പാലക്കാട്: പാലക്കാട് ജില്ലയിലെ പട്ടാമ്പി കരിമ്പനക്കടവിൽ ഇന്നലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്ത് പോലീസ് കസ്റ്റഡിയിൽ. കൊല്ലപ്പെട്ട അൻസാർ നൽകിയ മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് കൊടലൂർ സ്വദേശി മുസ്തഫയെ തൃത്താല പോലീസ് വടക്കാഞ്ചേരിയിൽ നിന്ന് വ്യാഴാഴ്ച രാത്രി പത്തരയോടെ കസ്റ്റഡിയിൽ എടുത്തത്. തന്റെ ഉറ്റ സുഹൃത്ത് മുസ്തഫയാണ് തന്നെ കൊല്ലാൻ ശ്രമിച്ചതെന്ന് അൻസാർ ആശുപത്രിയിലെത്തിച്ചപ്പോൾ നഴ്സിനോട് പറഞ്ഞിരുന്നു. ഇത് പ്രകാരമാണ് മുസ്തഫയുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി മുസ്തഫയെ പിടികൂടിയത്.
പോലീസ് പിടികൂടുമ്പോൾ മുസ്തഫയുടെ ദേഹത്ത് രക്തക്കറ ഉണ്ടായിരുന്നു. ഇന്നലെ പട്ടാമ്പി തൃത്താല റോഡില്‍ കരിമ്പനക്കടവിന് സമീപം റോഡില്‍ രക്തക്കറ കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കരിമ്പനക്കടവില്‍ ഭാരതപ്പുഴയിലേക്ക് ഇറങ്ങുന്ന ഭാഗത്തും പുഴയ്ക്കരികിലെ പൊന്തക്കാടുകള്‍ക്കിടയിലും ചോരപ്പാട് കണ്ടെത്തി. ഇതിനിടയില്‍ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ യുവാവ് ചികിത്സ തേടിയെത്തുകയും ചെയ്തു. കഴുത്ത് മുറിഞ്ഞ നിലയിലായിരുന്ന യുവാവ് വിദഗ്ധ ചികിത്സയ്ക്ക് മുമ്പ് മരണപ്പെടുകയായിരുന്നു.