മാന്നാര്‍: പൊതുനിരത്ത് കൈയേറി നടത്തിയ അനധികൃത നിര്‍മാണം തടയാന്‍ ശ്രമിച്ച യുവാവിനെ ഭീഷണിപ്പെടുത്തുന്നതായി പരാതി. മാന്നാര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ പഞ്ചാരത്തില്‍ വീട്ടില്‍ ജയദേവന് (39) എതിരെയാണ് പരസരവാസി ഭീഷണി ഉയര്‍ത്തിയത്.
പരുമല ജംങ്ഷന് പടിഞ്ഞാറ് പാവുക്കര ഭാഗത്തേക്ക് പോകുന്ന വഴിയില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോ ലാബ് കെട്ടിടത്തിന്റെ ഉടമ ടാറിട്ട റോഡ് അനധികൃതമായി കൈയേറി 13 മീറ്റര്‍ നീളത്തിലും ഒരു മീറ്റര്‍ വീതിയിലും കോണ്‍ക്രീറ്റ് ചെയ്ത് റാമ്പിട്ടതിനെതിരെ പഞ്ചായത്തില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നിരന്തരമായി ജയദേവനെ ഭീഷണിപ്പെടുത്തുന്നത്.
കൈയേറ്റത്തിനെതിരെയുള്ള പരാതിയിന്മേല്‍ പഞ്ചായത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് കൈയ്യേറ്റം നടന്നതായി ബോധ്യപ്പെടുകയും നിര്‍മാണം പൊളിച്ച് നീക്കണമെന്നുള്ള 2019 ഫെബ്രുവരി 23 ന് കത്ത് നല്‍കി. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും അനധികൃതമായി നടത്തിയ നിര്‍മാണം പൊളിച്ചുമാറ്റാന്‍ കൈയ്യേറ്റക്കാരന്‍ തയ്യാറായില്ല. മാത്രമല്ല ഇയാള്‍ ഫോണിലൂടെയും നേരിട്ടും ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രെ. പിന്നീട് പഞ്ചായത്ത് ഡയറക്‌റ്റേറ്റ് ഓഫീസില്‍ 2020 ഫ്രെബുവരി 15ന് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
കൈയ്യേറ്റക്കാരനെ സഹായിക്കുന്ന നടപടിയാണ് പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്തു നിന്നും ഉണ്ടായത്. പഞ്ചായത്തംഗം ഷൈനാ നവാസിനോട് കാര്യങ്ങള്‍ പറയാന്‍ ഫോണിലൂടെയും വാര്‍ട്‌സാപ്പിലൂടെയും ശ്രമിച്ചെങ്കിലും കേള്‍ക്കാന്‍ പോലും തയ്യാറായില്ലെന്നും ജയദേവന്‍ ആരോപിച്ചു. നിരവധി തവണ അനധികൃത കൈയ്യേറ്റം പൊളിക്കാന്‍ കത്ത് നല്‍കിയിട്ടും പൊളിക്കാന്‍ തയ്യാറാകാത്ത വ്യക്തികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറാകണമെന്നും ജയദേവന്‍ ആവശ്യപ്പെട്ടു.