പത്തനംതിട്ട :പകൽ മുഴുവൻ ഇലക്ഷൻ പ്രചരണത്തിൽ സജീവം തുടർന്ന്
രാത്രി പെട്രോൾ പമ്പിൽ ജോലി. ഇതാണ് സീതത്തോട് പഞ്ചായത്തിലെ കൊച്ചുകോയിക്കൽ ഏഴാം വാർഡിൽ മത്സരിക്കുന്ന എൻ.ഡി.എ സ്ഥാനാർത്ഥി സന്ദീപ് സത്യൻ്റെ ഒരു ദിവസം.
ഇരുപത്തിരണ്ട്കാരനായ സന്ദീപ് പ്ലസ് ടു കഴിഞ്ഞ് മെക്കാനിക്കൽ പഠനത്തിന് ചേർന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം തുടർന്ന് പഠിക്കാൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലിയ്ക്കായി കയറി. ഇതിനിടെ മെച്ചമുള്ള മറ്റൊരു ജോലിയ്ക്കായി സന്ദീപ് ശ്രമിച്ചുകൊണ്ടിരുന്നു. അത് ലഭിച്ചതിൻ്റെ സന്തോഷത്തിൽ നിലവിലുള്ള ജോലി റിസൈൻചെയ്ത് മടങ്ങി വന്നപ്പോഴാണ് കൊവിഡ് പ്രതിസന്ധി. എന്നാൽ പിന്നീട് മടങ്ങിപോകാൻ കഴിഞ്ഞില്ല. അതിന് ശേഷമാണ് ഇപ്പോഴുള്ള പെട്രോൾ പമ്പിൽ ജോലിക്കായി കയറിയത്.
ഇതിനിടയിൽ എൻ ഡി എ മുന്നണി ഒരു പുതുമുഖമായ ഒരാളെ അന്വേഷിക്കുകയായിരുന്നു. അങ്ങനെ സന്ദീപിനെ കണ്ടെത്തി. ഇലക്ഷനിൽ മത്സരിക്കാമോയെന്ന് പാർട്ടി ചോദിച്ചു. അങ്ങനെയാണ് മത്സര രംഗത്തേക്ക് വന്നത്. സീതത്തോട് പമ്പിൽ വൈകിട്ട് 5 മുതൽ രാത്രി 10 വരെ ആദ്യ ഷിഫ്റ്റും. രാവിലെ 5 മുതൽ 9.30 വരെയുള്ള ഷിഫ്റ്റും കഴിഞ്ഞാണ് പ്രചരണത്തിനെത്തുന്നത്.
ഇതിനിടയിൽ വിശ്രമം പമ്പിൽ തന്നെ. സീതത്തോട് തേക്കുമ്മൂട് ഉരുൾപൊട്ടിയ സ്ഥലത്താണ് താമസിച്ചിരുന്നത്. ആ സംഭവത്തിൽ നഷ്ടപരിഹാരത്തിന് ഓഫീസുകൾ കയറിയിറങ്ങിയിട്ടും ഒരു ഗുണവുമുണ്ടായില്ല. അത് ഈ നാടിന്റെ തന്നെ വലിയൊരു ദുഃഖമായിരുന്നു. ആരും ഇങ്ങോട്ട് തിരിഞ്ഞ് നോക്കി പോലുമില്ല. ഈ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ടാൽ അതിനൊക്കെ മാറ്റം വരുത്തണമെന്നാണ് സന്ദീപിൻ്റെ ആഗ്രഹം. ആങ്ങമുഴി കല്ലുപുറത്ത് വീട്ടിൽ സത്യന്റെയും ലതയുടേയും മകനാണ്. സഹോദരി: സ്വാതി