കോന്നി : വൈവിധ്യമായ കൃഷി രീതികളുമായി മുന്നോട്ട് പോവുകയാണ് പ്ലാൻ്റേഷൻ കോർപ്പറേഷൻ. പ്രധാനമായും റബ്ബറിനെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോയിരുന്ന പ്ലാൻ്റേഷൻ കോർപ്പറേഷൻ റബ്ബർ വില തകർച്ച മറികടന്ന് വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വൈവിധ്യമായ കൃഷി രീതികളുമായി മുന്നോട്ട് പോകുന്നത്.
ഇതിൻ്റെ ഭാഗമായി തണ്ണിത്തോട് എസ്റ്റേറ്റ് ഓഫീസ് പരിസരത്ത് നാല് വർഷം മുൻപ് അഞ്ഞൂറ് കറുവപ്പട്ട തൈകൾ നട്ടുപിടിപ്പിച്ചിരുന്നു. ഇത് ഇപ്പോൾ വിളവെടുപ്പിന് പാകമായി. കറുവപ്പട്ടയോടൊപ്പം തരിശുനിലങ്ങളിൽ കവുങ്ങ്, തെങ്ങ് ഫാഷൻ ഫ്രൂട്ട് തൈകൾ എന്നിവയും നട്ട് പിടിപ്പിക്കും. കല്ലാറിൻ്റെ തീരത്തോട് ചേർന്ന് മുൻപ് റബ്ബർ ബഡ് വുഡ് നഴ്സറിയുണ്ടായിരുന്ന ഭാഗത്തെ രണ്ട് ഹെക്ടറിൽ 2500 കറുവപ്പട്ട തൈകളും മംഗള ഇനത്തിൽ പെട്ട കമുകിൻതൈകളും തെങ്ങിൻ തൈകളും വച്ചുപിടിപ്പിക്കും.
ഇതിനായി ചീമേനി എസ്‌റ്റേറ്റിലെ നാടുകാണിയിൽ നിന്ന് കറുവപ്പട്ട തൈകൾ എത്തിച്ചിട്ടുണ്ട്. പഴയ റബ്ബർ ബഡ് വുഡ് വൃത്തിയാക്കുന്ന ജോലികൾക്ക് തുടക്കമായിട്ടുണ്ട്. പഴയ റബ്ബർ തൈ നഴ്സറിയുടെ ഒരു ഹെക്ടർ തരിശ് സ്ഥലത്ത് പാഷൻഫ്രൂട്ട് തൈകൾ നടുന്നതിനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു. കറികൾക്ക് സ്വാദ് കൂട്ടാനായി ഉപയോയഗിക്കുന്ന പ്രധാന മസാലകൂട്ടുകളിലെ ചേരുവകളിലൊന്നായ കറുവപ്പട്ടയ്ക്ക് വിപണന സാധ്യത ഏറെയാണ്. കറുവപ്പട്ടയ്ക്ക് പകരം വിദേശ രാജ്യങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി ചെയ്ത് വിറ്റഴിക്കപെടുന്ന കാസിയ എന്ന വസ്തു ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും അധികൃതർ പറഞ്ഞു.