പത്തനംതിട്ട : പണയ സ്വര്‍ണ്ണം ഉടമ അറിയാതെ ലേലം ചെയ്തതായി പരാതി, കെട്ടുതാലി പോലും തിരികെ തന്നില്ലെന്നും ചോദിച്ചപ്പോള്‍ ഉരുക്കി വിറ്റെന്നും പറഞ്ഞതായി യുവതി. കേരളത്തിലെ പ്രമുഖ NBFC ആയ KLM Axiva Finvest ന്റെ പത്തനംതിട്ട – ഓമല്ലൂര്‍ ബ്രാഞ്ചില്‍ സ്വര്‍ണ്ണം പണയം വെച്ച യുവതിക്കാണ് മറ്റു സ്വര്‍ണ്ണ ഉരുപ്പടികളോടൊപ്പം തന്റെ കെട്ടുതാലിയും(മിന്ന്) നഷ്ടമായത്. പണയം എടുക്കാന്‍ ചെന്നപ്പോള്‍ പണയ സ്വര്‍ണ്ണം ലേലം ചെയ്ത് വിറ്റെന്നും അതൊക്കെ ഉരുക്കി മാറ്റിയെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. 2024 ജനുവരി 4 നാണ് വളകളും കമ്മലും മിന്നും ഉള്‍പ്പെടെ 16.18 ഗ്രാം സ്വര്‍ണ്ണം ഇവര്‍ KLM Axiva യുടെ ഓമല്ലൂര്‍ ബ്രാഞ്ചില്‍ പണയം വെച്ച് 69000/ രൂപ വായ്പ എടുത്തത്. അന്നത്തെ മാര്‍ക്കറ്റ് വില അനുസരിച്ച് 92109.68 രൂപയുടെ സ്വര്‍ണ്ണം ഉണ്ടായിരുന്നു.
പലിശ പ്രതിമാസം അടച്ചാല്‍ 24 ശതമാനവും മൂന്നു മാസം കൂടുമ്പോള്‍ അടച്ചാല്‍ 27 ശതമാനവും 180 ദിവസം കഴിഞ്ഞാണ് അടക്കുന്നതെങ്കില്‍ 29 ശതമാനവും പലിശ നല്‍കണം എന്നായിരുന്നു വ്യവസ്ഥ. ഇവര്‍ പ്രതിമാസം പലിശ അടച്ചിരുന്നില്ല. അതിനാല്‍ 29 % പലിശയാണ് ഇവര്‍ക്ക് ബാധകമാകുക. സെപ്തംബര്‍ മാസം ബ്രാഞ്ചില്‍ ബന്ധപ്പെട്ടപ്പോള്‍ പലിശ അടക്കം 97000/ രൂപ ആകുമെന്ന് പറഞ്ഞു. ഇതനുസരിച്ച് പലരോടും കടംവാങ്ങിയ 95000 രൂപയുമായി ഒക്ടോബര്‍ 15 ന് പണയം എടുക്കാന്‍ എത്തിയ ഇവരോട് പണയ സ്വര്‍ണ്ണം ലേലം ചെയ്തെന്നും ഇനി തിരിച്ചു കിട്ടില്ല എന്നും പറഞ്ഞതായി ഇവര്‍ പറഞ്ഞു. എന്നാല്‍ ലേലം ചെയ്യുന്ന കാര്യം ഇവരെ രേഖാമൂലം അറിയിച്ചിരുന്നില്ല. തന്നെയുമല്ല ഫോണ്‍ നമ്പര്‍ ഉണ്ടായിട്ടും ഇവരെ വിളിച്ചറിയിക്കുകപോലും ഉണ്ടായില്ലെന്നും ഇവര്‍ പറയുന്നു. ഒക്ടോബര്‍ 15 നും 16 നും ഇവര്‍ KLM Axiva യുടെ ടോള്‍ ഫ്രീ നമ്പരില്‍ വിളിച്ചു പരാതി പറഞ്ഞെങ്കിലും അവര്‍ കൃത്യമായ ഒരു മറുപടിയും നല്‍കിയില്ലെന്നും ഇവര്‍ പറഞ്ഞു.
ബ്രാഞ്ചുകളില്‍ സ്വര്‍ണ്ണപ്പണയവുമായി ബന്ധപ്പെട്ട് സാധാരണ പാലിക്കാറുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടാകുമെന്നും എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ അന്വേഷിക്കാമെന്നും KLM Axiva യുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പ്രതികരിച്ചു. പണയസ്വര്‍ണ്ണം ലേലം ചെയ്യുന്ന വിവരം ഉടമയെ കത്തിലൂടെ അറിയിച്ചിരുന്നുവെന്ന് ഇവര്‍ അവകാശപ്പെട്ടെങ്കിലും ഇത് സംബന്ധിച്ച ഒരു രേഖകളും നല്‍കുവാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. സ്വര്‍ണ്ണം വിറ്റപ്പോള്‍ കൂടുതലായി ലഭിച്ച പണം തിരികെ നല്‍കാന്‍ തയ്യാറാണെന്നും ഇവര്‍ അറിയിച്ചു. എന്നാല്‍ ഈ വിവരം പണയം വെച്ചവരെ അറിയിക്കുകയും ചെയ്തിട്ടില്ല. പണയ സ്വര്‍ണ്ണം ലേലം ചെയ്യുന്നതിന് മുമ്പ് പണയം വെച്ച ആളെ രേഖാമൂലം വിവരം അറിയിച്ചിരിക്കണം. ലേലത്തില്‍ പങ്കെടുക്കാന്‍ ഇവര്‍ക്കും അവകാശമുണ്ട്. റിസര്‍വ് ബാങ്കിന്റെ പല നിര്‍ദ്ദേശങ്ങളും നിബന്ധനകളും പാലിക്കാതെയാണ് ഇവരുടെ സ്വര്‍ണ്ണം ലേലത്തില്‍ വിറ്റതെന്നാണ് മനസ്സിലാക്കുവാന്‍ കഴിയുന്നത്. >>>സാമ്പത്തിക തട്ടിപ്പുകളുടെ കൂടുതല്‍ വാര്‍ത്തകള്‍ വായിക്കുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://pathanamthittamedia.com/category/financial-scams/തുടരും.…..
—
നിക്ഷേപകര്‍ക്കും പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ നല്‍കാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected].