പത്തനംതിട്ട: പതിനേഴുകാരിയെ കടത്തിക്കൊണ്ടുപോയി ലൈംഗികപീഡനത്തിന് ഇരയാക്കിയ യുവാവിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മാറനല്ലൂർ കൂവളശ്ശേരി, പൂവൻ വിള പുളിയറ തലയ്ക്കൽ പുത്തൻവീട്ടിൽ രഞ്ജിത്ത് (23)ആണ് പിടിയിലായത്. പെൺകുട്ടിയുമായി പ്രണയബന്ധത്തിലായ യുവാവ് ഈ മാസം രാവിലെ സ്കൂളിൽ പോയ കുട്ടിയെ തുമ്പമണ്ണിൽ വിളിച്ചുവരുത്തി ബൈക്കിൽ കയറ്റി തിരുവനന്തപുരം കാട്ടാക്കടയിലെ വീട്ടിൽ എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.
കുട്ടി സ്കൂളിൽ പോയിട്ട് തിരികെ വരാഞ്ഞതോടെ പിതാവിന്റെ മൊഴിപ്രകാരം പത്തനംതിട്ട പോലീസ് കേസെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. മൊഴിയെടുത്തതിൽ താൻ ബലാത്സംഗത്തിനിരയായതായി പെൺകുട്ടി പോലീസിനോട് പറഞ്ഞു. വനിതാ സെൽ എസ് ഐ ഐ വി ആഷ വിശദമായ മൊഴി രേഖപ്പെടുത്തി. സ്റ്റേഷന്റെ ചുമതല വഹിക്കുന്ന എസ് ഐ കെ ജി ബാലസുബ്രഹ്മണ്യൻ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് വിവരം ശിശു ക്ഷേമ സമിതിയെ അറിയിക്കുകയായിരുന്നു.
കുട്ടിയെ കണ്ടെത്തിയശേഷം ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കി പിന്നീട് പത്തനംതിട്ട ജെ എഫ് എം ഒന്ന് കോടതിയിൽ മൊഴി രേഖപ്പെടുത്തി. രഞ്ജിത്ത് തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി കുട്ടി പോലീസിനോട് വെളിപ്പെടുത്തി. ഇതുപ്രകാരം ബലാൽസംഗത്തിനും പോക്സോ നിയമം അനുസരിച്ചും യുവാവിനെതിരെ കേസെടുത്ത പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. തുടർന്ന് രാത്രി 9.23 ന് അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് പ്രതിയുടെ വൈദ്യപരിശോധന ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി. വീടിനു സമീപത്തുള്ള ഓട്ടോമൊബൈൽ വർക്ഷോപ്പിൽ ജോലിക്കാരനാണ് രഞ്ജിത്തെന്ന് പോലീസ് പറഞ്ഞു.