പത്തനംതിട്ട: നഗരസഭയുടെ മാസ്റ്റർ പ്ലാന്റെ ഭാഗമായ കുമ്പഴ സ്കീം വിശദമായ ചർച്ചകൾക്ക് ശേഷം മാത്രമേ നടപ്പിലാക്കാവുവെന്ന് മുൻ നഗരസഭ ചെയർമാൻ അഡ്വ. എ. സുരേഷ് കുമാർ പറഞ്ഞു. ആറുമാസം മുമ്പ് കുമ്പഴ സ്കീമുമായി ബന്ധപ്പെട്ട ചർച്ച നഗരസഭ കൗൺസിലിൽ നടന്നപ്പോൾ വിശദമായ ചർച്ചകൾക്കും ജനങ്ങളുടെ പരാതികൾ കേട്ടതിനും ശേഷം മാത്രമേ ഇത് കൗൺസിൽ യോഗത്തിൽ കൊണ്ടുവരികയുള്ളൂ എന്ന് നഗരസഭ ചെയർമാൻ ഉറപ്പു പറഞ്ഞിരുന്നതാണ്.
എന്നാൽ പ്രതിപക്ഷത്തെ വിശ്വാസത്തിൽ എടുക്കാതെയും ജനങ്ങളുടെ അഭിപ്രായങ്ങൾ സ്വീകരിക്കാതെയും പൊടിതട്ടി വെച്ചിരുന്ന കുമ്പഴ സ്കീം വീണ്ടും പുറത്തെടുത്തിരിക്കുന്നത് ആരെയൊക്കെയോ തൃപ്തിപ്പെടുത്തുവാൻ വേണ്ടി ആണെന്നും സുരേഷ് കുമാർ പറഞ്ഞു.
നേരത്തെ കുമ്പഴ ആസ്ഥാനത്തു മാത്രം ബാധകമായിരുന്ന മാസ്റ്റർ പ്ലാൻ ഇപ്പോൾ 300 ഏക്കറിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നത് ആ പ്രദേശത്തിൻറെ വികസനത്തെ എല്ലാം പിന്നോട്ട് അടിക്കുമെന്നും സുരേഷ് കുമാർ പറഞ്ഞു. മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട അജണ്ട കൗൺസിൽ അംഗങ്ങൾക്ക് നൽകിയപ്പോൾ എന്താണ് ഇതിൻറെ ഉള്ളടക്കം എന്ന് ഒരു ലഘു കുറിപ്പ് പോലും നൽകുവാൻ നഗരസഭ ചെയർമാൻ തയ്യാറായില്ല. ഇതെല്ലാം സംശയങ്ങൾക്ക് ഇട നൽകുന്നതായും കൗൺസിലിൽ ഭൂരിപക്ഷം പോലും നോക്കാതെ ഇത് പാസാക്കിയതായി പ്രഖ്യാപിച്ച് കൗൺസിൽ ഹാളിൽ നിന്ന് ചെയർമാൻ ഇറങ്ങിപോയത് ജനാതിപത്യ മര്യാദകൾക്ക് എതിരാണന്നും സുരേഷ് കുമാർ പറഞ്ഞു.