കോന്നി: ദക്ഷിണേന്ത്യയിലെ മികച്ച മൈക്രോ ലബോറട്ടറിയായ കോന്നി ഭക്ഷ്യ ഗവേഷണ കേന്ദ്രത്തിലെ ഡയറക്ടർ തസ്തികയിൽ അഞ്ചുമാസത്തിലേറെയായി ആളില്ല. സംസ്ഥാനത്തു ഭക്ഷ്യഗുണനിലവാര പരിശോധയ്ക്കുള്ള പ്രധാന ലാബോറട്ടറിയിലേക്ക് ഡയറക്ടറെ നിയമിക്കുന്നതിൽ സർക്കാർ ഭാഗത്ത് അനാസ്ഥ ഉള്ളതായി ആക്ഷേപം. സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന്റെ കീഴിലാണ് ലാബോറട്ടറി . ഡയറക്ടർ നിയമനവുമായി ബന്ധപ്പെട്ട് സപ്ലൈകോ അപേക്ഷ ക്ഷണിക്കാറുണ്ടെങ്കിലും നിയമനം നടത്തുന്നില്ല.
സിവിൽ സപ്ലൈസ് കോർപ്പറേഷൻ വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാര പരിശോധനയാണ് പ്രധാനമായും ലാബിൽ നടക്കുന്നത്. ഓണക്കിറ്റിൽ വിതരണത്തിനെത്തിച്ച പർപ്പടകത്തിന്റെയും ശർക്കരയുടെയും ഗുണനിലവാരം ഇല്ലാത്തത് കണ്ടെത്തിയത് കോന്നി ലാബിലാണ് . ഫുഡ് ടെക്നോളജിയിലോ അനുബന്ധ വിഷയത്തിലോ ഡോക്ടറേറ്റ് ഉള്ള 50 വയസിൽ കവിയാത്തവരെയാണ് നിയമിക്കേണ്ടത്. തത്തുല്യ യോഗ്യതയുള്ള ആരും അഞ്ചുതവണ അപേക്ഷ ക്ഷണിച്ചപ്പോഴും ഉണ്ടായില്ലെന്ന് അധികൃതർ പറയുന്നു. ലഭിച്ച അപേക്ഷകളിലെ ഉന്നത യോഗ്യതയുള്ളവരെ ഉത്തരവ് പുതുക്കി നിയമിക്കേണ്ടിവരും.
മൈക്രോ ലബോറട്ടറിക്ക് പുറമെ ഫുഡ് ടെക്നോളജി കോളജ്, ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി സെന്റർ എന്നിയും സിഎഫ്ആർഡി കോന്നി കാമ്പസിൽ പ്രവർത്തിക്കുന്നുണ്ട്. എംബിഎ കോളജും ഉടൻ തുടങ്ങും. മൂവാറ്റുപുഴ ഫല വർഗ സംസ്കരണ കേന്ദ്രത്തിന്റെ മേൽനോട്ടവും കോന്നി കേന്ദ്രത്തിനാണ്. കോളജ് പ്രിൻസിപ്പലാണ് ഇപ്പോൾ ഡയറക്ടറുടെ ചുമതല വഹിക്കുന്നത്.