പത്തനംതിട്ട : ജില്ലാ ആസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് നാല് വിശദ നഗരാസൂത്രണ പദ്ധതികൾക്ക് നഗരസഭ കൗൺസിൽ അംഗീകാരം നൽകി. സെൻട്രൽ ഏരിയ, മുനിസിപ്പൽ ബസ്റ്റാൻഡ് കോംപ്ലക്സ്, കെഎസ്ആർടിസി ബസ്റ്റാൻഡ് ആൻഡ് സറൗണ്ടിംഗ്, കണ്ണങ്കര എന്നിവയാണ് നാല് സ്കീമുകൾ. നഗരത്തിലെ ഭൂവിനിയോഗത്തിന് നിലവിലെ സ്കീമുകൾ തടസ്സമാണെന്ന വിമർശനം വ്യാപകമായതിനെ തുടർന്നാണ് മാസ്റ്റർ പ്ലാൻ പുതുക്കാൻ തീരുമാനമായത്. നഗരസഭ ചെയർമാന്റെ നേതൃത്വത്തിൽ ജില്ലയിലെ തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് വിഭാഗം നടത്തിയ പഠനങ്ങൾക്കും ചർച്ചകൾക്കും ഒടുവിലാണ് നാല് സ്‌കീമുകൾ പ്രസിദ്ധീകരിക്കാൻ വ്യാഴാഴ്ച ചേർന്ന കൗൺസിൽ യോഗം തീരുമാനമെടുത്തത്. പുതിയ സ്കീമുകൾ പ്രസിദ്ധീകരിക്കുന്നതോടെ ഭൂവിനിയോഗത്തിൽ വലിയ ഇളവുകളാണ് ഭൂ ഉടമകൾക്ക് ലഭിക്കുന്നത്. നാളിതുവരെ കെട്ടിട നിർമ്മാണങ്ങൾക്കായി ഉണ്ടായിരുന്ന തടസ്സങ്ങൾ നീങ്ങും.
ഗതാഗതക്കുരുക്കിന് ഇടയാക്കുന്ന സെൻട്രൽ ജംഗ്ഷനിലെ പഴയ നഗരസഭ കെട്ടിടം നീക്കം ചെയ്ത് ജില്ലാ ആസ്ഥാനത്തിന്റെ കേന്ദ്രം എന്ന നിലയിൽ മനോഹരവും ആകർഷണീയവും ആയ കേന്ദ്ര ചത്വരം നിർമ്മിക്കാനാണ് നിർദേശം. ആവശ്യമായ പാർക്കിംഗ്, കാൽനടക്കാർക്കുള്ള സൗകര്യങ്ങൾ, വഴിയോരക്കച്ചവടക്കാർക്കായുള്ള ആസൂത്രിതമായ ഇടങ്ങൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ടായിരിക്കും സെൻട്രൽ സ്ക്വയർ നിർമ്മിക്കുക. പ്രധാന ഗതാഗത ടെർമിനലുകളായ കെഎസ്ആർടിസി, മുനിസിപ്പൽ ബസ്റ്റാൻഡ് എന്നിവയ്ക്കിടയിലുള്ള ഉപയോഗശൂന്യമായ പ്രദേശങ്ങൾ ഓട്ടോ ടാക്സി സ്റ്റാന്റുകൾ, ഇൻഫർമേഷൻ കിയോസ്കുകൾ, സൈക്കിൾ ട്രാക്കുകൾ നടപ്പാതകൾ, ഇന്റർസ്റ്റേറ്റ് ബസ്സുകൾക്കുള്ള പ്രത്യേക സ്ഥലം, മൾട്ടിലെവൽ കാർ പാർക്കിംഗ്, ഹാപ്പിനസ് പാർക്ക് ആസൂത്രിത വഴിയോര കച്ചവട മേഖലകൾ എന്നിവ ഉൾപ്പെടുത്തി വികസിപ്പിക്കാൻ നിർദേശമുണ്ട്.
നഗരസഭയുടെ ഉടമസ്ഥതയിലുള്ള പഴയ നഗരസഭ ബസ്റ്റാൻഡിൽ മൂന്നു നിലയിലായുള്ള പാർക്കിംഗ് കെട്ടിടത്തോടൊപ്പം സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം, ഓട്ടോറിക്ഷ ടാക്സി സ്റ്റാൻഡ്, ചുമട്ടു തൊഴിലാളികൾക്കും ഡ്രൈവർമാർക്കും പ്രത്യേക വിശ്രമസ്ഥലം, പൊതുജനങ്ങൾക്കുള്ള വിശ്രമ സൗകര്യങ്ങൾ, ഇലക്ട്രിക് വാഹന ചാർജിങ് സംവിധാനം, നടപ്പാതകൾ, സ്ത്രീകൾ കുട്ടികൾ വയോജനങ്ങൾ ഭിന്നശേഷിക്കാർ എന്നിവർക്കായുള്ള സൗഹൃദ ഡിസൈൻ എന്നിവ അടങ്ങിയ പദ്ധതിയാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. മുനിസിപ്പൽ ഓഫീസ് കെട്ടിടത്തിന്റെ വിപുലീകരണം നിലവിലുള്ള കെട്ടിടവും സമീപം മാർക്കറ്റും തമ്മിൽ ബന്ധിപ്പിക്കുക, പുതിയ സാമൂഹിക ഇടങ്ങൾ സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും പദ്ധതിയിൽ ഉണ്ട്.
ചുട്ടിപ്പാറ ടൂറിസം പദ്ധതിയാണ് മറ്റൊരു നിര്‍ദേശം. ജില്ലാ ജയിൽ സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്ന് നിർദേശമുണ്ട്. ജയിലിന്റെ സാന്നിധ്യം കണ്ണങ്കര പ്രദേശത്തിന്റെ ഭാവി വികസനത്തെ തടസ്സപ്പെടുത്തുമെന്ന നിരീക്ഷണമാണ് നഗരസഭ കൗൺസിലിന്റെത്. ജയിലിന്റെ നിലവിലെ സ്ഥലം ചുട്ടിപ്പാറയിൽ ടൂറിസം പദ്ധതിയുടെ ബേസ് ക്യാമ്പ് ആയി മാറ്റുന്നതിനും ഭക്ഷണശാലകൾ, ശുചിത്വ സൗകര്യങ്ങൾ, സ്റ്റോറേജ് ആൻഡ് എക്യുമെന്റ് ഏരിയ, വൈദ്യസൗകര്യങ്ങൾ, ആക്ടിവിറ്റി മേഖലകൾ കമ്യൂണിക്കേഷൻ സൗകര്യങ്ങൾ, വൈദ്യുതി വിതരണം, പൊതു ഉപയോഗസ്ഥലങ്ങൾ പാർക്കിംഗ് ആൻഡ് ട്രാൻസ്പോർട്ടേഷൻ, സുരക്ഷ തുടങ്ങിയ ആവശ്യങ്ങൾക്കായി ഉപയോഗിക്കണമെന്ന നിർദേശവും കൗൺസിൽ മുന്നോട്ടുവെച്ചു.
സ്പോഞ്ച് പാർക്കുകൾ സ്ഥാപിക്കാനുള്ള നിർദ്ദേശം വിശദ നഗരസൂത്രണ പദ്ധതികളിലെ പുതുമയുള്ളതാണ്. വെള്ളപ്പൊക്ക ഭീഷണിയിൽ നിന്നും നഗരത്തെ സംരക്ഷിക്കാൻ ഈ പദ്ധതിയിലൂടെ കഴിയും. തണൽ മരങ്ങൾ, വിശ്രമസൗകര്യങ്ങൾ, ലൈറ്റിംഗ്, സുരക്ഷ എന്നിവയും പദ്ധതിയുടെ ഭാഗമാണ്. കാൽനട സൗഹൃദ നഗരമായി പത്തനംതിട്ടയെ ഉയർത്തുക എന്നതാണ് ലക്ഷ്യം. ഇതുവഴി ഗതാഗത കുരുക്ക് നിയന്ത്രണവും ആരോഗ്യ സംരക്ഷണവും ലക്ഷ്യം വെക്കുന്നു. റിംഗ് റോഡിന്റെ സൗന്ദര്യവൽക്കരണമാണ് മറ്റൊരു പ്രധാന നിർദേശം. റോഡിന്റെ ഇരുവശങ്ങളിലും 5 സോണുകളായി തിരിച്ച് പുഷ്പ സസ്യങ്ങൾ, തണൽ മരങ്ങൾ, സ്ട്രീറ്റ് ഫർണിച്ചറുകൾ, വിശ്രമ സൗകര്യങ്ങൾ എന്നിവ ഒരുക്കും. കുട്ടികളുടെ പാർക്ക് വിപുലീകരിക്കും. പുതിയ ബസ്റ്റാൻഡിന്റെ കിഴക്കുഭാഗത്തായി സ്പോഞ്ച് പാർക്കിനോട് ചേർന്ന് രാത്രികാല സൗഹൃദ വെൻഡിങ് സ്ട്രീറ്റും ഫുഡ് സ്ട്രീറ്റും വിഭാവനം ചെയ്തിട്ടുണ്ട്.
പത്തനംതിട്ട നഗരത്തെ 30 വർഷക്കാലം മുൻപിൽ കണ്ടുള്ള നിർദ്ദേശങ്ങളാണ് നഗരസഭാ കൗൺസിലിനു വേണ്ടി തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് വിഭാഗം തയ്യാറാക്കിയിട്ടുള്ളതന്നും നഗരത്തിന്റെ മുഖച്ഛായ മാറ്റുന്നതിനുള്ള നിർദ്ദേശങ്ങൾ ആണ് വിശദ നഗരാസൂത്രണ പദ്ധതിയിൽ ഉള്ളതെന്നും നഗരസഭ ചെയർമാൻ അഡ്വ.ടി. സക്കീർ ഹുസൈൻ പറഞ്ഞു. ജില്ലാ ടൗൺ പ്ലാനർ അരുൺ ജി, നിമ്മി കുര്യൻ, അനീഷ് ആർ, വിഷ്‌ണു എം എന്നിവർ പദ്ധതികളുടെ വിശദാംശങ്ങൾ കൗൺസിലിൽ അവതരിപ്പിച്ചു. വിശദമായ ചർച്ചയ്ക്കുശേഷം പദ്ധതികൾ പ്രസിദ്ധീകരിക്കുന്നതിന് കൗൺസിൽ തീരുമാനിച്ചു.