പത്തനംതിട്ട : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവിനായി പത്തനംതിട്ട നഗരസഭാ സ്റ്റേഡിയത്തില്‍ താല്‍ക്കാലിക ഹെലിപ്പാഡ് നിര്‍മ്മിച്ചതിലൂടെ ഉണ്ടായ നാശനഷ്ടം ബി.ജെ.പി നികത്തണമെന്ന് നഗരസഭ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദിയുടെ വരവിനായി സ്റ്റേഡിയം വിട്ടുനല്‍കിയത് ബി.ജെ.പിയുടെ അപേക്ഷ പ്രകാരമാണ്. സ്റ്റേഡിയം പൂര്‍വസ്ഥിതിയിലാക്കാനുള്ളതിന്റെ ചെലവ് ബി.ജെ.പി വഹിക്കണമെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി സക്കീര്‍ ഹുസൈന്‍ ആവശ്യപ്പെട്ടു.
ഈ വിഷയം ഉന്നയിച്ച് നഗരസഭ ജില്ലാ ഭരണകൂടത്തിന് കത്ത് നല്‍കിയിട്ടുണ്ട്. സ്റ്റേഡിയത്തില്‍ ബി.ജെ.പി നിര്‍മ്മിച്ച താല്‍ക്കാലിക ഹെലിപ്പാഡ് ഇതുവരെയും പൊളിച്ചുമാറ്റിയിട്ടില്ല. മൂന്ന് ദിവസം കൊണ്ടാണ് ഹെലിപ്പാഡ് നിര്‍മ്മിച്ചത്. ഹെലിപ്പാഡിന്റെ നിര്‍മ്മാണത്തോടെ സ്‌റ്റേഡിയത്തിന്റെ വലിയൊരു ഭാഗം പിച്ചും നശിച്ച നിലയിലാണ്. സ്റ്റേഡിയത്തിലേയ്ക്കിറക്കി നിര്‍മ്മിച്ച റോഡ്, ട്രാക്കിന്റെ നാശത്തിനും ഇടയാക്കിയിട്ടുണ്ട്. സ്റ്റേഡിയം എന്ന് പൂര്‍വസ്ഥിതിയിലാക്കും എന്നത് ഇപ്പോഴും അവ്യക്തമായി തുടരുകയാണ്.
ഹെലിപ്പാഡ് പൊളിച്ചുനീക്കാത്തത് കായിക പരിശീലനത്തിനെത്തുന്നവര്‍ക്ക് ദുരിതമാണ് നല്‍കുന്നത്. സ്റ്റേഡിയത്തില്‍ പരിശീലനത്തിനെത്തുന്ന കായിക പ്രതിഭകള്‍ നിരവധിത്തവണ പരാതി ഉന്നയിച്ചുകഴിഞ്ഞു. ഇതിന് പിന്നാലെയാണ് ഹെലിപ്പാഡ് പൊളിച്ചുമാറ്റി സ്റ്റേഡിയം പൂര്‍വസ്ഥിതിയിലാക്കാനുള്ള ചെലവ് ബി.ജെ.പി വഹിക്കണമെന്ന ആവശ്യം നഗരസഭ ഉന്നയിച്ചിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ഉയര്‍ത്തിയ പ്രധാന വികസന പദ്ധതികളില്‍ ഒന്ന് ഇതേ സ്റ്റേഡിയം തന്നെയായിരുന്നു.