വടശേരിക്കര: ശബരിമല തീര്‍ഥാടന പാതയിലെ ഏറ്റവും പ്രധാനപ്പെട്ട ടൗണായ വടശേരിക്കരയ്ക്ക് ബസ് സ്‌റ്റാന്‍ഡ് വേണമെന്ന ആവശ്യത്തിന് പ്രസ്‌കതിയേറുന്നു. പ്രധാന ഇടത്താവളങ്ങളിലൊന്നായ ഇവിടെ തീര്‍ഥാടനകാലം പിറന്നാല്‍ പിന്നെ വന്‍ തിരക്കാണ്. ഗതാഗത കുരുക്കില്‍ ടൗണ്‍ വീര്‍പ്പ് മുട്ടും. തീര്‍ഥാടന കാലമായാല്‍ മണ്ണാരകുളഞ്ഞി, ചാലക്കയം, പമ്പ റോഡിലൂടെ നൂറുകണക്കിന് കെ.എസ്.ആര്‍.ടി.സി ബസുകളും അന്യസംസ്‌ഥാന തീര്‍ത്ഥാടകരുടെ വാഹനങ്ങളും കടന്നു പോകും.
പ്രധാന റോഡിന്റെ ഇരുവശങ്ങളിലും ഓട്ടോറിക്ഷകളും ടാക്‌സി വാഹനങ്ങളും പാര്‍ക്കു ചെയ്യുന്നതിനാല്‍ ഗതാഗത കുരുക്ക് പതിവാണ്. ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തേണ്ടത് പഞ്ചായത്താണ്. കാലാകാലങ്ങളില്‍ മാറി വരുന്ന പഞ്ചായത്ത് ഭരണസമിതി ഇതിനായി പ്രത്യേകിച്ചൊന്നും ചെയ്യാറില്ല. ടൗണിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനും യാത്രക്കാരുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ബസ് സ്‌റ്റാന്‍ഡ് വേണമെന്നുള്ള നാട്ടുകാരുടെ ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്.
ഇത് പഞ്ചായത്ത് മുഖവിലയ്‌ക്കടുക്കുന്നില്ലന്നാണ് നാട്ടുകാരുടെ ആക്ഷേപം. തീര്‍ഥാടന കാലങ്ങളില്‍ അയ്യപ്പന്‍മാര്‍ക്ക് വിരി വയ്‌ക്കാനും വിശ്രമിക്കുന്നതിനുമുള്ള സൗകര്യങ്ങളും ചെറുകാവ് ക്ഷേത്രത്തിനു സമീപമുള്ള വിശ്രമകേന്ദ്രത്തില്‍ ക്രമിരിച്ചിട്ടുണ്ട്. ഇവരുടെ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുവാന്‍ സ്‌ഥലം ഇല്ലാത്തതു കാരണം ഇവിടെയെത്തുന്ന തീര്‍ത്ഥാടകര്‍ മറ്റ് ഇടത്താവളങ്ങളിലേക്ക് പോകുകയാണ് പതിവ്. വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കച്ചവടക്കാര്‍ക്ക് ഇത് നിരാശ സമ്മാനിക്കുന്നു. ടൗണില്‍ ബസ് സ്‌റ്റാന്‍ഡും പാര്‍ക്കിങ്ങ് ഗ്രൗണ്ടും ക്രമീകരിച്ചാല്‍ തീര്‍ത്ഥാടകര്‍ ക്യാമ്പ് ചെയ്യുകയും വ്യാപാര സ്‌ഥാപനങ്ങള്‍ക്കടക്കം കൂടുതല്‍ പ്രയോജനം ലഭിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.