പത്തനംതിട്ട : നഗരവികസനത്തിൻ്റെ മുന്നുപാധിയാണ് ആസൂത്രിതവികസന രേഖ. സമ്പന്ന, അർധ സമ്പന്ന രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിത നിലവാരത്തിന് സമാനമായി കേരളത്തെ മാറ്റി തീർക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ നവ കേരള പദ്ധതിക്കൊപ്പം നഗരസഭ മുന്നോട്ടുവെയ്ക്കുന്ന ഗ്രേറ്റർ പത്തനംതിട്ടയ്ക്കായി ലക്ഷ്യവേദിയായ ബജറ്റ് അവതരിപ്പിച്ചിരിക്കുകയാണ് നഗരസഭ. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ആമിന ഹൈദരാലി ഭരണസമിതിയുടെ അഞ്ചാമത് ബജറ്റ് അവതരിപ്പിച്ചു. നഗര ജീവിതത്തിൻ്റെ ഒഴിച്ചുകൂടാൻ ആകാത്ത സൗകര്യങ്ങളിൽ ഒന്നാണ് സാമൂഹ്യ ഇടങ്ങൾ. പുത്തൻ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ വേലിയേറ്റങ്ങളിൽ നഷ്‌ടമായിക്കൊണ്ടിരിക്കുന്ന സാമൂഹ്യ കൂട്ടായ്‌മകളും വർദ്ധിച്ചു വരുന്ന ഒറ്റപ്പെടലുകളും സമൂഹത്തെ വർഗീയമായി ഭിന്നിപ്പിക്കുന്നതിനുള്ള അവസരങ്ങളായി ചില ശക്തികൾ കേരളത്തിൽ ഉപയോഗിക്കുകയാണ്. സാമൂഹ്യവും സാംസ്‌കാരികവും രാഷ്ട്രീയവുമായ ചെറുത്തുനിൽപ്പുകൾക്ക് ഇടം ഒരുക്കി കൊടുക്കേണ്ടത് വർത്തമാനകാല അരുതായ്‌കൾക്കെതിരെ ഭാവിയെ കരുതുന്ന ഏത് ഭരണകൂടത്തിന്റെയും ഉത്തരവാദിത്വമാണ്. ഈ ധർമ്മമാണ് പത്തനംതിട്ട നഗരത്തിൻ്റെ “ടൗൺ സ്ക്വയർ”എന്ന അഭിമാന പദ്ധതിയിലൂടെ യാഥാർത്ഥ്യമാക്കിയത്. പത്തനംതിട്ട നഗരത്തിൻ്റെ വികസന ഏടുകളിൽ പുതിയ കാഴ്ച്‌പ്പാടുകളെ അടയാളപ്പെടുത്തുകയാണ് സാമൂഹ്യ സാംസ്‌കാരിക കേന്ദ്രമായ ടൗൺ സ്ക്വയർ. ഇതിന് തുടർച്ചയായി നിരവധി വ്യത്യസ്ത പദ്ധതികളാണ് വെജിറ്റൽ പ്രഖ്യാപിച്ചിരിക്കുന്നത്.
ഔട്ടർ റിംഗ് റോഡ് –
നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായി ചുരുളിക്കോട്, തോണിക്കുഴി മുണ്ടുകോട്ടക്കൽ, മൈലപ്ര, കുമ്പഴ, കല്ലറ കടവ്, കോളേജ് ജംഗ്ഷൻ എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഔട്ടർ റിങ് റോഡ് വിഭാവനം ചെയ്ത് മാസ്റ്റർ പാനിൽ ഉൾപ്പെടുത്തും.
—–
അഡ്വ. ഏബ്രഹാം മണ്ണായിക്കൽ ബാഡ്മിൻറൺ കോർട്ട് –
നഗരസഭയുടെ ആദ്യ പ്രതിപക്ഷ നേതാവും ജില്ലാ രൂപീകരണത്തിൽ നേതൃപരമായ പങ്കുവഹിച്ച വ്യക്തിയുമായ അഡ്വക്കേറ്റ് എബ്രഹാം മണ്ണായിക്കലിന്റെ പേരിൽ ബാഡ്മിന്റൺ കോർട്ട് നിർമ്മിക്കും. 30 ലക്ഷം രൂപ വകയിരുത്തുന്നു.
——
ഇന്നോവേഷൻ വില്ലേജ് –
നഗരത്തെ ജില്ലയുടെ പ്രധാന സാമ്പത്തിക കേന്ദ്രം ആക്കുക എന്ന ഉദ്ദേശത്തോടെ അഞ്ചക്കാല പ്രദേശത്ത് സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്കും ഐടി ഹബ്ബിനുമായി ഇന്നോവേഷൻ വില്ലേജ് നിർമ്മിക്കും. ഇതിനായി ഡിജിറ്റൽ സർവെയ്ക്ക് ശേഷം പുറമ്പോക്ക് ഭൂമി കണ്ടെത്താൻ നടപടികൾ സ്വീകരിക്കും.
——-
കടവ് റീസ്റ്റോറേഷൻ പാക്കേജ് –
അഴൂർ കടവ്, പാറക്കടവ്, വ്യാഴിക്കടവ്, ഇല്ലത്ത് കടവ്, തോണ്ട് കടവ്, മൂപ്പൻ കടവ്, കല്ലറ കടവ് തുടങ്ങിയ ആ കടവുകൾ സൗന്ദര്യവൽക്കരണത്തിലൂടെ വിനോദ വിശ്രമ മേഖലകൾ ആക്കും. പ്രാരംഭ പ്രവർത്തനങ്ങൾക്കായി ഒരു ലക്ഷം രൂപ വകയിരുത്തുന്നു.
——-
സുബല പാർക്ക് – സുബല പദ്ധതിയുടെ ചരിത്രത്തിലാദ്യമായി നിർമ്മാണ പ്രവർത്തനങ്ങളിൽ നഗരസഭ ഇടപെടുകയാണ്. 35 ലക്ഷം രൂപ അമൽ പദ്ധതിയിലൂടെ ചെലവഴിക്കും. പദ്ധതി സാങ്കേതിക അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്.
10 ഹാപ്പി ഹോം ആൻഡ് ഹാർമണി സെന്റർ – നഗരസഭാ മൂന്നാം വാർഡിൽ ബഡ്സ് സ്കൂളിനായി നിർമ്മിച്ച കെട്ടിടവും അനുബന്ധ സൗകര്യങ്ങളും സ്ത്രീകൾക്കും കുട്ടികൾക്കും പ്രായമായവർക്കും വിനോദത്തിനും വിശ്രമത്തിനുമായി ഉപയോഗിക്കും. പകൽവീട് സെന്റർ, ഉദയം ഹോം എന്നീ സൗകര്യങ്ങൾ വിഭാവന ചെയ്യുന്നു. പ്രാരംഭ നടപടികൾക്കായി 3 ലക്ഷം രൂപ വകയിരുത്തുന്നു.
——
ഡെസ്റ്റിനേഷൻ ഡി സെന്ററുകൾ –
പുതുതലമുറയുടെ വിവാഹ സംബന്ധമായ ആഘോഷങ്ങൾ അവിസ്മരണീയവും ചിലവ് കുറഞ്ഞ നിലയിലും സംഘടിപ്പിക്കാൻ മൈലാട് പാറയിലും അഴൂർ പ്രദേശത്തും രണ്ട് ഡെസ്റ്റിനേഷൻ വെഡിങ് സെന്ററുകൾ നിർമ്മിക്കും. ഡി.പി. ആർ തയ്യാറാക്കുന്നതിനായി 1 ലക്ഷം രൂപ വകയിരുത്തി.
——
അർബൻ സെൻട്രൽ പാർക്ക് –
നഗരസഭയുടെ 9, 30 വാർഡുകളുടെ സംഗമ സ്ഥാനത്ത് വിനോദ കേന്ദ്രമായി അർബൻ സെൻട്രൽ പാർക്ക് നിർമ്മിക്കും ഡി.പി. ആർ തയ്യാറാക്കുന്നതിനായി 1 ലക്ഷം രൂപ വകയിരുത്തി.
——-
ആർട്ട് ഗ്യാലറി – പ്രാദേശിക പൈതൃക കലകൾ, ആധുനിക സമകാലീന കലാസൃഷ്ടികൾ എന്നിവയുടെ പ്രദർശനങ്ങൾക്കും ആർട്ട് വർക്ക് ഷോപ്പുകളും സെമിനാറുകളും സംഘടിപ്പിക്കുന്നതിനും ആയി എക്സിബിഷൻ ഹാളുകൾ ഉൾപ്പെടെ ആർട്ട് ഗ്യാലറി നിർമ്മിക്കും. പ്രാരംഭ പ്രവർത്തനങ്ങൾക്കായി 5 ലക്ഷം രൂപ വകയിരുത്തുന്നു.
ഹൗസിംഗ് സ്കീം ഏറിയ – നഗരസഭയുടെ ഉടമസ്ഥതയിൽ പതിനേഴാം വാർഡിൽ ഉള്ള സ്ഥലത്ത് സ്വാഭാവിക ഭൂപ്രകൃതി നിലനിർത്തിക്കൊണ്ട് ഭവന നിർമ്മാണ പദ്ധതി നടപ്പാക്കും. ഇതിനായി ഡി പി ആർ തയ്യാറാക്കും. 2 ലക്ഷം രൂപ വകയിരുത്തി. കൂടാതെ പി.എം. എ വൈ / ലൈഫ് സ്കീമുകളിലായി പദ്ധതി ഇനത്തിൽ 1.8 കോടി രൂപ വകയിരുത്തി.
——
അക്വാ റോക്ക് അഡ്വഞ്ചർ പാർക്ക് – കൊളവരിക്കൽ പാറയിലെ പാറക്കുളങ്ങളുടെയും പാറക്കെട്ടുകളുടെയും സാധ്യതകൾ ഉപയോഗിച്ച് റോക്ക് ക്ലൈമ്പിംഗ് ഉൾപ്പെടെയുള്ള സാഹസിക വിനോദ പരിപാടികൾക്കായി വിനോദസഞ്ചാര പാർക്കിന് ഡി പി ആർ തയ്യാറാക്കുന്നതിനായി ഒരു ലക്ഷം വകയിരുത്തി.
——
കോട്ടപ്പാറ വ്യവസായ എസ്റ്റേറ്റ് – കുമ്പള മേഖലയിലെ കോട്ടപ്പാറ പ്രദേശത്ത് പുറമ്പോക്ക് പ്രദേശങ്ങൾ കണ്ടെത്തി വ്യവസായ എസ്റ്റേറ്റ് പദ്ധതി നടപ്പിലാക്കും.
——-
വാർഡ് മന്ദിരങ്ങൾ – നഗരസഭയുടെ എല്ലാ വാർഡുകളിലും ജനപ്രതിനിധികളുടെ ആസ്ഥാനം ആസ്ഥാനം എന്ന നിലയിൽ വാർഡ് ഭവനങ്ങൾ നിർമ്മിക്കും സ്ഥലം ലഭ്യമായ വാർഡിൽ ആദ്യഘട്ട നിർമ്മാണം ആരംഭിക്കും പ്രാരംഭ പ്രവർത്തനത്തിനായി 5 ലക്ഷം രൂപ .
——-
റിവർ സൈഡ് ലൈറ്റ് – റോക്കിങ് റിഡ്ജ് പാർക്ക് നഗരസഭ 25-ാം വാർഡിൽ അച്ചൻകോവിൽ ആറിനോട് ചേർന്ന് പാറക്കെട്ടുകളിൽ ഉദയാസ്തമനം ആസ്വദിക്കാൻ നദീതടത്തിനരികിൽ വിശ്രമ കേന്ദ്രം രൂപകൽപ്പന ചെയ്യും.
അർബൻ ഹെൽത്ത് കോറിഡോർ – ജോഗിംഗ്, സൈക്ലിംഗ്, ഓപ്പൺ ജിം, യോഗ സെൻ്റ്ർ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കി റിംഗ് റോഡിനെ അർബൻ ഹെൽത്ത് കോറിഡോർ ആക്കി ഉയർത്തും.
——
വഞ്ചിക പൊയ്ക വാട്ടർഫാൾ – വഞ്ചിക പൊയ്കയിലെ പ്രകൃതിമനോഹരമായ വെള്ളച്ചാട്ടം ആകർഷണീയമായ ലൈറ്റിങ്, ലേസർ ഷോ, റോക്ക് ഗാർഡൻ, നടപ്പാതകൾ, എന്നിവ നൽകി വികസിപ്പിച്ച് പെരിങ്ങമല റോഡിൽ നിന്നും വാട്ടർഫാൾ കാണുന്നതിന് വ്യൂ പോയിൻറ് നിർമ്മിക്കുന്നതിന് 10 ലക്ഷം രൂപ
—–
ഫുഡ് സ്ട്രീറ്റ് – തദ്ദേശീയ ഭക്ഷണ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ആഗോള രുചി ഭേദങ്ങൾ നഗരത്തിന് പരിചയപ്പെടുത്തുന്നതിനും ചെറിയ സംരംഭകരെ പിന്തുണയ്ക്കുന്നതിനും നഗരസഭയുടെ ഒമ്പതാം വാർഡിൽ റിങ് റോഡിനോട് ചേർന്ന് പരിസ്ഥിതി സൗഹാർദമായ ഭക്ഷണ തെരുവ് പദ്ധതി നടപ്പിലാക്കും ഇതിനായി 25 ലക്ഷം രൂപ വകയിരുത്തി.
—–
ഹൗസിംഗ് സ്കീം ഏരിയ – നഗരസഭയുടെ ഉടമസ്ഥതയിൽ പതിനേഴാം വാർഡിൽ ഉള്ള സ്ഥലത്ത് സ്വാഭാവിക ഭൂപ്രകൃതി നിലനിർത്തി കൊണ്ട് ഭവന നിർമ്മാണ പദ്ധതി നടപ്പാക്കും. ഇതിനായി 1.8 കോടി രൂപ വകയിരുത്തി.
—–
ബസ് സ്റ്റാൻഡ് എന്ന ഇടത്തെ പരമ്പരാഗത കാഴ്ച്‌ചപ്പാടുകളിൽ നിന്നും മോചിപ്പിച്ച് വിനോദവിശ്രമ ഹബ്ബാക്കി മാറ്റുകയാണ് നിലവിലെ ഭരണസമിതി. നഗര ജീവിതത്തിൻ്റെ അവിഭാജ്യ ഭാഗമായി മാറിക്കഴിഞ്ഞ നൈറ്റ് ലൈഫിന് ബസ് സ്റ്റാൻഡിലെ ഹാപ്പിനസ് പാർക്ക് വേദി ഒരുക്കുകയാണ്. വിശാലമായ പാർക്കിംഗ് സംവിധാനവും ടേക്ക് എ ബ്രേക്ക് സൗകര്യങ്ങളും മനോഹരമായ നടപ്പാതകളും ബസ് സ്റ്റാൻഡിൻ്റെ പ്രധാന ആകർഷണ കേന്ദ്രങ്ങളാണ്.
മാലിന്യ സംസ്കരണ രംഗത്തെ ഗൗരവപൂർണമായ ഇടപെടലുകൾക്കാണ് ഭരണസമിതി നേതൃത്വം നൽകിയത്. കേരള ഖര മാലിന്യ പരിപാലന പദ്ധതി യുടെ ഭാഗമായി നഗരത്തിൽ നടന്നുവരുന്ന പ്രവർത്തനങ്ങൾ മാലിന്യസംസ്കരണ രംഗത്തെ ശാസ്ത്രീയ ഇടപെടലുകളാണ്. പരിമിതികളെ മറികടന്ന് ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ചിരിക്കുന്നു. ഉറവിടങ്ങളിലെ മാലിന്യ സംസ്‌കരണത്തിന് മികച്ച മാതൃകയാണ് നഗരത്തിൽ ആക്ഷേപരഹിതമായി പ്രവർത്തിക്കുന്ന പോർട്ടബിൾ ബയോ ബിന്നുകൾ. മാലിന്യ കൂനകൾ നീക്കി വഴിയോരങ്ങൾ സൗന്ദര്യവൽക്കരിച്ചത് നഗരത്തിന് പുതുജീവൻ നൽകി. പാതയോരങ്ങളിൽ പുച്ചെടികൾ സ്ഥാപിക്കുന്നതിനൊപ്പം പരിപാലനം ഉറപ്പാക്കുന്നതിനും ഭരണസമിതിക്കായി. എൻ്റെ മാലിന്യം എൻ്റെ ഉത്തരവാദിത്വം എന്ന തിരിച്ചറിവ് ജനങ്ങൾക്ക് പകർന്നു നൽകുന്നതി നൊപ്പം എംസിഎഫ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ വ്യാപിപ്പിക്കുന്നതിന് ജനപ്രതിനിധികളുടെ കാര്യക്ഷമമായ ഇടപെടലുകൾ അനിവാര്യമാണ്. സുഗമമായ നഗര ജീവിതത്തിനായി സീവേജ്, സെപ്റ്റേജ് മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ സ്ഥാപിക്കാൻ ശക്തമായ നിലപാടുകൾ സ്വീകരിക്കേണ്ടതുണ്ട്. സങ്കുചിതമായ താല്‌പര്യങ്ങൾക്ക് മുകളിൽ പൊതുജന നന്മയെ ലക്ഷ്യംവെയ്‌ക്കുന്ന തീരുമാനങ്ങളാണ് ഇതിനായി ഭരണ സമിതി കൈക്കൊള്ളുന്നത്.
———
അഭിമാനകരമായ ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഭരണസമിതി വരും കാല പ്രവർത്തനങ്ങൾക്കുള്ള മാർഗ്ഗരേഖ ചമയ്ക്കുക കൂടിയാണ് ഈ ബജറ്റിലൂടെ. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയിലാണ് പത്തനംതിട്ട നഗരസഭയുടെ ഭരണസാരഥ്യം 2020 ഡിസംബർ 28 ന് ഇന്നത്തെ ഭരണസമിതി ഏറ്റെടുത്തത്. തുടർന്നുണ്ടായ മികച്ച ധനകാര്യ മാനേജ്മെന്റിന്റെ സാക്ഷ്യപത്രമാണ് ഇന്ന് നാട് കാണുന്ന എല്ലാ വികസന പ്രവർത്തനങ്ങളും എന്ന് ബജറ്റിന്റെ ആമുഖപ്രസംഗത്തിൽ നഗരസഭ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ ചൂണ്ടിക്കാട്ടി.