കോഴഞ്ചേരി : കാലവര്‍ഷം ആരംഭിച്ചതോടെ പത്തനംതിട്ട – തിരുവല്ല സംസ്ഥാന പാത ആകെ കുളമായി. കുഴികളില്‍ ഇറങ്ങിക്കയറി വേണം യാത്ര. ഒന്നില്‍ ഇറങ്ങി മുകളിലേക്ക് കയറുമ്പോഴേക്കും അടുത്തതില്‍ ചാടിയിരിക്കും. ഇത്തരത്തില്‍ റോഡ് കുഴികളാല്‍ നിറഞ്ഞിരിക്കുകയാണ്. ദിവസേന അപകടങ്ങള്‍ കൂടുകയും ചെയ്യുന്നു. നേരത്തെ തന്നെ അപകട മേഖലയായ വാര്യാപുരം ഭാഗത്ത് നിരവധി വലിയ കുഴികളാണ് ഉണ്ടായിട്ടുള്ളത്. വാര്യാപുരം ജംഗ്ഷനിലെ കുഴികള്‍ കടക്കാന്‍ ഏറെ നേരം തന്നെ വേണ്ടി വരും. ബസ് സ്‌റ്റോപ്പ് കൂടി ആയതിനാല്‍ എപ്പോഴും ഇവിടെ തിരക്കുമാണ്. റോഡിന് കുറുകെയും നേടുകയുമായി ഉണ്ടായിരുന്ന കുഴികള്‍ ഇപ്പോള്‍ ചപ്പാത്തുകളായി രൂപപ്പെട്ടു.
സംസ്‌ഥാന പാതയിലെ പ്രദേശമായ വാര്യാപുരം കടക്കുക ശ്രമകരം തന്നെയാണ്. ഇവിടെ നിന്നും പത്തനംതിട്ട ഭാഗത്തേക്കുള്ള വളവിലും ഇറക്കത്തിലും നിരവധി കുഴികളുണ്ട്. തൂക്കുപാലം, ചുരുളിക്കോട്, നന്നുവക്കാട് എന്നിവിടങ്ങളിലും അപകടം ഉണ്ടാക്കുന്ന നിരവധി കുഴികളാണുള്ളത്. കോഴഞ്ചേരി ടൗണിലും പരിസരങ്ങളിലും മാത്രം നിരവധി വലിയ കുഴികള്‍ ആണ് ഉണ്ടായിരിക്കുന്നത്. ടി.ബി.ജംഗ്ഷനില്‍ വണ്‍വേ റോഡില്‍ വലിയ ഗര്‍ത്തം തന്നെ ഉണ്ട്. നിരവധി വാഹനങ്ങള്‍ ആണ് ഈ കുഴിയില്‍ ദിവസവും വീണ് അപകടത്തില്‍ പെടുന്നത്. ഇരു ചക്ര വാഹന യാത്രക്കാര്‍ക്കാണ് അധികവും അപകടം ഉണ്ടാകുന്നത്. പൊയ്യാനില്‍ മുക്ക്, നെടിയത്ത് മുക്ക്, പാമ്പാടിമണ്‍, ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ഗേറ്റ്, തുടങ്ങിയിടങ്ങളിലും നിരവധി കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്.
തിരുവാഭരണ പാതയില്‍ വണ്‍വേ റോഡിലും കുഴികള്‍ നിരവധി ആണ്. ഇതില്‍ അധികവും അപകട സാധ്യതയുള്ള വലിയ ഗര്‍ത്തങ്ങള്‍ ആണ് മഴ പെയ്‌തു വെള്ളം കെട്ടി കിടന്നാല്‍ കുഴികള്‍ കാണാന്‍ പറ്റില്ല. അപ്പോഴാണ് കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നത്. മാരാമണ്‍, ചെട്ടിമുക്ക് എന്നിവിടങ്ങള്‍ കടന്നാല്‍ പുല്ലാട് കവലയില്‍ വലിയ കുഴികളുണ്ട്. സംസ്‌ഥാന പാതയില്‍ നിന്നും വെണ്ണിക്കുളത്തേക്ക് തിരിയുന്ന ഭാഗം കൂടിയാണിത്. ഇതിനാല്‍ മിക്കപ്പോഴും ഇവിടെ ഗതാഗത തടസവും ഉണ്ടാകുന്നുണ്ട്. ചെറിയ മഴ പെയ്‌താല്‍ പോലും വെള്ളക്കെട്ട് രൂപപ്പെടുന്ന ഇവിടെ കൂടുതല്‍ കുഴികള്‍ ഉണ്ടാകാന്‍ കാരണവും ഇത് തന്നെ. വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സമരങ്ങള്‍ വരെ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. ഇതോടെ ദിവസവും ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ ആണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.