പത്തനംതിട്ട : പത്തനംതിട്ടയിൽ ഉറവിടമറിയാത്ത കോവിഡ് വ്യാപനം ഉണ്ടായതോടെ അതീവ ജാഗ്രതയിലാണ് ജില്ലാ ഭരണകൂടം. പത്തനംതിട്ട, തിരുവല്ല, പന്തളം എന്നിവിടങ്ങളിലെ ചില പ്രദേശങ്ങൾ കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇത് സംബന്ധിച്ച് ജില്ലാ കളക്ടറുടെ ഉത്തരവ് ഇന്നുണ്ടാകും. ഇതോടൊപ്പം പത്തനംതിട്ട നഗരത്തില്‍ കര്‍ശന നിയന്ത്രണങ്ങളും ഉണ്ടാകുമെന്നാണ് സൂചന ലഭിക്കുന്നത്.
പത്തനംതിട്ട നഗരത്തിൽ രോഗബാധിതനായത് പ്രധാന റോഡില്‍ ബേക്കറി നടത്തുന്ന ആളിന്റെ മകനാണ്. ഇദ്ദേഹം മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രധാന നേതാവാണ്. പൊതുജനങ്ങൾക്കിടയിൽ നടത്തിയ റാൻഡം പരിശോധനയിലാണ് വിദ്യാർഥി നേതാവിനു രോഗം കണ്ടെത്തിയത്. നഗരത്തില്‍ സജീവമായിട്ടുള്ള ഈ യുവാവ് പാര്‍ട്ടിയുടെയും യു.ഡി.എഫിന്റെയും മിക്ക പരിപാടിയിലും പങ്കെടുക്കാറുണ്ട്. രോഗം ഉണ്ടെന്നറിയാതെ കഴിഞ്ഞ ദിവസം നടന്ന പരിപാടികളിലൊക്കെ ഇദ്ദേഹം പങ്കെടുത്തിരുന്നു. യുഡിഎഫിന്റെ സമര പരിപാടികളിലും പൊതു പരിപാടികളിലും എസ്എസ്എൽസി വിദ്യാർഥികളെ അനുമോദിക്കുന്ന പരിപാടികളിലും പങ്കെടുത്തതു കൂടാതെ കഴിഞ്ഞ ദിവസം നടന്ന പരിപാടിയുടെ വാര്‍ത്തയുമായി പത്തനംതിട്ടയിലെ മിക്ക പത്ര – മാധ്യമങ്ങളുടെ ഓഫീസുകളിലും ഇദ്ദേഹം ചെന്നിട്ടുണ്ട്. നഗരത്തിലെ സ്ഥിരം സാന്നിധ്യമായ ഈ വിദ്യാർഥി നേതാവിന്റെ സമ്പര്‍ക്ക പട്ടിക അതി വിപുലമാണ്. ഇക്കാരണത്താല്‍ പത്തനംതിട്ട നഗരസഭ പൂർണമായും കണ്ടെയ്ൻമെന്റ് സോൺ ആക്കണമെന്നാണ് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടത്.
എന്നാൽ നിലവിലെ സാഹചര്യത്തില്‍ നഗരസഭ പൂര്‍ണ്ണമായി അടച്ചിടാന്‍ സാധ്യമല്ലാത്തതിനാൽ പത്തനംതിട്ട നഗരസഭയിലെ വാര്‍ഡ് 13 കുലശേഖരപതി (കൌണ്‍സിലര്‍ – അന്‍സാര്‍ മുഹമ്മദ് ), വാര്‍ഡ് 21 കുമ്പഴ വെസ്റ്റ് (കൌണ്‍സിലര്‍ – അമീന ഹൈദരാലി), വാര്‍ഡ് 22 ചുട്ടിപ്പാറ ഈസ്റ്റ് ( കൌണ്‍സിലര്‍ – എ.സഗീര്‍, വൈസ് ചെയര്‍മാന്‍), വാര്‍ഡ് 23 ചുട്ടിപ്പാറ ( കൌണ്‍സിലര്‍ – റജീന ഷെരീഫ്) എന്നീ വാര്‍ഡുകളാണ് കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിക്കുന്നത്.
പച്ചക്കറിയുമായി കമ്പത്ത് നിന്ന് തിരുവല്ലയിൽ എത്തിയ തമിഴ് നാട് സ്വദേശിയായ ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചതോടെ തിരുവല്ല മുനസിപ്പാലിറ്റിയിലെ 28 , 33 വാർഡുകൾ കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിക്കും. തിരുവല്ല മാര്‍ക്കറ്റും മണിപ്പുഴയിലെ വഴിയോര കച്ചവട സ്ഥാപനങ്ങളും ഇന്നലെ അടപ്പിച്ചു.
ആലുപ്പുഴ – പത്തനംതിട്ട അതിർത്തിയായ പുന്തലയിലെ മത്സ്യവ്യാപാരിക്കു രോഗം കണ്ടെത്തിയതും ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. പുന്തല പ്രദേശം ഉൾപ്പെടെ കണ്ടെയ്ൻമെന്റ് സോണാക്കിയിട്ടുണ്ട്. കുളനട പഞ്ചായത്തിലെ വാർഡ് 14 ആണ് കണ്ടയിൻമെന്റ് സോണാക്കി പ്രഖ്യാപിക്കുന്നത് . രോഗം സ്ഥിരീകരിച്ചയാൾക്ക് കുളനടയിൽ വിപുലമായ സമ്പർക്ക പട്ടികയുണ്ട്. ഇതുവരെ 18 പേരുമായി നേരിട്ട് സമ്പർക്കമുണ്ടായിരുന്നതായി കണ്ടെത്തി. എല്ലാവരോടും ക്വാറന്റീനിൽ പ്രവേശിക്കാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. ഇതു കൂടാതെ ഇവരുടെ സ്രവ പരിശോധനയും ഉടൻ നടത്താനുള്ള നടപടികളാണ് ആരോഗ്യ വകുപ്പ് സ്വികരിച്ചിരിക്കുന്നത്.
മാന്തുക, ഞെട്ടൂർ വാർഡുകളിൽ നിന്നുള്ളവരെ പഞ്ചായത്ത് ഓഫിസിൽ ഏതാനും ദിവസത്തേക്ക് പ്രവേശിപ്പിക്കേണ്ടെന്നു തീരുമാനിച്ചു. കഴിഞ്ഞ 25നും 27നും രോഗം സ്ഥിരീകരിച്ച വ്യക്തി കുളനടയിലെ സഹകരണ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയിരുന്നു. സുരക്ഷാ നടപടികളുടെ ഭാഗമായി ആശുപത്രിയുടെ പ്രവർത്തനം നിർത്തി. രോഗബാധിതൻ എത്തിയ മാന്തുകയിലെ ബാർബർ ഷോപ്പും അടച്ചു. സമൂഹ വ്യാപനത്തിന്റെ കനത്ത ആശങ്കയിലാണ് ജില്ലയിലെ ജനങ്ങള്‍.