തിരുവല്ല : ചങ്ങനാശേരി-തിരുവല്ല കറ്റോട്, കല്ലിശേരി കുടിവെള്ള പദ്ധതികളുടെ നവീകരണ ജോലികൾ പുരോഗമിക്കുന്നു. ഡിസംബർ അവസാനവാരത്തോടെ പദ്ധതിയിൽനിന്നുള്ള ജലവിതരണം കാര്യക്ഷമമാകും. രണ്ടുവർഷം മുമ്പാണ് നവീകരണ പദ്ധതിക്കു തുടക്കമിട്ടത്.
പദ്ധതിയുടെ ഭാഗമായി തിരുമൂലപുരത്തു നിർമിക്കുന്ന 15 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള കൂറ്റൻ ടാങ്കിന്റെയും പ്രതിദിനം പത്തുദശലക്ഷം ലിറ്റർ ശേഷിയുള്ള കല്ലിശേരിയിലെ പ്ലാന്റിന്റെയും നിർമാണ ജോലികൾ പൂർത്തിയായി വരികയാണ്. ചങ്ങനാശേരി, തിരുവല്ല നഗരസഭകളിലും തിരുവൻവണ്ടൂർ, കുറ്റൂർ പഞ്ചായത്തുകളിൽ പൂർണമായും കവിയൂർ, നെടുംപുറം പഞ്ചായത്തുകളിൽ ഭാഗികമായും കല്ലിശേരി, കറ്റോട് പദ്ധതികളിൽനിന്നുമാണ് ഇപ്പോൾ ശുദ്ധജലം വിതരണം ചെയ്യുന്നത്. തിരുവൻവണ്ടൂർ, കുറ്റൂർ പഞ്ചായത്തുകൾക്കു മാത്രമായി അഞ്ച് ദശലക്ഷം ലിറ്റർ ശേഷിയുള്ള പുതിയ ശുദ്ധജല പദ്ധതിയുടെ നിർമാണവും നടന്നുവരികയാണ്.
ഈ പദ്ധതി പൂർത്തിയായാൽ കല്ലിശേരി പദ്ധതിയിൽനിന്ന് ഈ പഞ്ചായത്തുകളെ ഒഴിവാക്കാനാകും. കല്ലിശേരി പദ്ധതിയിൽനിന്നും ഇവർക്ക് നൽകിവരുന്ന ശുദ്ധജലംകൂടി ചങ്ങനാശേരിക്കു നൽകാനാകുമെന്നാണ് വാട്ടർ അതോറിറ്റി കണക്കു കൂട്ടുന്നത്.
അതേസമയം ഓരോ പ്രദേശത്തും വിതരണം ചെയ്യുന്ന ശുദ്ധജലത്തിന്റെ അളവ് അറിയുന്നതിനായി കല്ലിശേരി, കറ്റോട് ശുദ്ധീകരണ പ്ലാന്റിൽ 12 ഫ്ളോമീറ്ററുകൾ സ്ഥാപിക്കുന്ന ജോലികളും നടന്നുവരികയാണ്. ഇതിൽ ഒമ്പതെണ്ണം സ്ഥാപിച്ചുകളിഞ്ഞു. മൂന്ന് ഫ്ളോമീറ്ററുകൾ സ്ഥാപിക്കുന്ന ജോലികൾ അടുത്തമാസം പകുതിയോടെ പൂർത്തിയാകും.
കറ്റോട്, കല്ലിശേരി പദ്ധതികളിൽനിന്ന് അനുവദിച്ചിരിക്കുന്ന വെള്ളം അത്രയും വിവിധ സ്ഥലങ്ങളിൽ എത്തുന്നില്ലെന്നും തിരുവല്ല താലൂക്കിന്റെ വിവിധ ഭാഗങ്ങളിലേക്കു കൂടുതൽ വെള്ളം നൽകുന്നതായും പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് ഫ്ളോമീറ്റർ ഘടിപ്പിക്കാൻ വാട്ടർ അഥോറിറ്റി തീരുമാനിച്ചത്. ഫ്ളോമീറ്റർ ഘടിപ്പിക്കുന്നതോടെ ചങ്ങനാശേരി ഉൾപ്പെടെയുള്ള സ്ഥലങ്ങൾക്ക് അനുവദിച്ചിരിക്കുന്ന ശുദ്ധജലം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാകുമെന്നു വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു.