വെച്ചൂച്ചിറ : ജില്ലയുടെ കിഴക്കൻ മേഖലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായിരുന്ന പെരുന്തേനരുവി വേനലെത്തും മുമ്പേ വറ്റിവരണ്ടത് സന്ദർശകരെ നിരാശയിലാക്കുന്നു. പമ്പാനദിയുടെ മധ്യത്തിലെ വെള്ളച്ചാട്ടം കാണാൻ എത്തുന്നവർ പാറക്കൂട്ടങ്ങൾ കണ്ടു മടങ്ങുന്നു. പെരുന്തേനരുവി ജലവൈദ്യുതി പദ്ധതിക്കായി നാവീണാരുവിക്കു മുകളിലായി ആറ്റിൽ തടയണ നിർമിക്കും മുൻപു വരെ കടുത്ത വേനലിലും അരുവിയിലെ വെള്ളം വറ്റിയിരുന്നില്ല.
തടയണ കെട്ടിയതോടെ താഴേക്ക് ഒഴുകി എത്താൻ വെള്ളമില്ലാതായി. തടയണയിൽ നിന്നുള്ള വെള്ളം കനാലിലൂടെ പവർ സ്റ്റേഷനിൽ എത്തിച്ചാണ് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. ഇതിനു ശേഷം അരുവിക്ക് 100 മീറ്റർ താഴെയാണ് വെള്ളം ആറ്റിലേക്ക് തുറന്നു വിടുന്നത്. തടയണയ്ക്കും പവർ സ്റ്റേഷനും മധ്യേ 600 മീറ്ററിൽ നീരൊഴുക്കില്ല. തടയണ പണിതതോടെ നാവീണാരുവിയും ഇല്ലാതായി.
പെരുന്തേനരുവി ടൂറിസം പദ്ധതി നടപ്പാക്കുന്നതിനെ കെഎസ്ഇബി തുടക്കത്തിലെ എതിർത്തിരുന്നു. നീരൊഴുക്ക് തടസ്സപ്പെടുമെന്നാണ് അവർ പറഞ്ഞിരുന്നത്. വൈദ്യുതി, ടൂറിസം മന്ത്രിമാരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ അരുവിക്ക് കോട്ടം തട്ടാതെ ഇരു പദ്ധതികളും നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു. തടയണയിൽ നിന്ന് വെള്ളം തുറന്നു വിടുമ്പോൾ മാത്രമാണ് അരുവിയിൽ വെള്ളമുള്ളത്. മറ്റു സമയങ്ങളിൽ വറ്റി വരണ്ടു കിടക്കുന്നു. ജലക്ഷാമം പരിഹരിക്കാൻ പൈപ്പിലൂടെ വെള്ളം എത്തിക്കുകയാണ് വേണ്ടത്. ഇതിന് ജലവിഭവ, ടൂറിസം വകുപ്പുകൾ ചേർന്ന് പദ്ധതി നടപ്പാക്കണം. അതു സാധ്യമായില്ലെങ്കിൽ കോടികൾ ചെലവഴിച്ചു നിർമിച്ച ടൂറിസം പദ്ധതി പാഴാകും.