ഇളമണ്ണൂർ : പുനരുദ്ധാരണപ്രവർത്തനങ്ങൾ നടക്കുന്ന കലഞ്ഞൂർ മാങ്കോട് റോഡിലെ ചിതൽവെട്ടി പാലത്തിന്റെ നിർമ്മാണത്തിൽ അശാസ്ത്രീയതയെന്ന് പരാതി. പാത വികസനത്തിന്റെ ഭാഗമായി വളവിലുണ്ടായിരുന്ന പാലം നിലനിറുത്തി വീതി കൂട്ടാനായിരുന്നു അധികൃതരുടെ ശ്രമം.
കോടികൾ മുടക്കി പാത നവീകരണം നടത്തുന്നതിനാൽ വളവുകുറച്ച് പുതിയ പാലം നിർമ്മിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ഇത് ചെവിക്കൊള്ളാൻ അധികൃതർ തയാറായില്ല.വീതി കൂട്ടൽ പ്രവർത്തനത്തിനിടെ പഴയപാലം ഭാഗികമായി തകരുകയും ചെയ്തിരുന്നു. ഇതിനിടെ പ്ലാൻ തയ്യാറാക്കാതെ പുതിയ പാലം നിർമ്മിക്കാൻ പദ്ധതിയിട്ടെങ്കിലും അതും ഉപേക്ഷിച്ചു. തകർന്ന പാലത്തോട് കൂട്ടിച്ചേർക്കലുകൾ നടത്തിയാണ് വീതി കൂട്ടിയിരിക്കുന്നത്. ഇതോടെ പാലത്തിന്റെ ഘടനയും മാറി. മുൻപുണ്ടായിരുന്നതിനേക്കാൾ വളവിലാണ് ഇപ്പോൾ പാലം. ബീമുകളുടെ നിർമ്മാണവും, അലൈൻമെന്റുകളും തമ്മിൽ ചേർച്ചയില്ലെന്നും ഇത് അപകടത്തിന് കാരണമാകുമെന്നും ആക്ഷേപമുണ്ട്.