റാന്നി: മരം മുറിക്കുന്നതിനിടയില്‍ വടം പൊട്ടി മറുവശത്തേക്ക് വീണ ശിഖരം തലയില്‍ തട്ടി തൊഴിലാളിക്ക് ദാരുണാന്ത്യം. വെച്ചൂച്ചിറ കക്കുടുക്ക പുഞ്ചിരിമുക്ക് സ്വദേശി കണിയാമ്പാറയില്‍ വര്‍ഗീസിന്‍റെ മകന്‍ സിബി വര്‍ഗീസ്(50) ആണ് അപകടത്തില്‍ മരിച്ചത്. കുന്നം വാഹമുക്ക് അച്ചടിപ്പാറയ്ക്ക് സമീപം കാരയ്ക്കാട്ട് ഫിലിപ്പിന്‍റെ റബ്ബര്‍ തോട്ടത്തിലാണ് മരണത്തിനിടയാക്കിയ സംഭവം.
യന്ത്രവാള്‍ ഉപയോഗിച്ച് തേക്ക് മരം മുറിക്കുന്നതിനിടയില്‍ വടം പൊട്ടുകയും ദിശതെറ്റി മരം മറുവശത്തേക്ക് വീഴുകയുമായിരുന്നു. മരം വീഴുന്നത് കണ്ട് ഓടി മാറാന്‍ ശ്രമിച്ചെങ്കിലും ശിഖരം തലയിലിടിക്കുകയായിരുന്നു. പാറകള്‍ നിറഞ്ഞ സ്ഥലത്ത് വീണ് മരം പൊട്ടാതിരിക്കാന്‍ വടം ഉപയോഗിച്ച് മറ്റു മരങ്ങളില്‍ ബന്ധിപ്പിച്ച് തൂക്കി ഇറക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് ഇരുന്നൂറ് മീറ്ററോളം ദൂരം തോളിലെടുത്താണ് സിബിയെ വാഹനമെത്തുന്ന വഴിയിലെത്തിച്ചത്.
തുടര്‍ന്ന് റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല. സിബി ഉള്‍പ്പെടെ മൂന്നു പേരാണ് രാവിലെ മരം മുറിക്കാനെത്തിയത്. കൂടെയുണ്ടായിരുന്ന സാജനും ജോണിയും ഓടാന്‍ ആവശ്യപ്പെട്ടെങ്കിലും ഓടുന്നതിനിടയില്‍ തിരിഞ്ഞു നോക്കിയതാണ് തടിയടിക്കാന്‍ കാരണമായത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനും കോവിഡ് പരിശോധനക്കുമായി കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: മേഴ്സി. മക്കള്‍: കെസിയ വര്‍ഗീസ്, റിസിലി വര്‍ഗീസ്. സംസ്ക്കാരം പിന്നീട്.