പെടുത്തുന്ന ഇടതു നേതാക്കളുടെ ഇടപെടലാണ് സി പി ഐ (എം) നേതാവിന്റെ സമ്പർക്കപ്പട്ടിക മറച്ച് വെക്കുന്നതിന് പിന്നിലെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് ആരോപിച്ചു. ജില്ലാ കളക്ടര്‍ ഭരണപക്ഷ പാര്‍ട്ടിക്ക് കുട പിടിക്കുകയാണെന്നും അലംഭാവം വെടിഞ്ഞ് എത്രയുംവേഗം ഈ രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിടണമെന്നും ബാബു ജോര്‍ജ്ജ് ആവശ്യപ്പെട്ടു.