കോന്നി: ടൗണ്‍ പ്രദേശത്തെ വിവിധ ഇടങ്ങളിലെ മാലിന്യക്കൂമ്പാരം നാട്ടുകാര്‍ക്ക് ദുരിതമാകുന്നു. ചന്ത മൈതാനിയിലെ ടാക്‌സി സ്‌റ്റാന്‍ഡിനുള്ളില്‍, ചൈനാ ജങ്‌ഷനു സമീപം, മുസ്ലിം പള്ളി റോഡിലെ ഇരുവശം, പ്രൈവറ്റ് ബസ് സ്‌റ്റാന്‍ഡിനു എതിര്‍വശം, പോസ്‌റ്റാഫീസ് റോഡില്‍ മാവേലി സ്‌റ്റോറിനു എതിര്‍ഭാഗത്തെ തോടും പരിസര പ്രദേശവും, എലിയറയ്‌ക്കല്‍ കാളഞ്ചിറ റോഡിലെ തോട് എന്നിങ്ങനെ നിരവധി സ്‌ഥലങ്ങളിലാണ് രാത്രികളില്‍ മാലിന്യം തള്ളുന്നത്. മാലിന്യനീക്കം നടക്കാത്തതിനാല്‍ വ്യാപാരികളും ബുദ്ധിമുട്ടിലാണ്. കോന്നി ഗ്രാമപഞ്ചായത് അധികൃതര്‍ എത്രയുംവേഗം ഇക്കാര്യത്തില്‍ ഇടപെടണമെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കോന്നി യൂണിറ്റ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
നാട്ടുകാര്‍ക്കും വ്യാപാരികള്‍ക്കും ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. റോഡു വശങ്ങളിലെ ചപ്പുചവറുകളും മാലിന്യങ്ങളും നീക്കം ചെയ്യാന്‍ ഗ്രാമപഞ്ചായത്ത് ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഇവര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. സംസ്‌കരണത്തിന് വേണ്ട സംവിധാനങ്ങള്‍ ഇല്ലാത്തതാണ് പ്രധാനമായും മാലിന്യം വഴിയരുകില്‍ കൊണ്ടിടാന്‍ കാരണം.
നാരായണപുരം ചന്തയിലെ ബയോഗ്യാസ് പ്ലാന്റും മാലിന്യ സംസ്‌കരണ സംവിധാനവും പ്രവര്‍ത്തന രഹിതമാണ്. ഇവിടെ അലക്ഷ്യമായി മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് രൂക്ഷമായ ദുര്‍ഗന്ധത്തിന് കാരണമായിട്ടുണ്ട്. ടൗണ്‍ പ്രദേശത്തെ മാലിന്യക്കൂമ്പാരം നീക്കം ചെയ്യാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് വ്യാപാരികളും നാട്ടുകാരും ഒന്നിച്ചാവശ്യപ്പെടുന്നു.