പത്തനംതിട്ട : മാലിന്യത്തിന്റെ അളവ് കുറയ്ക്കാൻ ലക്ഷ്യമിട്ടും പൊതുസമൂഹത്തിൽ പ്രകൃതി സൗഹൃദ ഉൽപ്പന്നങ്ങളുടെ ഉപയോഗ ശീലം വളർത്തുന്നതിനുമായി നടത്തിവരുന്ന ഗ്രീൻ പ്രോട്ടോകോൾ ക്യാമ്പയിൻ പ്രവർത്തനങ്ങൾ ശക്തമാക്കാൻ പത്തനംതിട്ട ശുചിത്വ മിഷൻ. ഇത് സംബന്ധിച്ച നടപടികൾ ഊർജ്ജിതമാക്കാൻ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകൾക്കും ഗ്രാമപഞ്ചായത്തുകൾക്കും നഗരസഭകൾക്കും ശുചിത്വ മിഷൻ നിർദ്ദേശങ്ങൾ നൽകി. ജില്ലയിൽ നടക്കുന്ന ക്ഷേത്രോത്സവങ്ങൾ, പള്ളി പെരുന്നാളുകൾ, വിവിധ തീർത്ഥാടന ആഘോഷങ്ങൾ, ആരോഗ്യ മേഖലയിലെ സ്ഥാപനങ്ങൾ, സ്കൂളുകൾ-കോളേജുകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ- സ്വകാര്യ മേഖല ഓഫീസുകൾ, ഓഡിറ്റോറിയങ്ങൾ, കൺവെൻഷൻ സെന്ററുകൾ, ബസ് സ്റ്റേഷനുകൾ, വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ, രാഷ്ട്രീയ- മത- സമുദായ സംഘടനകളുടെ പരിപാടികൾ, സമ്മേളനങ്ങൾ, എക്സിബിഷനുകൾ, ഫെസ്റ്റുകൾ, കൾച്ചറൽ ഈവന്റുകൾ തുടങ്ങിയവയിൽ എല്ലാം കർശനമായി ഗ്രീൻ പ്രോട്ടോകോൾ പാലിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
പരിപാടികളുടെ ഭാഗമായി ഭക്ഷണ വിതരണം നടത്തുന്നുണ്ടെങ്കിൽ അവയ്ക്ക് ഡിസ്പോസിബിൾ പ്ലേറ്റുകൾ ഉപയോഗിക്കാതെ സ്റ്റീൽ പ്ലേറ്റുകൾ ഉപയോഗിക്കണം, കുടിവെള്ള വിതരണത്തിന് സ്റ്റീൽ ഗ്ലാസ്സുകൾ ഉപയോഗിക്കണം, പരിപാടിയുടെ അറിയിപ്പ് നൽകാനായി തുണി ബാനറുകൾ ഉപയോഗിക്കുക, പ്ലാസ്റ്റിക്ക് ഉപയോഗിച്ചു കൊണ്ടുളള അലങ്കാരങ്ങൾ പാടില്ല, ഡിസ്പോസിബിൾ വസ്തുക്കൾ പൂർണ്ണമായി പരിപാടികളിൽ നിന്ന് ഒഴിവാക്കുക, ഏകോപയോഗ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ യാതൊരു കാരണവശാലും ഉപയോഗിക്കരുത് തുടങ്ങിയവയാണ് ഇത് സംബന്ധിച്ച പ്രധാന പൊതുനിർദ്ദേശങ്ങൾ.