പത്തനംതിട്ട : കെ.എസ്.ആര്‍.ടി.സി. സമുച്ചയത്തില്‍ കടമുറികള്‍ ലേലം കൊണ്ടവര്‍ കെണിയില്‍. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് അടക്കം ലഭിക്കാത്ത കെട്ടിടത്തില്‍ കടമുറി ലേലത്തിനെടുത്തവര്‍ ഏഴു വര്‍ഷമായി നട്ടം തിരിയുകയാണ്. ലേലം കൊണ്ടവര്‍ക്ക് കടമുറികള്‍ കൈമാറാത്തത് നഗരസഭയുടെ ഒക്യുപ്പെന്‍സി സര്‍ട്ടിഫിക്കറ്റും അഗ്നിരക്ഷാസേനയുടെ നിരാക്ഷേപപത്രവും ലഭിക്കാത്തതിനാലാണ്. പുതിയ കെട്ടിടത്തില്‍ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ നിര്‍മാണത്തില്‍ നിരവധി പോരായ്‌മകളുണ്ടെന്ന് കണ്ടെത്തി. ഇതു കാരണം അഗ്നിരക്ഷാസേന അനുമതി നല്‍കിയിട്ടില്ല. നഗരസഭ കെട്ടിട നമ്പര്‍ നല്‍കാനും തയാറല്ല. സ്വരുക്കൂട്ടിയ സമ്പാദ്യം ഉപയോഗിച്ചും പലിശയ്‌ക്ക് പണമെടുത്തുമാണ് എല്ലാവരും കടമുറി ലേത്തില്‍ പിടിച്ചത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കിയ സര്‍ട്ടിഫിക്കറ്റിന്റെ മൂന്നു വര്‍ഷ കാലാവധിയും പൂര്‍ത്തിയായി. 2017-ലാണ് താഴത്തെ നിലയിലുള്ള 18 കടമുറികള്‍ 13 പേര്‍ക്കായി ലേലത്തില്‍ നല്‍കിയത്. അന്ന് കെട്ടിടം പണി പുരോഗമിക്കുകയായിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ കടകള്‍ പൂര്‍ത്തിയാക്കി നല്‍കുമെന്നായിരുന്നു വാഗ്ദാനം. കച്ചവടക്കാരില്‍ നിന്ന് 2.63 കോടി രൂപയോളം ലേലത്തുകയായി കെ.എസ്.ആര്‍.ടി.സി.വാങ്ങി. നല്ലൊരു ശതമാനവും ഇവരെല്ലാവരും ആദ്യ ഗഡുവില്‍ നല്‍കുകയും ചെയ്‌തു. എന്നാല്‍ കെട്ടിടം പണി നീണ്ടു പോയി.
2021- ല്‍ കെ.എസ്.ആര്‍.ടി.സി. പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും നിര്‍മാണത്തിലെ വീഴ്‌ച കാരണം കടമുറികള്‍ തുറക്കാന്‍ സാധിച്ചില്ല. കടമുറി ലേലത്തിനെടുത്തവര്‍ വര്‍ഷങ്ങളായി പല ഓഫീസുകളും കയറിയിറങ്ങിയിട്ടും തുടര്‍ നടപടിയുണ്ടായില്ല. സ്‌ഥലം എം.എല്‍.എ. കൂടിയായ മന്ത്രി വീണാ ജോര്‍ജ്, ഗതാഗതമന്ത്രി, എം.ഡി, കലക്‌ടര്‍ എന്നിവര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ലേലത്തിനെടുത്ത കടമുറികള്‍ തുറക്കാന്‍ അനുമതി കിട്ടിയില്ലെങ്കില്‍ മുടക്കിയ പണം തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതിനും മറുപടിയില്ല. കടമുറി വേണ്ടെന്നു വെയ്‌ക്കുമ്പോഴും കൊടുത്ത തുകയില്‍ നിന്ന് 25 ശതമാനം പിടിച്ച ശേഷമാണ് കെ.എസ്.ആര്‍.ടി.സി. പണം തിരിച്ചു നല്‍കുക.