കോന്നി : കോന്നി അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡായ ഊട്ടുപ്പാറയിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയായ രേഷ്മ മറിയം റോയി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചപ്പോൾ മുതൽ ദേശീയ മാധ്യമങ്ങളിലടക്കം രേഷ്മയുടെ സ്ഥാനാർത്ഥിത്വം വലിയ വാർത്തയായിരുന്നു. നാമനിർദ്ദേശ പത്രിക സ്വീകരിക്കുന്ന അവസാന ദിവസമായ വ്യാഴാഴ്ചയാണ് ODY രേഷ്മ പത്രിക സമർപ്പിച്ചത്. ബുധനാഴ്ച്ചയായിരുന്നു രേഷ്മയ്ക്ക് 21 വയസ് തികഞ്ഞത്. 21 വയസ്സും 1 ദിവസവും മാത്രമുള്ള തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയാണ് രേഷ്മ മറിയം റോയി.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു കഴിഞ്ഞതോടെ രേഷ്‌മ മറിയം റോയി കന്നിയങ്കത്തിന് തയ്യാറെടുത്തു കഴിഞ്ഞു. എസ് എഫ് ഐ വി എൻ എസ് കോളേജ് യൂണിറ്റ് ഭാരവാഹിയായിട്ടാണ് രേഷ്മ പൊതുരംഗത്തേക്ക് എത്തിയത്. എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിയംഗവും സി പി ഐ എം ഊട്ടുപ്പാറ ബ്രാഞ്ചംഗവുമായ രേഷ്‌മയെ അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് 11-ാം വാര്‍ഡില്‍ മത്സരിപ്പിക്കാന്‍ സി.പി.എമ്മിന് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല.
നാമനിര്‍ദേശ പ്രതിക സമര്‍പ്പിക്കാന്‍ വ്യാഴാഴ്ച വരെ കാത്തിരിക്കേണ്ടി വരുമെന്ന് അറിയാമെങ്കിലും കഴിഞ്ഞ ഒരാഴ്‌ചയിലേറെയായി രേഷ്‌മ സജീവമായി തെരഞ്ഞെടുപ്പ് ഗോദയിലാണ്. യു.ഡി.എഫ്. തട്ടകമായ വാര്‍ഡ് തിരികെ പിടിക്കുകയെന്ന ദൗത്യമാണ് പാര്‍ട്ടി രേഷ്‌മയെ ഏല്‌പിച്ചിട്ടുള്ളത്. കഴിഞ്ഞ പാര്‍ലമെന്റ്, നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ കോന്നി, പത്തനംതിട്ട മണ്ഡലങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന രേഷ്‌മ കലാലയ രാഷ്ര്‌ടീയത്തിലും സജീവമായിരുന്നു.
കലാലയ രാഷ്ട്രീയ അനുഭവങ്ങള്‍ തന്റെ കന്നിയങ്കത്തിന് ഏറെ തുണയാകുമെന്ന് രേഷ്‌മ വിശ്വസിക്കുന്നു. ലോക്ക്‌ഡൗണ്‍ കാലത്ത് കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ. രൂപീകരിച്ച കൈതാങ്ങ് പദ്ധതിയുടെ പ്രധാന വോളന്റയറായിരുന്നു. ഊട്ടുപാറ തുണ്ടിയാംകുളത്ത് റോയി ടി മാത്യുവിന്റെയും മിനി റോയിയുടെയും ഇളയ മകളാണ് രേഷ്‌മ. റോബിന്‍ മാത്യു റോയി ഏക സഹോദരൻ.