പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രാദേശികവിഷയങ്ങള്‍ ചര്‍ച്ചയാക്കി മുന്നണികള്‍. പ്രാദേശികമായ പ്രശ്നങ്ങളും സ്ഥാനാര്‍ഥികളുടെ മികവും ദേശീയ, സംസ്ഥാന രാഷ്ട്രീയങ്ങളേക്കാള് തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ പ്രയോജനപ്പെടുമെന്ന തിരിച്ചറിവിലാണ് സ്ഥാനാര്‍ഥികളും. മലയോര മേഖലയില്‍ കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ പൊതുചര്‍ച്ചയായി മാറിക്കഴിഞ്ഞു.
കാട്ടുപന്നി ശല്യമാണ് പ്രധാന വിഷയം. കാട്ടുപന്നി കൂടാതെ കാടുവിട്ട് നാട്ടിലേക്കിറങ്ങിയിരിക്കുന്ന മറ്റു മൃഗങ്ങളും കാര്‍ഷകിക മേഖലയ്ക്കും സാധാരണക്കാരുടെ ജീവനും ഭീഷണിയാണെങ്കിലും നാടൊട്ടുക്ക് വ്യാപിച്ച കാട്ടുപന്നി വിഷയത്തില്‍ സ്ഥാനാര്‍ഥികളുടെ നിലപാട് തേടുകയാണ് വോട്ടര്‍മാര്‍. കാട്ടുപന്നിയെ പേടിച്ച് കൃഷി ഉപേക്ഷിച്ചവരും അധ്വാനഫലം നഷ്ടമായവരുമൊക്കെ ഏറെ രോഷാകുലരായാണ് പൊതുപ്രവര്‍ത്തകരുടെ മുമ്പില്‍ എത്തുന്നത്. നിലവിലെ നിയമങ്ങള്‍ കാട്ടുപന്നി ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ക്ക് അനുകൂലമായതിനാല്‍ പ്രാദേശിക തലത്തില്‍ ഒന്നും ചെയ്യാനാകില്ലെന്നറിയാമെങ്കിലും രാഷ്ട്രീയകക്ഷി നേതൃത്വം കര്‍ഷകര്‍ക്കൊപ്പം നിലയുറപ്പിക്കണമെന്നാണ് മലയോര മേഖലയില്‍ ഉയരുന്ന ആവശ്യം. ശല്യക്കാരായ കാട്ടുപന്നിയെ നശിപ്പിക്കാനുള്ള ഉത്തരവ് പ്രയോജനപ്രദമാകുന്നില്ലെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടി. ശല്യക്കാരായ പന്നി ക്ഷുദ്രജീവി ഗണത്തിലാക്കണമെന്ന ആവശ്യത്തിലും രാഷ്ട്രീയകക്ഷികളുടെ നിലപാട് തേടുകയാണ് വോട്ടര്‍മാര്‍.
വനമേഖലയോടു ചേര്‍ന്ന പ്രദേശങ്ങളില്‍ മാത്രമല്ല, കിലോമീറ്ററുകള്‍ക്കപ്പുറത്തേക്ക് കാട്ടുപന്നിയുടെ ശല്യം എത്തിയപ്പോഴും ഇക്കാര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പുലര്‍ത്തുന്ന നിസംഗതയാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. മലയോരത്തെ പട്ടയപ്രശ്നം, പട്ടയഭൂമിയിലെ മരം മുറിക്കുന്നതിനുള്ള തടസം, വനംവകുപ്പ് ഉദ്യോഗസ്ഥരും കര്‍ഷകരും തമ്മിലുള്ള തര്‍ക്കങ്ങള്‍, യുവകര്‍ഷകനായ മത്തായിയുടെ കസ്റ്റഡി മരണം ഇവയെല്ലാം വിഷയങ്ങളായി ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങി.
കോന്നി താലൂക്കില്‍ നല്കിയ ആയിരത്തിലധികം പട്ടയം റദ്ദാക്കിയെങ്കിലും പുതിയ പട്ടയം നല്കാന് കഴിയാത്തതും പ്രാദേശിക പ്രശ്നമായി ഉയര്‍ന്നു വന്നിട്ടുണ്ട്. പടിഞ്ഞാറന്‍ മേഖലയിലും കാര്‍ഷിക പ്രശ്നങ്ങള്‍ക്കാണ് പ്രാമുഖ്യം. റോഡും തോടും വികസന പ്രവര്‍ത്തനങ്ങളും ചര്‍ച്ചകളില്‍ കടന്നുവരുന്നുണ്ട്. വ്യക്തിഗത വോട്ടുകളിലേക്കും ചര്‍ച്ചകള്‍ വഴിമാറിത്തുടങ്ങിയിട്ടുണ്ട്. വികസന വിഷയങ്ങളിലൂന്നിയാണ് ഇരുമുന്നണികളുടെയും വോട്ടുതേടല്‍. കിഫ്ബി ഉള്‍പ്പെടെയുള്ളവയിലൂടെ നടപ്പാക്കുന്ന വന്‍ വികസനപ്രവര്‍ത്തനങ്ങളും കോന്നി മെഡിക്കല്‍ കോളജ് യാഥാര്ഥ്യമായതുമൊക്കെ എല്‍ഡിഎഫ് നേട്ടങ്ങളുടെ പട്ടികയില്‍പെടുത്തിയിട്ടുണ്ട്. റോഡുകളുടെ വികസനം, കുടിവെള്ള പദ്ധതികള്‍ ഇവയെല്ലാം സാധാരണക്കാര്‍ക്കു പ്രയോജനപ്പെട്ടു തുടങ്ങിയപ്പോള്‍ പ്രാദേശികമായി അടിസ്ഥാന സൗകര്യം വിപുലപ്പെടുത്തി ഉത്തരവാദിത്വ പൂര്‍ണമായ നിലപാടെടുക്കാന്‍ കഴിയുന്ന ഭരണസംവിധാനങ്ങള്‍ക്ക് അവരുടെ വോട്ടു തേടല്‍. കേന്ദ്രസര്‍ക്കാരിലൂടെ നാട്ടിലെത്തിച്ച വികസന പ്രവര്‍ത്തനങ്ങളും നയസമീപനവുമാണ് എന്‍ഡിഎ ക്യാമ്പിന്റെ പ്രതീക്ഷ.