പത്തനംതിട്ട : പത്തനംതിട്ട മാസ്റ്റർ പ്ലാനിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കുമ്പഴ സ്കീമിന് ഇന്ന് (ചൊവ്വ) ചേർന്ന നഗരസഭ കൗൺസിൽ യോഗം അന്തിമരൂപം നൽകി. ഉപനഗരമായ കുമ്പഴയെ പത്തനംതിട്ടയുടെ പ്രവേശന കവാടമായാണ് മാസ്റ്റർ പ്ലാൻ വിഭാവനം ചെയ്യുന്നത്. നഗരത്തിന്റെ വിനോദ വിശ്രമ ഹബ്ബാക്കി കുമ്പഴയെ മാറ്റുകയാണ് ലക്ഷ്യം. നഗരസഭ പരിധിയിലെ അഞ്ച് സ്കീമുകളിൽ ഒന്നാണ് കുമ്പഴ വിശദ നഗരസൂത്രണ പദ്ധതി. 1984 മുതൽ നിലവിൽ ഉണ്ടായിരുന്ന പദ്ധതിയിൽ വലിയ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. തദ്ദേശ സ്വയംഭരണ വകുപ്പ് പ്ലാനിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന വിശദമായ പഠനങ്ങൾക്ക് ശേഷമാണ് 2024 ജനുവരി മാസത്തിൽ നഗരസഭ കൗൺസിൽ കുമ്പഴ സ്കീം പുതുക്കി പ്രസിദ്ധീകരിച്ചത്. പൊതുജനങ്ങളിൽ നിന്ന് പരാതികളും അഭിപ്രായങ്ങളും സ്വീകരിക്കാൻ കൗൺസിൽ സ്പെഷ്യൽ കമ്മിറ്റിയെ തിരഞ്ഞെടുത്തിരുന്നു.
സ്കീം പൊതുജനങ്ങൾക്ക് പരിചയപ്പെടുത്താൻ കുമ്പഴയിൽ പബ്ലിക് സെമിനാർ സംഘടിപ്പിച്ചു. 467 നിർദ്ദേശങ്ങളും പരാതികളും ലഭിച്ചു. പ്രത്യേക കമ്മിറ്റി 173 പേരുമായി കൂടിക്കാഴ്ച നടത്തി. കുമ്പഴ ടൗണിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ വിവിധ ആവശ്യങ്ങൾക്കായുള്ള കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് പഴയ സ്കീം പ്രകാരം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഗാർഹിക ആവശ്യങ്ങൾക്കായി നിർമ്മിക്കുന്ന കെട്ടിടങ്ങളോട് ചേർന്ന് പരമാവധി 750 ചതുരശ്ര അടി വിസ്തീർണ്ണം ഉള്ള വാണിജ്യ നിർമ്മാണങ്ങൾ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. പൊതു ആവശ്യങ്ങൾക്കായുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കും നിയന്ത്രണങ്ങൾ പഴയ സ്കീമിൽ ഉണ്ടായിരുന്നു. കെട്ടിട നിർമ്മാണങ്ങൾക്ക് മുഖ്യ നഗരസൂത്രകന്റെ തിരുവനന്തപുരത്തുള്ള ഓഫീസിൽ നിന്നും അനുമതി ആവശ്യമായിരുന്നു. പുതുക്കി പ്രസിദ്ധീകരിച്ച സ്കീം അനുസരിച്ച് നഗരസഭാ സെക്രട്ടറിക്കും ജില്ലാ നഗര ആസൂത്രകനും നിർമ്മാണങ്ങൾക്കായുള്ള അനുമതി നൽകാം.
കുമ്പഴ ടൗണിലും പരിസരപ്രദേശങ്ങളിലുമുള്ള ഭൂമിയുടെ കൂടുതൽ ഭാഗങ്ങളും എല്ലാത്തരം നിർമ്മാണ പ്രവർത്തനങ്ങളും അനുവദിക്കുന്ന മിക്സഡ് സോണാക്കി മാറ്റിയിരിക്കുകയാണ് പുതുക്കിയ സ്കീമിൽ. ഭൂമിയുടെ വിനിയോഗത്തിൽ കഴിഞ്ഞ 40 വർഷങ്ങളായി കുമ്പഴ നിവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമാണ് പുതിയ സ്കീം എന്ന് നഗരസഭാ അധ്യക്ഷൻ അഡ്വ. റ്റി. സക്കീർ ഹുസൈൻ പറഞ്ഞു. നഗരങ്ങളുടെ വികസനത്തിന് മാസ്റ്റർ പ്ലാൻ അനിവാര്യമാണ്. സർക്കാരിന്റെയും ഇതര ഏജൻസികളുടെയും വികസന ഫണ്ടുകൾ ലഭിക്കുന്നതിന് മാസ്റ്റർ പ്ലാൻ പ്രസിദ്ധീകരിക്കേണ്ടതുണ്ട്. മാസ്റ്റർ പ്ലാൻ തയ്യാറാക്കി സമയബന്ധിതമായി പ്രസിദ്ധീകരിക്കണം എന്ന് സംസ്ഥാന സർക്കാരിനും നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും കേരള ഹൈക്കോടതി ഉത്തരവ് നൽകിയിട്ടുണ്ട്. കഴിഞ്ഞ 15 വർഷത്തിലേറെയായി നടക്കുന്ന പ്രവർത്തനങ്ങൾ ഇനിയും നീട്ടിക്കൊണ്ടു പോകാൻ കഴിയില്ല.
പത്തനംതിട്ടയിലെ മറ്റ് നാല് സ്കീമുകളും പ്രസിദ്ധീകരിച്ചു കഴിഞ്ഞിരിക്കുകയാണ്. ഭൂവിനിയോഗവുമായി ബന്ധപ്പെട്ട് പത്തനംതിട്ട നിവാസികൾ നേരിടുന്ന പ്രശ്നത്തിന് പരിഹാരം എന്ന നിലയിൽ മാസ്റ്റർ പ്ലാനും ഉടൻ പ്രസിദ്ധീകരിക്കാനുള്ള ശ്രമങ്ങൾ ആണ് കൗൺസിൽ നടത്തുന്നത്.
പ്രധാന നിർദ്ദേശങ്ങൾ
—
1. പുനലൂർ – മൂവാറ്റുപുഴ റോഡിന് സ്കീം ഏറിയായിൽ നിർദ്ദേശിച്ച 30 മീറ്റർ വീതി 24
മീറ്റർ ആയി കുറച്ചു.
2. ടി.കെ. റോഡിന് വീതി 21 മീറ്ററും സരസ് തീയറ്റർ റോഡിന് 18 മീറ്ററുമായി നിശ്ചയിച്ചു, തിയേറ്റർ റോഡിൽ ബിൽഡിംഗ് ലൈൻ ഉപേക്ഷിച്ചു.
3. കുമ്പഴ ഓപ്പൺ സ്റ്റേജ് ടൗൺ സ്ക്വയർ മാതൃകയിൽ വികസിപ്പിക്കും.
4. സ്കീം ഏരിയായിലെ ഭൂമിയിൽ കൃഷിക്ക് നിയന്ത്രണമില്ല.
5. സ്കീം ഏരിയയുടെ വിസ്തൃതിയിൽ മാറ്റമില്ല.
6. നിലവിലെ കെട്ടിടങ്ങളെ സ്കീമിന്റെ നിബന്ധനകൾ ബാധിക്കില്ല.
7. സ്ലോട്ടർ ഹൗസും ഗ്രേ വാട്ടർ ശുദ്ധീകരണ പ്ലാന്റും ഉപേക്ഷിച്ചു.
8. മത്സ്യ മാർക്കറ്റിന് സമീപം റോഡിനോട് ചേർന്ന ഭാഗങ്ങൾ മിക്സഡ് സോണാക്കി മാറ്റി.
9. സ്കീമിലെ നിർദ്ദേശങ്ങൾ ആരാധനാലയങ്ങളെ ബാധിക്കില്ല.
10. വിനോദ ഉപാധികൾക്കായി ആറ്റ് പുറമ്പോക്ക് ഉപയോഗിക്കും.
11. കുമ്പഴ നിവാസികളുടെ അഭിപ്രായം പരിഗണിച്ച് പുതിയ റോഡുകളുടെ നിർദ്ദേശങ്ങൾ ഒഴിവാക്കി.
12. ഇക്കോളജിക്കൽ പാർക്കിനുള്ള നിർദ്ദേശങ്ങൾ നിലനിർത്തി.
13. എല്ലാത്തരം നിർമ്മാണങ്ങളും നടത്താൻ കഴിയുന്ന മിക്സഡ് സോണിന്റെ വിസ്തൃതി വർധിപ്പിച്ചു.