നിരണം : വെള്ളക്കെട്ടിൽ നിന്നു രക്ഷപ്പെടാൻ നിർമിച്ച കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയപ്പോൾ മുതൽ ജലക്ഷാമത്തിന്റെ പിടിയിൽ. പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ അവസ്ഥയാണിത്. ദിവസം നൂറോളം രോഗികൾ എത്തുന്ന ആശുപത്രിയിൽ വെള്ളമില്ലാത്തതു കാരണം ചികിത്സ പോലും മുടങ്ങാൻ സാധ്യത. രണ്ടര വർഷം നീണ്ട നിർമാണത്തിനൊടുവിൽ കഴിഞ്ഞ മാസം 21ന് കെട്ടിട ഉദ്ഘാടനം നടന്നു. മാത്യു ടി.തോമസ് എംഎൽഎയുടെ ആസ്തിവികസന ഫണ്ട് ഒന്നരക്കോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടത്തിൽ അടിസ്ഥാന സൗകര്യം ഇനിയും പൂർണമായിട്ടില്ല. എന്നിട്ടും ഈ മാസം ഒൻപതിന് പ്രവർത്തനം ഇവിടേക്കു മാറ്റുകയും ചെയ്തു.
ദിവസവും ടാങ്കറിൽ വെള്ളം എത്തിച്ചുനൽകാമെന്ന് പഞ്ചായത്ത് അധികൃതർ നൽകിയ ഉറപ്പിലാണ് പ്രവർത്തനം മാറ്റിയത്. ഇതനുസരിച്ച് വെള്ളം എത്തിച്ചുനൽകുന്നുണ്ടെങ്കിലും ഒരു ദിവസം വെള്ളം എത്തിയില്ലെങ്കിൽ ആശുപത്രി പ്രവർത്തനം നിർത്തിവെയ്‌ക്കേണ്ടിവരും. പൈപ്പ് കണക്‌ഷൻ നൽകേണ്ട ജല അതോറിറ്റി അതിനുള്ള നടപടി ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നാണ് പരാതി. രണ്ട് വനിതാ ഡോക്ടർമാരാണ് ആശുപത്രിയിലുള്ളത്. ഇതിനു പുറമേ 17 ജീവനക്കാരുമുണ്ട്. ഇതിൽ 12 പേർ വനിതകളാണ്. ചികിത്സയ്ക്കു മാത്രമല്ല ഇവർക്ക് പ്രാഥമികാവശ്യത്തിനു പോലും വെള്ളം കിട്ടുന്നില്ലെന്നാണ് പരാതി. പൈപ്പ് കണക്‌ഷൻ ലഭ്യമാക്കി വെള്ളം എത്തിച്ചില്ലെങ്കിൽ ഒപി നിർത്തിവെയ്‌ക്കേണ്ടി വരുമെന്നതാണ് അവസ്ഥ.