തിരുവല്ല: വരുന്ന പുഞ്ചക്കൃഷിക്കായി ഒരുക്കങ്ങള്‍ നടക്കുമ്പോഴും കൃഷിവകുപ്പിന്റെ സഹായം പരിമിതമെന്ന് കര്‍ഷകര്‍ പറയുന്നു. നിലമൊരുക്കല്‍ ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനാവശ്യമായ വസ്‌തുക്കള്‍ ലഭിക്കാത്തതാണ് കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഇതിനായുള്ള നീറ്റുകക്കയും ഡോളോമെറ്റും ആവശ്യത്തിന് ലഭ്യമല്ലെന്ന പരാതി കര്‍ഷകര്‍ക്കിടയില്‍ വ്യാപകമായിട്ടുണ്ട്.
അടുത്തമാസം ആദ്യംതന്നെ വിതയ്‌ക്കണമെന്നാണ് കൃഷിവകുപ്പ് നിര്‍ബന്ധം പിടിക്കുന്നത്. ഇതിനായി പാടശേഖരങ്ങളില്‍ വെള്ളം വറ്റിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. വെള്ളം വറ്റിച്ച പാടശേഖരങ്ങളില്‍ ഉഴവുജോലികള്‍ പുരോഗമിക്കുന്നു. പാടശേഖരങ്ങളിലെ പുളിയിളക്കം തടയാനാണ് നീറ്റുകക്കയും ഡോളോമെറ്റും ഉപയോഗിക്കുന്നത്.
നിലമൊരുക്കലിന്റെ ഭാഗമായി പാടത്തെ വെള്ളം വറ്റിക്കുമ്പോള്‍ കളകള്‍ ചീഞ്ഞ് മണ്ണിനൊപ്പം ചേരും. ഇതുമൂലം മണ്ണിലെ അമ്ലത വര്‍ധിപ്പിക്കുന്നു. പുളിയിളക്കമുള്ള പാടത്ത് വിതച്ചാല്‍ വിത്തുകിളര്‍ക്കില്ല. പുളിയിളക്കം തടയാന്‍ നിലമൊരുക്കലിന്റെ ഭാഗമായി ഉഴവുജോലികള്‍ നടക്കുമ്പോള്‍ നീറ്റുകക്കയോ ഡോളോമെറ്റോ മണ്ണില്‍ വിതറേണ്ടവരും. കൃഷിഭവന്‍ വഴിയാണ് സാധാരണയായി സബ്‌സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് ഇവ വിതരണം ചെയ്‌തു വരുന്നത്.
നിലമൊരുക്കലിന് മുമ്പുതന്നെ കര്‍ഷകര്‍ സബ്‌സിഡി കുറച്ചുള്ള തുക കൃഷിഭവനില്‍ അടയ്‌ക്കുകയാണ് പതിവ്. ഇതിനായി കൃഷിഭവനുകളുമായി ബന്ധപ്പെട്ടപ്പോള്‍ ഉത്തരവ് ഇറങ്ങിയില്ലെന്ന മറുപടിയാണ് കര്‍ഷകര്‍ക്ക് ലഭിച്ചത്. ഒരു ഹെക്‌ടറിന് 12 പായ്‌ക്കറ്റ് നീറ്റുകക്കയാണ് വേണ്ടത്. 145 മുതല്‍ 150 രൂപ വിലവരുന്ന ഒരു പാക്കറ്റ് നീറ്റുകക്കയ്‌ക്ക് 55 രൂപയാണ് സബ്‌സിഡി കൊടുക്കുന്നത്. പുഞ്ചക്കൃഷി അടുത്തെത്തിയപ്പോള്‍ ഇവ സബ്‌സിഡി നിരക്കില്‍ ലഭിക്കാത്തത് കര്‍ഷകര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.