പത്തനംതിട്ട : പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തുന്ന ഡയാലിസിസ് രോഗികള്‍ക്ക് ദുരിതം. കൊവിഡ് ബാധിതര്‍ക്കായി ലിഫ്റ്റ് മാറ്റിവെച്ചതോടെ വീല്‍ചെയറിലും കിടപ്പിലുമായവര്‍ മുകള്‍നിലയിലെ ഡയലിസിസ് കേന്ദ്രത്തിലെത്താന്‍ ബുദ്ധിമുട്ടുകയാണ്.
ജനറല്‍ ആശുപത്രിയിലെ എ ബ്ലോക്കിലാണ് ഡയാലിസിസ് കേന്ദ്രം. ഇതിനോട് തൊട്ട് ചേര്‍ന്നുതന്നെ കൊവിഡ് ഐസൊലേഷന്‍ വാര്‍ഡും. രണ്ടിടത്തേക്കും കൂടി ഒരു ലിഫ്റ്റ് മാത്രമാണുള്ളത്. കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ലിഫ്റ്റ് കൊവിഡ് ബാധിതര്‍ക്കായി മാറ്റിവെച്ചു. നടക്കാന്‍ പോലും ആകാത്ത ഡയാലിസിസ് രോഗികളെ നാല് പേര്‍ ചേര്‍ന്നാണ് പടികയറ്റുന്നത്.
ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് പടികയറാനും ഭയമാണ്. കൂട്ടിനെത്തുന്നവര്‍ക്ക് പുറമെ ആഴ്ചയില്‍ മൂന്ന് ദിവസം വരെ ചുമന്ന് കയറ്റാനും കൂടി ആളുകളെ കണ്ടെത്തേണ്ട ഗതികേടിലാണിവര്‍. വിശാലമായ ബ്ലോക്കില്‍ രണ്ടാമതൊരു ലിഫ്റ്റിന് ആശുപത്രി വികസന സമിതിയില്‍ തീരുമാനം ആയെങ്കിലും നടപ്പിലാകാന്‍ കാലതാമസം എടുക്കും. താത്കാലികമായെങ്കിലും രോഗികളെ മുകള്‍ നിലയിലെത്തിക്കാന്‍ സംവിധാനം ഒരുക്കണമെന്നാണ് ഡയാലിസിസ് ചെയ്യുന്നവരുടെ ആവശ്യം.