കൊടുമൺ : കേരള പ്രാദേശിക ചരിത്രപഠനസമിതിയുടെ പത്തനംതിട്ട ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിൽ കൊടുമണ്ണിൽ പൈതൃക പഠനയാത്ര നടത്തി. ചരിത്രമുറങ്ങുന്ന പൈതൃക സ്‌മാരകങ്ങളിലേക്ക് നടത്തിയ പഠനയാത്രയിൽ ചരിത്രാന്വേഷികളും അധ്യാപകരും വിദ്യാർഥികളുമുൾപ്പെടെ നിരവധിപേർ പങ്കെടുത്തു. കൊടുമൺ വൈകുണ്ഠപുരം മഹാവിഷ്ണുക്ഷേത്രത്തിന് മുൻപിൽനിന്ന് ആരംഭിച്ച പൈതൃക പദയാത്ര കൊടുമൺ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശ്രീധരൻ ഫ്ലാഗ് ഓഫ് ചെയ്തു. കേരള പ്രാദേശിക ചരിത്രപഠന സമിതി ജനറൽ സെക്രട്ടറി പള്ളിക്കോണം രാജീവ്, ജോയിന്റ് സെക്രട്ടറി ബാബു തോമസ്, ജില്ലാപ്രസിഡന്റ് മോഹനൻ, ജില്ലാസെക്രട്ടറി ഏബ്രഹാം തടിയൂർ എന്നിവർ സംസാരിച്ചു.
ചിലന്തിയമ്പലത്തിലെ ആചാരങ്ങൾ, വിഷചികിത്സ എന്നിവ യാത്രാസംഘം ചോദിച്ചറിഞ്ഞു. ചെന്നീർക്കര സ്വരൂപത്തിന്റെ മൺമറഞ്ഞ ചരിത്രസ്മാരകങ്ങളുടെ സ്ഥാനത്ത് അവശേഷിക്കുന്ന കുളവും കിണറുമൊക്കെ നേരിൽ കണ്ടുമനസ്സിലാക്കി. തുടർന്ന് ചന്ദനപ്പള്ളിയിലെ പുരാതനമായ കൽക്കുരിശ്, സെയ്ന്റ് ജോർജ് ഓർത്തഡോക്സ് പള്ളി എന്നിവ സന്ദർശിച്ചു. പുരാതന വ്യാപാരകേന്ദ്രവും ശക്തിഭദ്രന്റെ ആസ്ഥാനവുമായിരുന്ന അങ്ങാടിക്കലിലെ പെരുമലത്തളി ശിവക്ഷേത്രം, അങ്ങാടിക്കൽ മഹാവിഷ്ണുക്ഷേത്രം, ധർമശാസ്താക്ഷേത്രം, അങ്ങാടിക്കൽചിറ, ശക്തിമംഗലത്ത് ഗണപതിക്ഷേത്രം, കോയിക്കൽ, അങ്ങാടിക്കടവ്, അങ്ങാടിത്തെരുവിലെ ചുമടുതാങ്ങി എന്നിവ കണ്ടതിനുശേഷം യാത്ര സമാപിച്ചു.