കോഴഞ്ചേരി: കോഴഞ്ചേരിയിലെ പബ്ലിക് മാർക്കറ്റിൽ നിന്നും പച്ചക്കറി മൊത്തവ്യാപാരികൾ പടിയിറങ്ങി. ഇതോടെ ചെറുകിട വ്യാപാരികളും ചുമട്ടു തൊഴിലാളികൾ അടക്കമുള്ളവരും പ്രതിസന്ധിയിലായി. കോഴഞ്ചേരിയിലെ പുതിയ പാലം വരുന്നതോടെ സമാന്തരപാതയ്ക്കുവേണ്ടി ചന്തയിൽ നിന്നു വ്യാപാരികളെ ഒഴിപ്പിക്കാൻ നീക്കമുണ്ടായിരുന്നു. ഇതോടൊപ്പം കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ചന്ത പലദിവസങ്ങളിലും അടച്ചിടേണ്ടിയും വന്നു.
പച്ചക്കറി ലോറികളിൽ നിന്നും ലോഡ് ഇറക്കുന്നതിന് നിലവിൽ വാങ്ങിയിരുന്ന കൂലിയെക്കാൾ കൂടുതൽ ആവശ്യപ്പെടുന്നതും മാർക്കറ്റ് ഉപേക്ഷിക്കുവാൻ കാരണമായെന്നാണ് മൊത്തവ്യാപാരികൾ പറയുന്നത്. എന്നാൽ തിരുവല്ല – കുമ്പഴ സംസ്ഥാന പാതയിൽ പുല്ലാട് ജംഗ്ഷനു സമീപം കോയിപ്രം ഗ്രാമപഞ്ചായത്ത് നിർമിച്ച ആധുനിക മാർക്കറ്റാണ് മൊത്തവ്യാപാരികളുടെ പുതിയ താവളം. ഇവിടെ ഒരുക്കിയിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങളും മറ്റൊരു കാരണമാകുന്നു.
കോഴഞ്ചേരിയിലെ ചുമട്ടുതൊഴിലാളികൾ വാങ്ങുന്ന അമിതകൂലി മാർക്കറ്റ് ഉപേക്ഷിക്കാൻ കാരണമായി വ്യാപാരികൾ പറയുമ്പോൾ ഇതു ശരിയല്ലെന്നാണ് തൊഴിലാളി സംഘടനകൾ പറയുന്നത്. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിൽ തൊഴിൽ വകുപ്പിന്റെ കീഴിലുള്ള തൊഴിലാളി ക്ഷേമനിധി ബോർഡ് നിശ്ചയിക്കുന്ന കൂലിയിനത്തിൽ നിന്നും ഒരു പൈസ പോലും അധികത്തിൽ വാങ്ങാൻ തൊഴിലാളികൾക്ക് കഴിയുകയില്ലെന്നും ബിഎംഎസിന്റെ മേഖലാ സെക്രട്ടറി കെ.കെ. അരവിന്ദാക്ഷൻ പറഞ്ഞു.
ഓരോ രണ്ടുവർഷം കൂടുമ്പോഴും ചന്തയിലെ മൊത്തക്കച്ചവടക്കാരുമായും പലചരക്കു വ്യാപാരികളുമായും സർക്കാരിന്റെ നിയമത്തിന്റെ അടിസ്ഥാനത്തിൽ കയറ്റിയിറക്കു തൊഴിലാളികൾ ധാരണാപത്രത്തിൽ ഒപ്പു വെയ്ക്കുന്നുണ്ട്. അതിനു വിപരീതമായി അമിത കൂലി ചോദിച്ചാൽ ക്ഷേമനിധി ബോർഡിലെ അംഗത്വം നഷ്ടപ്പെടുകയും സർക്കാർ കേസെടുക്കുകയും ചെയ്യും. ഈ നിയമം നിലനില്ക്കുമ്പോൾ മൊത്തവ്യാപാരികൾ പറയുന്ന കാരണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ബിഎംഎസ് നേതാവ് പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ പുതിയ കർഷക ബില്ലിന്റെ അടിസ്ഥാനത്തിൽ മൊത്തക്കച്ചവടക്കാർ വാഹനങ്ങളിലും പച്ചക്കറി കച്ചവടം വ്യാപകമാക്കുകയാണ്. ടികെ റോഡിൽ തോട്ടപ്പുഴശ്ശേരി വില്ലേജ് ഓഫീസ് മുതൽ നെടുംപ്രയാർ ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിൽ റോഡിന്റെ ഇരുവശങ്ങളിലും കടകൾ വാടകയ്ക്കെടുത്തും മൊത്തവ്യാപാരികൾ പച്ചക്കറി വില്പനആരംഭിച്ചിരിക്കുകയാണ്. മധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ മാർക്കറ്റായ കോഴഞ്ചേരിയിൽ നിന്നും മൊത്ത വ്യപാരികൾ പിന്മാറുന്നതിനാൽ ഇവിടുത്തെ ചെറുകിട-നാമമാത്ര കർഷകർക്ക് അവരുടെ കൃഷിഭൂമിയിൽ ഉത്പാദിപ്പിക്കുന്ന നാടൻ വിഭവങ്ങളുടെ വിപണിയും ഇതോടെ നഷ്ടമാകുകയാണ്. ക്ഷീരകർഷകരുടെ പാൽ, തൈര് വില്പനയും കോഴി, താറാവ് കർഷകരുടെ മുട്ടവ്യാപാരവും നിശ്ചലമായിരിക്കുകയാണ്. മൊത്തവ്യാപാരം നിലച്ചതോടെ മാർക്കറ്റിലെ ചെറുകിട വ്യാപാരമേഖലയും പരുങ്ങലിലായി.