കോന്നി : കോന്നിയിൽ കൊവിഡ് 19 സമ്പർക്ക വ്യാപന ഭീതി വർധിക്കുന്നു. കൊവിഡ് വ്യാപനത്തിൻ്റെ തുടക്ക സമയങ്ങളിൽ ജനങ്ങൾ വലിയ ജാഗ്രത പുലർത്തിയിരുന്നെങ്കിലും ദിവസങ്ങൾ മുന്നോട്ട് പോകുന്തോറും ജനങ്ങളിൽ ജാഗ്രത കുറയുന്നതായാണ് കാണുന്നത്.
മലയോര മേഖലകളിൽ പഞ്ചായത്തുകൾ പൂർണ്ണമായും ചില വാർഡുകളും കണ്ടെയ്മെൻ്റ് സോണുകളുടെ പട്ടികയിൽ വന്നിട്ടുണ്ട്. ഒരിക്കൽ കണ്ടെയ്മെൻ്റ് സോണാക്കിയ സ്ഥലങ്ങൾ സമ്പർക്ക വ്യാപനത്തോത് ഉയർന്നതിനെ തുടർന്ന് വീണ്ടും കണ്ടെയ്മെൻ്റ് സോണാക്കേണ്ടി വന്നു. തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ എലിമുള്ളുംപ്ലാക്കൽ,തേക്കുതോട് പ്രദേശങ്ങളും ഒന്നിൽ കൂടുതൽ തവണ കണ്ടെയ്മെൻ്റ് സോണാക്കി.
മലയോര മേഖലകളിലെ ഉൾപ്രദേശങ്ങളിൽ പരിശോധന കർശനമല്ലാത്തതിനാൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരും അധികമാണ്. ഇതിൽ കൊച്ചുകുട്ടികളും പ്രായമായവരും ഉൾപ്പെടുന്നുണ്ട്. കൊക്കാത്തോട്ടിലും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചു.കൊവിഡ് രോഗികളുമായുള്ള സമ്പർക്ക പട്ടികയിൽ ഉള്ളവരും നിരവധിയാണ്. തണ്ണിത്തോട് പഞ്ചായത്തിൽ മത്സ്യ വ്യാപാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നിരവധി പേർ നിരീക്ഷണത്തിൽ പോകേണ്ടി വരുകയും പഞ്ചായത്ത് കണ്ടെയ്മെൻ്റ് സോണാക്കി മാറ്റുകയും ചെയ്തിരുന്നു. കോന്നി നഗരത്തിലും തിരക്ക് വർധിച്ചിട്ടുണ്ട് .
രാവിലെ മുതൽ നഗരത്തിൽ നീണ്ട് നിൽക്കുന്ന തിരക്ക് വൈകുന്നേരം വരെയും നീണ്ട് നിൽക്കുന്നുണ്ട്. വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും മറ്റ് കച്ചവട സ്ഥാപനങ്ങളിലും തിരക്കിന് കുറവില്ല. ഉപയോഗിച്ച മാസ്കുകൾ പൊതു നിരത്തുകളിൽ വലിച്ചെറിയുന്ന സംഭവങ്ങളും അനവധിയാണ്. ഇത്തരത്തിൽ മാസ്ക് വലിച്ചെറിയുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതും അപൂർവ്വമാണ്.
പ്രമാടം, കോന്നി, തണ്ണിത്തോട്, മലയാലപ്പുഴ, ചിറ്റാർ, സീതത്തോട്, വള്ളിക്കോട് മൈലപ്ര, ഏനാദിമംഗലം തുടങ്ങി കോന്നി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും സമ്പർക്ക വ്യാപന തോത് ഉയർന്നതിനെ തുടർന്ന് കണ്ടെയ്മെൻ്റ് സോണുകൾ പ്രഖ്യാപിച്ചിരുന്നു.