പത്തനംതിട്ട: ശബരിമല തീര്‍ഥാടനം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പാതയോരങ്ങള്‍ കാടുമൂടി തന്നെ കിടക്കുന്നു. പാത വൃത്തിയാക്കുന്നതടക്കമുള്ള മുന്നൊരുക്കം പൊതുമരാമത്ത് തുടങ്ങിയിട്ടില്ല. മുന്‍വര്‍ഷങ്ങളില്‍ തീര്‍ഥാടന കാലം അടുക്കുമ്പോഴേക്കും ശരണ പാതകളുടെ വശങ്ങളിലെ കാട് തെളിക്കുന്ന ജോലികള്‍ മുന്നൊരുക്കത്തിന്റെ ഭാഗമായി നടത്തുന്നത് പതിവായിരുന്നു.
ഈ വര്‍ഷം തീര്‍ഥാടനത്തിന് ആഴ്‌ചകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ റോഡിന്റെ വശങ്ങളെല്ലാം തന്നെ കാടും വള്ളിപ്പടര്‍പ്പുകളും നിറഞ്ഞ് കാല്‍നടയാത്രക്ക് പോലും സ്‌ഥലം ഇല്ലാതിരിക്കുകയാണ്. പൊതുമരാമത്ത് വകുപ്പ് കാടുവെട്ടാന്‍ കരാര്‍ നല്‌കുകയാണ് ചെയ്‌തിരുന്നത്. ഇത്തവണ കോവിഡിന്റെയും സാമ്പത്തിക ബുദ്ധിമുട്ടിന്റെയും പേരു പറഞ്ഞ് റോഡിലെ കാടുകള്‍ നീക്കുമോയെന്ന് ആശങ്കയിലാണ് ഭക്‌തരും തദ്ദേശവാസികളും. റാന്നിയിലെ മുഴുവന്‍ റോഡിന്റെയും പുനരുദ്ധാരണം തീര്‍ഥാടനത്തെ ആശ്രയിച്ചായിരുന്നു.
അതിനാല്‍ ഓരോ വര്‍ഷവും ശബരിമല തീര്‍ഥാടന പ്രതീക്ഷയില്‍ കഴിയുന്ന ജനങ്ങളാണ് റാന്നിയിലേത്. അവര്‍ ഈ വര്‍ഷം എങ്ങനെയായിത്തീരും എന്ന ആശങ്കയിലാണ്. റോഡിന്റെ ഇരുവശങ്ങളും കാട് മൂടിയതിനാല്‍ കാല്‍നട യാത്രക്കാര്‍ക്ക് പുറമേ വാഹന ഉടമകളും വശങ്ങളിലെ കുഴികള്‍ അറിയാതെ ബുദ്ധിമുട്ടുന്നുണ്ട്. അന്യസംസ്‌ഥാനത്തു നിന്നെത്തുന്ന വാഹനങ്ങളില്‍ കൂടുതലും വലിയ ടൂറിസ്‌റ്റ് ബസുകള്‍ ആയതിനാല്‍ റോഡിന്റെ ടാറിങ്ങില്‍ നിന്നും ഇറക്കാതെയാണ് ഇവര്‍ അമിതവേഗതയില്‍ വരുന്നത്. എതിരേ വരുന്ന ചെറിയ വാഹനങ്ങള്‍ റോഡിന്റെ വശങ്ങള്‍ക്ക് തിട്ടമില്ലാതെ പലപ്പോഴും അപകടത്തില്‍പ്പെടാന്‍ സാധ്യത കൂടുതലാണ്.
ശബരിമല തീര്‍ഥാടന പാതയില്‍ പ്രധാനമായും ഉള്ള ചെറുകോല്‍പ്പുഴ-റാന്നി റോഡിന്റെ പുനരുദ്ധാരണം സംബന്ധിച്ച് നാട്ടുകാര്‍ പ്രതിഷേധം കടുപ്പിച്ചിട്ടും ഈ വര്‍ഷവും തീര്‍ഥാടന കാലവും പഴയപടിയില്‍ തുടരാനുള്ള സാധ്യതയേറും. പമ്പയിലേക്ക് എരുമേലി വഴിയുള്ള കണമല, ഇലവുങ്കല്‍, പ്ലാപ്പള്ളി ആലപ്പാട്ടുകവല, ചാലക്കയം-പ്ലാപ്പള്ളി, മണ്ണാറക്കുളഞ്ഞി-പ്ലാപ്പള്ളി, ആങ്ങമൂഴി-പ്ലാപ്പള്ളി, വടശ്ശേരിക്കര, ചിറ്റാര്‍, ആങ്ങമൂഴി, മടത്തുംമൂഴി പൂവത്തുംമൂട്, പെരുനാട് ത്തത്തിക്കയം, ചെത്തോങ്കര അത്തിക്കയം, മുക്കട, ഇടമണ്‍, അത്തിക്കയം, ചെറുകോല്‍പ്പുഴ റാന്നി, മന്ദിരം വടശ്ശേരിക്കര പാതകളും നിര്‍മ്മാണം നടക്കുന്ന പുനലൂര്‍-മൂവാറ്റുപുഴ സംസ്‌ഥാന പാതയും ഉള്‍പ്പെടും. റോഡുകളുടെ വശങ്ങളില്‍ വളര്‍ന്നു നില്‍ക്കുന്ന കാടുകള്‍ തീര്‍ഥാടകര്‍ക്കു പുറമേ നാട്ടുകാര്‍ക്കും വെല്ലുവിളിയായതിനാല്‍ അധികൃതര്‍ അടിയന്തിര പരിഹാരം കാണണമെന്നാണ് ആവശ്യം