പത്തനംതിട്ട : ജില്ലാ ശുചിത്വ മിഷന്റെയും ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ജില്ലാതല പരിസ്ഥിതി ദിനാഘോഷം ജൂൺ അഞ്ചിന് തുമ്പമൺ എംജിഎച്ച്എസ്എസ്സിൽ വെച്ച് നടക്കും. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം ആണ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുന്നത്. പരിപാടിയിൽ കാതോലിക്കേറ്റ് ആൻഡ് എം ഡി സ്കൂൾസ് കോർപറേറ്റ് മേധാവി ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് നൽകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിഎസ് അനീഷ്‍മോൻ, ജില്ലാ പഞ്ചായത്ത് മെമ്പർ റോബിൻ പീറ്റർ, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എ എസ് നൈസാം, പത്തനംതിട്ട ജില്ലാ ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ നിഫി എസ് ഹക്ക്, ഹരിതകേരളം മിഷൻ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ജി അനിൽ കുമാർ, പൊതുവിദ്യാഭ്യാസ വകുപ്പ് – ഹയർ സെക്കന്ററി വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ കെ സുധ എന്നിവർ യോഗത്തിൽ സംസാരിക്കും.
യോഗത്തിൽ ജില്ലയിലെ മികച്ച സ്നേഹരാമം തയ്യാറാക്കി പരിപാലിക്കുന്ന എംജിഎച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റിനെ പത്തനംതിട്ട ജില്ലാ ശുചിത്വ മിഷൻ ആദരിക്കും. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ കുട്ടികൾക്കായി ശുചിത്വം -മാലിന്യ നിർമാർജ്ജന തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ചിത്രരചന, പോസ്റ്റർ രചന, എൻവിറോൺമെന്റൽ പസ്സിൽ ഗെയിം എന്നിവ നടത്തും. തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളുടെ രചനകൾ ജില്ലാ ശുചിത്വ മിഷന്റെ ഔദ്യോഗിക ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകൾ വഴിയും, ജില്ലാ മിഷന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴിയും പ്രസിദ്ധീകരിക്കുന്നതായിരിക്കും. പരിസ്ഥിതി ദിനാചരണ പരിപാടികളുടെ ഈവന്റ് കൺവീനർ പത്തനംതിട്ട ജില്ലാ ശുചിത്വ മിഷൻ അസിസ്റ്റന്റ് മിഷൻ കോ ഓർഡിനേറ്റർ (ഐഇസി) അനൂപ് ശിവശങ്കരപ്പിള്ളയാണ്. ജില്ലാ ശുചിത്വ മിഷൻ ഐഇസി ഇന്റേൺ നീതു ലക്ഷ്മിയാണ് രചന മത്സരങ്ങളുടെ ഏകോപന ചുമതല നിർവഹിക്കുന്നത്. സമാന്തരമായി ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് പരിസ്ഥിതി ദിനാഘോഷങ്ങൾക്ക് അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും നേതൃത്വം നൽകുന്നു. ജൂൺ അഞ്ച് മുതൽ ജൂൺ 30 വരെ നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികൾക്കാണ് നാളെ ജില്ലാ ശുചിത്വ മിഷൻ തുടക്കമിടുന്നത്.