കൊല്ലം: ഗുരുതരാവസ്ഥയിലുള്ള രോഗി പടി കയറുന്നതിനിടെ പാതി വഴിയില്‍ വീണ് മരിച്ചു. കൊട്ടാരക്കര താലൂക്കാശുപത്രിയിലാണ് സംഭവമുണ്ടായത്. കുറുമ്പാലൂര്‍ സ്വദേശി രാധാകൃഷ്ണനാണ് മരിച്ചത്. കുടുംബം കൊട്ടാരക്കര പോലീസില്‍ പരാതി നല്‍കി. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് രാധാകൃഷ്ണനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിക്കുന്നത്. ഇഞ്ചക്ഷന്‍ നല്‍കി അഡ്മിറ്റ് ചെയ്ത ഇദ്ദേഹത്തെ വാര്‍ഡിലേക്ക് മാറ്റി. എന്നാല്‍ കിടക്ക ഇല്ലെന്നും നോക്കട്ടെ എന്നുമായിരുന്നു ജീവനക്കാരുടെ പ്രതികരണം. ഒടുവില്‍ അവശനായ രാധാകൃഷ്ണനെ രണ്ടാമത്തെ നിലയിലേക്ക് പടികയറ്റുകയായിരുന്നു. പടികയറുന്നതിനിടയില്‍ പാതിവഴിയില്‍ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.
സ്ട്രെച്ചറോ വീല്‍ചെയറിലോ കൊണ്ടു പോകാന്‍ റാമ്പ് തുറന്ന് നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ലെന്നും തന്റെ കയ്യിലേക്കാണ് അച്ഛന്‍ മരിച്ചുവീണതെന്നും മകന്‍ അഭിജിത്ത് പറയുന്നു. വിധഗ്ധ ചികിത്സ നല്‍കിയിരുന്നെങ്കില്‍ അച്ഛന്‍ ജീവനോടെ ഉണ്ടാകുമായിരുന്നു. മൃതശരീരം ചുമന്ന് താഴെ എത്തിക്കേണ്ടിവന്നു. ഇതിനും ജീവനക്കാരുടേയും സെക്യൂരിറ്റിയുടേയും സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ആരും ചെന്നില്ല എന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കൊട്ടാരക്കര പോലീസിനും ആശുപത്രി സൂപ്രണ്ടിനും ബന്ധുക്കള്‍ പരാതി നല്‍കി.