പത്തനംതിട്ട : സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണന കലാമേളയിൽ സന്ദർശകരുടെ കൈയടി നേടി പത്തനംതിട്ട ജില്ലാ ശുചിത്വ മിഷൻ സ്റ്റാളുകൾ. പത്തനംതിട്ട ശബരിമല ഇടത്താവളത്തിലാണ് എന്റെ കേരളം പ്രദർശന വിപണന കലാമേള നടക്കുന്നത്. ജില്ലാ ശുചിത്വ മിഷനും ക്ലീൻ കേരള കമ്പനിയും സംയുക്തമായാണ് സന്ദർശകർക്കായി സ്റ്റാൾ ഒരുക്കിയിരിക്കുന്നത്. മൂന്ന് സ്റ്റാളുകളിലായി നിരവധി മാലിന്യ നിർമ്മാർജ്ജന – സംസ്കരണ സംവിധാനങ്ങൾ ജില്ലാ ശുചിത്വ മിഷൻ പ്രദർശനത്തിന് എത്തിച്ചിട്ടുണ്ട്. ജനറൽ സ്റ്റാൾ, ഗെയിം ആൻഡ് എഡ്യൂക്കേഷൻ സോൺ, പത്തനംതിട്ട കുന്നന്താനം ഗ്രീൻ പാർക്ക് മാതൃക എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.
ഗെയിം ആൻഡ് എഡ്യൂക്കേഷൻ സോണിലെ സാനിറ്റേഷൻ സ്പിന്നിംഗ് വീൽ ആണ് കുട്ടികളെ ഏറെ ആകർഷിക്കുന്നത്. സ്വച്ഛ് ഭാരത് മിഷൻ അക്കാഡമിയുടെ ഭാഗമായ ഓൺലൈൻ കോഴ്സ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വേണ്ട സൗകര്യങ്ങളും ശുചിത്വ മിഷൻ സ്റ്റാളിലൂടെ നൽകി വരുന്നു. ഇതോടൊപ്പം സാനിറ്റേഷൻ ക്വിസ് മത്സരവും ഗെയിം ആൻഡ് എഡ്യൂക്കേഷൻ സോണിലൂടെ ജില്ലാ ശുചിത്വ മിഷൻ നടത്തിവരുന്നു. ജനറൽ സ്റ്റാൾ വിഭാഗത്തിൽ പൊതുസമൂഹത്തിൽ നിലനിൽക്കുന്ന മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുക ലക്ഷ്യമിട്ട് വിവിധ മോഡലുകളും പ്രോട്ടോ ടൈപ്പുകളും പ്രദർശനത്തിന് എത്തിച്ചിട്ടുണ്ട്.
സാനിറ്ററി നാപ്കിനുകളെ സംസ്കരിക്കുന്നതിന് വേണ്ടി സ്ഥാപിക്കുന്ന ഡബിൾ ചേംബേർഡ് ഇൻസിനറേറ്റർ, റിസർച്ച് ആൻഡ് ഡവലപ്പ്മെന്റ് വിഭാഗത്തിൽ സാനിറ്റേഷൻ സീറോ പ്രോജക്ട് പ്രോട്ടോ ടൈപ്പ്, ചിക്കൻ റെൻഡറിങ് പ്ലാന്റ് മാതൃക, ബയോഗ്യാസ് പ്ലാന്റ് മാതൃക, തുമ്പൂർമുഴി മോഡൽ, ബയോഡൈജസ്റ്റർ ബിൻ, വേസ്റ്റ് ടു ആർട്ട് ഇൻസ്റ്റാലേഷൻ വിഭാഗത്തിൽ പാഴ്വസുക്കൾ കൊണ്ട് നിർമിച്ച ആറന്മുള കണ്ണാടി മാതൃകയും പൊതു ജനത്തിന് കാണാനും അറിവ് നേടാനുമായി പത്തനംതിട്ട ശുചിത്വ മിഷൻ സ്റ്റാളുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്. കൂടാതെ. ജില്ലയിൽ ഗ്രീൻ പ്രോട്ടോകോൾ കർശനമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പൊതുജനങ്ങൾക്കിടയിൽ ബോധവൽക്കരണം വളർത്തുന്നതിന്റെ ഭാഗമായി ഗ്രീൻ പ്രോട്ടോകോൾ പോക്കറ്റ് കാർഡുകൾ ജില്ലാ ശുചിത്വ മിഷൻ സ്റ്റാളുകളിലൂടെ ലഭിക്കും. പ്രദർശന സ്റ്റാളുകളിൽ വിവര വിജ്ഞാന വ്യാപന (ഐഇസി) പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രണ്ട് തീമുകളാണ് ജില്ലാ മിഷൻ അവതരിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ഒരു വർഷത്തിനിടയ്ക്ക് പത്തനംതിട്ട ജില്ലാ ശുചിത്വ മിഷൻ നടപ്പാക്കിയ ഐഇസി പ്രവർത്തനങ്ങളെ ചിത്രങ്ങളോടുകൂടി വിവരിക്കുന്നതാണ് ഒന്നാമത്തെ തീം. രണ്ടാം തീം ജില്ലാ ശുചിത്വ മിഷൻ പത്ര താളുകളിലൂടെ എന്നതാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ പത്തനംതിട്ട ജില്ലാ ശുചിത്വ മിഷന്റെ മാധ്യമ ഇടപെടലുകളെയാണ് ഈ തീമിൽ സന്ദർശകർക്കായി അവതരിപ്പിക്കുന്നത്. പത്തനംതിട്ട ശബരിമല ഇടത്താവളത്തിൽ 2025 മെയ് 16 ന് തുടങ്ങിയ എന്റെ കേരളം പ്രദർശന വിപണന കലാമേള മെയ് 22 ന് അവസാനിക്കും. രാവിലെ 10.00 മണി മുതൽ രാത്രി 09.00 മണി വരെയാണ് മേളയിൽ പൊതുജനങ്ങൾക്കായി ഒരുക്കിയിരിക്കുന്ന സന്ദർശന സമയം. ചകിരിനാര്, രാമച്ഛം എന്നിവയടക്കമുളള പ്രകൃതിദത്ത നാരുകൾ ഉപയോഗിച്ചാണ് പത്തനംതിട്ട ജില്ലാ ശുചിത്വ മിഷൻ സ്റ്റാളുകളുടെ കമാനം തയ്യാറാക്കിയിരിക്കുന്നത്.