മല്ലപ്പള്ളി: പത്തനംതിട്ട ജില്ലയിൽ കോൺഗ്രസ് പാർട്ടിക്കുള്ളിൽ ഗ്രുപ്പുകളി രൂക്ഷമാകുന്നു. പാര്‍ട്ടിയുടെ ദേശീയ നേതാവ് കൂടിയായ പ്രൊഫസർ പി ജെ കുര്യനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ ശക്തമായ എതിര്‍പ്പാണ്. യുവാക്കള്‍ക്കിടയിലാണ് അമര്‍ഷം പുകയുന്നത്. സാധാരണ പ്രവർത്തകരോടുള്ള പി.ജെ കുര്യന്റെ സമീപനത്തിൽ പ്രതിഷേധിച്ച് മല്ലപ്പള്ളിയില്‍ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടത്തി. വരും ദിവസങ്ങളില്‍ പ്രതിഷേധം കൂടുതല്‍ രൂക്ഷമാകുമെന്നാണ് സൂചന.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവല്ല സീറ്റിനായി പി.ജെ കുര്യൻ ശ്രമിക്കുന്നുവെന്ന തരത്തിലുള്ള വാർത്ത മുൻപ് പുറത്തു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് കോൺഗ്രസിലെ ഒരു വിഭാഗം പി ജെ കുര്യനെതിരെ തിരിഞ്ഞിരിക്കുന്നത്. രാജ്യസഭാ ഉപാധ്യക്ഷനായിരുന്ന പി.ജെ കുര്യന്‍ മുഖ്യമന്ത്രിക്കസേരയിലും കണ്ണു വെച്ചിട്ടുണ്ട്. ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ ഒതുതീര്‍പ്പ് എന്നനിലയില്‍ രംഗപ്രവേശം ചെയ്യുവാനാണ് നീക്കം. ഇതിനുവേണ്ടി തിരുവല്ല നിയോജകമണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ രഹസ്യമായി കരുക്കള്‍ നീക്കുകയാണ് പി.ജെ കുര്യന്‍. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിലുള്ള സ്വാധീനം ഇതിനുവേണ്ടി ഉപയോഗിക്കും. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ പി.ജെ കുര്യനെതിരെ ആരും ശബ്ദിക്കില്ല. സ്ഥാനാര്‍ഥി ആകുവാന്‍ തയ്യാറെടുത്തിരിക്കുന്നവര്‍ കുര്യന്റെ വിരോധം വലിച്ചുവെക്കാന്‍ ആഗ്രഹിക്കുന്നില്ല. സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ പി.ജെ.കുര്യന്‍ തിരിച്ചടിക്കുമെന്ന പേടിയാണ് ഇതിനുകാരണം.
കോൺഗ്രസിന്റെ സജീവ പ്രവർത്തകരെ നിർജീവമാക്കി പാര്‍ട്ടിയെ നശിപ്പിക്കുവാൻ പി.ജെ കുര്യന്‍ ശ്രമിക്കുകയാണെന്നാണ് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരുടെ ആരോപണം. കഴിഞ്ഞ കുറേ വർഷങ്ങളായി പിജെ കുര്യനെതിരെ കോൺഗ്രസിൽ പുകഞ്ഞുകൊണ്ടിരുന്ന പ്രതിഷേധം മല്ലപ്പള്ളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ. പ്രസാദ് ജോർജിനെ തൽസ്ഥാനത്തു നിന്ന് നീക്കുന്നതിന് ചുക്കാൻ പിടിച്ചതിലൂടെ ആളികത്തി. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജോസഫ് എം. പുതുശേരിയെ കാലുവാരി തോൽപ്പിക്കാൻ മുന്നിൽ നിന്നുവെന്നും കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ പിജെ കുര്യൻ ശ്രമിച്ചതായും കോൺഗ്രസ് പ്രവർത്തകർ തന്നെ ആരോപിക്കുന്നു. സ്ഥാനമോഹിയായ പി.ജെ കുര്യന്‍ തന്റെ അധികാരം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറാന്‍ ശ്രമിച്ചയാള്‍ ആണെന്നും ഇവര്‍ ആരോപിക്കുന്നു.
കൂടാതെ കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പില്‍ ആന്റോ ആന്റണിയെ പരാജയപ്പെടുത്താൻ പിജെ കുര്യൻ ശ്രമിച്ചതായും പ്രവർത്തകർ ആരോപിക്കുന്നു. അടൂര്‍ പ്രകാശിനെ കോന്നിയില്‍ നിന്നും കെട്ടുകെട്ടിച്ചതിനു പിന്നിലും പി.ജെ കുര്യന്റെ കരങ്ങള്‍ ഉണ്ടെന്ന് ഡി.സി.സിയിലെ പ്രമുഖര്‍തന്നെ സമ്മതിക്കുന്നു. പതിറ്റാണ്ടുകളായി ചുവന്നുകിടക്കുന്ന ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിലേക്ക് അടൂര്‍ പ്രകാശിനെ വിട്ടത് ഒരു ചാവേറായി മരിക്കാനാണ്. അടൂര്‍ പ്രകാശിന്റെ രാഷ്ട്രീയ അദ്ധ്യായം ഇതിലൂടെ അടക്കുവാനാണ് പി.ജെ കുര്യനും കൂട്ടരും ശ്രമിച്ചതെങ്കിലും ആറ്റിങ്ങല്‍ പിടിച്ചടക്കി മൂവര്‍ണ്ണക്കൊടിയും പാറിച്ചാണ് അടൂര്‍ പ്രകാശ് പകരം വീട്ടിയത്. ജില്ലയില്‍ യു.ഡി.എഫിന് ആകെയുണ്ടായിരുന്ന ഒരു എം.എല്‍.എ ആയിരുന്നു അടൂര്‍ പ്രകാശ്. ഒതുക്കലിന്റെ ഭാഗമായി അടൂര്‍ പ്രകാശിന് പണി കൊടുത്തപ്പോള്‍ കോന്നി വീണ്ടും ചുവന്നു. കോന്നിയിലെ ഇടതുപക്ഷത്തിന് പി.ജെ കുര്യനോട് ഇക്കാര്യത്തില്‍ തീര്‍ത്താല്‍ തീരാത്ത കടപ്പാടുമുണ്ട്.
മല്ലപ്പള്ളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.പ്രസാദ് ജോർജിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതോടെയാണ് കോൺഗ്രസിനുള്ളില്‍ ഒരു വിഭാഗത്തിന് പിജെ കുര്യനോടുള്ള അനിഷ്ടം മറ നീക്കി പുറത്തുവന്നത്. വരും ദിവസങ്ങളില്‍ തര്‍ക്കം കൂടുതല്‍ രൂക്ഷമാകുമെന്നാണ് സൂചന. പി.ജെ കുര്യന്‍ തിരുവല്ലയില്‍ മത്സരത്തിനു തുനിഞ്ഞാല്‍ എന്തു വിലകൊടുത്തും എതിര്‍ക്കാനാണ് യുവനിരയുടെ തീരുമാനം. പുതിയ തലമുറയ്ക്ക് അവസരം നല്‍കാതെ സ്ഥാനമാനങ്ങളിലും അധികാരത്തിലും ഇനിയും കടിച്ചുതൂങ്ങണോ എന്ന് പി.ജെ കുര്യന്‍ തന്നെ തീരുമാനിക്കട്ടെ എന്നാണ് ഇവരുടെ നിലപാട്.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെവിൻ ദീലീപിന്റെ നേതൃത്വത്തിലാണ് ഒരു കൂട്ടം പ്രവർത്തകർ പി ജെ കുര്യന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചത് . അടുത്ത ദിവസം തന്നെ പി.ജെ കുര്യന്റെ വസതിയിലേക്ക് മാർച്ച് നടത്തുവാനാണ് മല്ലപ്പള്ളിയിലെ യൂത്ത് കോൺഗ്രസിന്റെ തീരുമാനം.