പത്തനംതിട്ട : നിരോധിച്ച ഫ്ലക്സുകളും അനധികൃത ബോര്‍ഡുകളും പത്തനംതിട്ട നഗരസഭ നീക്കം ചെയ്തു. പത്തനംതിട്ട മീഡിയയുടെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. നഗരത്തിലെ വിവിധ റോഡുകളില്‍ നിന്ന് നൂറുകണക്കിന് അനധികൃത ഫ്ലക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്തു. നഗരസഭ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ മറ്റു റോഡുകളിലെ ബോര്‍ഡുകളും നീക്കം ചെയ്യുമെന്നും റവന്യൂ ഓഫീസര്‍ കെ.ആര്‍. മനോജ് കുമാര്‍ പറഞ്ഞു. നീക്കം ചെയ്ത ബോര്‍ഡുകള്‍ക്ക് പിഴ ഈടാക്കും. 2019 ല്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം സംസ്ഥാനത്ത് Pvc ഫ്ലെക്സ് ഉപയോഗം നിരോധിച്ചിട്ടുള്ളതാണ്. ഫ്ലക്സിന് പകരമായി പല ഉല്‍പ്പന്നങ്ങളും ഇന്ന് വിപണിയിലുണ്ടെങ്കിലും മിക്കവരും ഫ്ലക്സ് ആണ് ബോര്‍ഡുകള്‍ പ്രിന്റ് ചെയ്യുവാന്‍ ഉപയോഗിക്കുന്നത്. ഹൈക്കോടതി നിരോധിച്ച Pvc ഫ്ലക്സ് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ബോര്‍ഡുകളും പാതയോരത്ത് അനധികൃതമായി സ്ഥാപിക്കുന്ന ബോര്‍ഡുകളും നഗരസഭയുടെ പ്രത്യേക സ്ക്വാഡ് നീക്കം ചെയ്ത് സ്ഥാപന ഉടമകളില്‍ നിന്ന് പിഴ ഈടാക്കുമെന്ന് നഗരസഭാ അധികൃതര്‍ വ്യക്തമാക്കി. പതിനഞ്ചു ദിവസത്തില്‍ ഒരിക്കല്‍ നഗരസഭാ പ്രദേശത്തെ റോഡുകള്‍ പ്രത്യേക സ്ക്വാഡ് പരിശോധിക്കും.
പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ കഴിഞ്ഞദിവസം തുറന്ന ഒരു ഹോം അപ്ലയന്‍സ് സ്ഥാപനം തങ്ങളുടെ ഉത്ഘാടന മാമാങ്കം ജനങ്ങളെ അറിയിക്കുവാന്‍ നൂറുകണക്കിന് Pvc ഫ്ലക്സ് ബോര്‍ഡുകളാണ് നഗരത്തില്‍ സ്ഥാപിച്ചത്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിനു മുമ്പില്‍ പോലും ഹൈക്കോടതി നിരോധിച്ച Pvc ഫ്ലക്സ് ബോര്‍ഡ് ഇവര്‍ സ്ഥാപിച്ചു. നഗരത്തിലെ വൈദ്യുതി തൂണുകള്‍ മുഴുവന്‍ Pvc ഷീറ്റില്‍ തീര്‍ത്ത ബോര്‍ഡുകള്‍ കൊണ്ട് ഇവര്‍ നിറച്ചു. ഫ്ലക്സ് നിരോധനം ഹൈക്കോടതി ഉത്തരവ് ആയതിനാല്‍ പോലീസിന് ഇക്കാര്യത്തില്‍ സ്വമേധയാ നടപടിയെടുക്കാമെങ്കിലും പോലീസ് ഇക്കാര്യത്തില്‍ മൌനം പാലിക്കുകയായിരുന്നു.