പത്തനംതിട്ട: ചൂടേറിയ ചർച്ചകൾക്ക് ഒടുവിൽ ജില്ലാ പഞ്ചായത്തിലേക്കുള്ള സ്‌ഥാനാര്‍ഥികളെ കോണ്‍ഗ്രസ് കണ്ടെത്തിയെങ്കിലും ബ്ലോക്ക് -ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ കോൺഗ്രസിനുള്ളിൽ സീറ്റിനായുള്ള മുറവിളികൾക്കും ഭീഷണികൾക്കും യാതൊരു കുറവും വന്നിട്ടില്ല. പാട്ടും പാടി ജയിച്ചു വരാം എന്നുറപ്പുള്ള സീറ്റുകളിലാണ് പോര്‍വിളികൾ ഉയരുന്നത്. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും നഗരസഭകളിലും ബ്ലോക്ക് പഞ്ചായത്തുകളിലേക്കും സീറ്റിനായിട്ട് രൂക്ഷമായ തര്‍ക്കമാണ് ഉണ്ടായിരിക്കുന്നത്.
ജില്ലയിലെ ചില പഞ്ചായത്തുകളിൽ ഘടകകക്ഷികളുമായിട്ടുള്ള സീറ്റ് വിഭജന ചർച്ചകളും നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഒരു ദിവസം മാത്രമുള്ളപ്പോഴും പരിഹരിക്കാന്‍ കഴിയാതെ നീണ്ടുപോകുകയാണ്. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായിട്ടാണ് പലയിടത്തും തര്‍ക്കങ്ങൾ നടക്കുന്നത്. പത്രിക സമർപ്പണം അവസാനിക്കുന്ന ദിവസവും ഇത്തരം തര്‍ക്കങ്ങള്‍ തുടരുമെന്നാണ് കോൺഗ്രസ് നേതാക്കൾ തന്നെ വ്യക്തമാക്കുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താൻ സാധിച്ചില്ല എങ്കിൽ പല സീറ്റുകളിലു റിബൽ സ്ഥാനാർത്ഥികളും ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന സൂചനകൾ.
ജനപ്രതിനിധികളായി വർഷങ്ങളായി തുടരുന്ന നേതാക്കളൊന്നും പുതു തലമുറയ്ക്കായി വഴിമാറികൊടുക്കാൻ തയ്യാറാകാത്തതും. വിജയം ഉറപ്പ് എന്ന പറയപ്പെടുന്ന സീറ്റുകളില്‍ മത്സരിക്കാൻ നേതാക്കള്‍ സ്ഥാനാർത്ഥി കുപ്പായം തുന്നിയെത്തിയതുമാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. ജില്ല ചില പഞ്ചായത്ത് വാര്‍ഡുകളില്‍ വാര്‍ഡ് കമ്മിറ്റികള്‍ തീരുമാനിച്ച സ്‌ഥാനാര്‍ഥികള്‍ പോലും അവസാന നിമിഷം പുറത്തായി. ചില നേതാക്കളുടെ തൽപരകക്ഷികൾക്ക് അതിനു പകരം സീറ്റുകൾ നൽകിയതാണ് പാർട്ടിക്കുള്ളിൽ തന്നെ പരസ്പരം ചെളി വാരിയെറിയുന്നതിനും കാരണമായിരിക്കുന്നത്.
ഇത്തവണ റിബലുകളുടെ ഭീഷണിയാണ് യു.ഡി.എഫിനെ പ്രതി സന്ധിയിലാക്കിയിരിക്കുന്നത്. സീറ്റ് മോഹിച്ച് മറ്റുപാര്‍ട്ടികളിൽ നിന്ന് മാറി എത്തിയവരേയും നേതാക്കൾ കയ്യൊഴിഞ്ഞു കളഞ്ഞു. ഇത്തരത്തിലുള്ള ആളുകൾ റിബലായി പത്രിക സമർപ്പിക്കാനാണ് തയാറെടുക്കുന്നത്. പത്തനംതിട്ട നഗരസഭയിലാണ് ഇതു പോലെയുള്ള തര്‍ക്കങ്ങള്‍ ഏറെയും രൂപപ്പെട്ടിരിക്കുന്നത്.