പത്തനംതിട്ട : സമാനതകളില്ലാത്ത വികസനത്തിനാണ് കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ സംസ്ഥാനം സാക്ഷ്യം വഹിച്ചതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജില്ലയിലും സമാനമായ വികസനമാണ് ഇക്കാലയളവില്‍ നടന്നത്. 9 വര്‍ഷം മുന്‍പ് ആധുനിക രീതിയില്‍ ടാര്‍ ചെയ്ത ഒരു റോഡുപോലും പത്തനംതിട്ട നഗരത്തില്‍ ഇല്ലായിരുന്നു. ഇന്ന് അഞ്ച് നിയോജക മണ്ഡലങ്ങളിലും എല്ലാ റോഡുകളും കിഫ്ബി ഉള്‍പ്പെടെ വിവിധ പദ്ധതികളിലൂടെ ആധുനിക രീതിയില്‍ സഞ്ചാരയോഗ്യമാക്കി. അങ്ങനെ എല്ലാ രംഗത്തും പത്തനംതിട്ട ജില്ലയില്‍ വന്‍വികസനമാണ് നടന്നുകൊണ്ടിരിക്കുന്നത്. എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളും ഹൈടെക്ക് ആയി മാറുന്നു. പത്തനംതിട്ടയില്‍ കോന്നി മെഡിക്കല്‍ കോളജ് എന്ന സ്വപ്നം യാഥാര്‍ഥ്യമായി.
ജില്ലയിലെ എല്ലാ താലൂക്ക് ആശുപത്രികളിലും കോടിക്കണക്കിന് രൂപയുടെ വികസനമാണ് നടന്നതും നടന്നുകൊണ്ടിരിക്കുന്നത്. പുതിയ ടൂറിസം പദ്ധതികള്‍ വന്നു. വിവിധ ക്ഷേമ പദ്ധതികള്‍ വന്നു. 14 ജില്ലകളില്‍ ഇത്തരത്തിലുള്ള വികസനമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇലന്തൂര്‍ തൂക്കുപാലം പെട്രാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പത്തനംതിട്ട ജില്ലാതലയോഗത്തില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍, നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എംഎല്‍എമാരായ മാത്യു ടി തോമസ്, കെ.യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രാഹാം, ജില്ലാ കളക്ടര്‍ എസ്.പ്രേം കൃഷ്ണന്‍, ജില്ലാ ഇഫര്‍മേഷന്‍ ഓഫീസര്‍ സി ടി ജോണ്‍, ക്ഷണിക്കപ്പെട്ട അതിഥികള്‍, ജില്ലാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.