തിരുവനന്തപുരം: പണയസ്വർണ്ണം ഉടമയറിയാതെ വിറ്റതിന് തിരുവനന്തപുരം ലൂപ്പേഴ്സ് നിധിക്കെതിരെ (Loopers Mini Nidhi Limited) പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. IPC 420, 406, 34 എന്നീ വകുപ്പുകൾ പ്രകാരം മ്യൂസിയം പോലീസ് ഇന്നലെ വൈകുന്നേരത്തോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ശാസ്തമംഗലം സ്വദേശി സന്ധ്യയുടെ പരാതിയില്‍ Loopers Mini Nidhi Limited മനേജിംങ്ങ് ഡയറക്ടർ പ്രതീഷ് നായർ, സ്റ്റാഫ് പ്രശാന്ത് എന്നിവർക്കെതിരെയാണ് കേസെടുത്ത്. രാഷ്ട്രീയ പ്രവര്‍ത്തക കൂടിയായ സന്ധ്യ പരാതിയുമായി പലവട്ടം പോലീസ് സ്റ്റേഷനില്‍ കയറിയിറങ്ങിയിട്ടും പരാതി സ്വീകരിച്ച് രസീത് നല്‍കുവാനോ കേസ് രജിസ്റ്റര്‍ ചെയ്യുവാനോ പോലീസ് തയ്യാറായില്ല. പത്തനംതിട്ട മീഡിയ ഉള്‍പ്പെടെയുള്ള ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുവാന്‍ തയ്യാറായത്. സിവില്‍ കേസായി രജിസ്റ്റര്‍ ചെയ്ത് സ്ഥാപന ഉടമകളെ സംരക്ഷിക്കുവാനായിരുന്നു പോലീസിന്റെ ആദ്യ നീക്കം. എന്നാല്‍ പിന്നീട് വഞ്ചനാക്കുറ്റമുൾപ്പടെ ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
2024 മേയ് ഇരുപതാം തീയതി 370 ഗ്രാം സ്വര്‍ണ്ണം വെള്ളയമ്പലത്തെ Loopers Mini Nidhi Limited എന്ന സ്ഥാപനത്തില്‍ സന്ധ്യ പണയം വെച്ചു. 21,63,861 രൂപയാണ് ലോണ്‍ തുകയായി ലഭിച്ചത്. ഇതില്‍ 50,000 രൂപ പ്രോസ്സസിംഗ് ഫീസായി ഇടാക്കിയതാണെന്നും സന്ധ്യ പറയുന്നു. ആഗസ്റ്റ് ഒന്നാം തീയതി ഒരു ലക്ഷം രൂപ പലിശ അടച്ചു. സെപ്തംബര്‍ 30 ന് പണയസ്വര്‍ണ്ണം എടുക്കാന്‍ ചെന്നപ്പോള്‍ സ്വര്‍ണ്ണം വിറ്റുപോയെന്ന മറുപടിയാണ് സ്ഥാപന ഉടമകള്‍ നല്‍കിയതെന്ന് ഇവര്‍ പറഞ്ഞു. പലവട്ടം ചെന്ന് ബഹളമുണ്ടാക്കിയപ്പോള്‍ പകരം സ്വര്‍ണ്ണം നല്‍കാമെന്ന് പറഞ്ഞെങ്കിലും അതും നല്‍കിയില്ല. പിന്നീടാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്. പരാതി വാങ്ങി വെച്ചെങ്കിലും അതിന് രസീത് നല്‍കുവാനോ കേസ് എടുക്കുവാനോ പോലീസ് തയ്യാറായിരുന്നില്ല.
വൻ ക്രമക്കേടുകളാണ് Loopers Mini Nidhi യുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത്. നിയമവിരുദ്ധമായാണ് ഈ കമ്പനി പ്രവർത്തിക്കുന്നതെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസിലാകും. ബ്ലെയ്ഡ്കാരെപ്പോലും വെല്ലുന്ന പലിശയാണ് ഇവർ ഇടാക്കുന്നത്. 38% വരെയാണ് സ്വർണ്ണപ്പണയത്തിന് ഇവർ പലരിൽ നിന്നും ഇടാക്കുന്ന പലിശ. നിക്ഷേപങ്ങള്‍ക്ക് പരമാവധി 12.5 % പലിശയാണ് നിധി കമ്പനികള്‍ നല്‍കുന്നത്. ഇതില്‍ നിന്നും പരമാവധി 7.5% പലിശ കൂടുതല്‍ മാത്രമേ വായ്പകള്‍ക്ക് ഈടാക്കുവാന്‍ പാടുള്ളൂ. ഇവിടെയാണ് നിയമങ്ങള്‍ കാറ്റിൽ പറത്തിക്കൊണ്ട് തലസ്ഥാന നഗരിയില്‍ ഇരുന്ന് ജനങ്ങളെ കൊള്ളയടിക്കുന്നത്. മാത്രമല്ല പ്രൊസസിങ്ങ് ഫീസിനത്തിലും നടത്തുന്നത് പകൽകൊള്ളയാണ്. പോലീസിന്റെയും ഉദ്യോഗസ്ഥ ലോബിയുടെയും രഹസ്യ പിന്തുണ ഇത്തരം തട്ടിപ്പുകാര്‍ക്ക് ഉണ്ടെന്നുവേണം അനുമാനിക്കുവാന്‍. പല നിധി കമ്പനികളുടെയും പ്രവര്‍ത്തനത്തില്‍ ഗുരുതരമായ ക്രമക്കേടുകളുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. കേരളത്തിലെ 206 നിധി കമ്പനികളുടെ അംഗീകാരം 2021ല്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ ഇവയില്‍ പലതും ഇന്ന് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്.
നിധി കമ്പനികൾ നൽകുന്ന ലോണിന്റെ പരിധി നിശ്ചയിക്കുന്നത് കമ്പനി സ്വീകരിക്കുന്ന നിക്ഷേപങ്ങൾക്ക് അനുസരിച്ചായിരിക്കണമെന്നാണ് നിയമം. ഇവിടെ ലൂപ്പേഴ്സ് നിധി നടത്തിയിരിക്കുന്നത് വന്‍ ക്രമക്കേടാണ്. 2 കോടി വരെ നിക്ഷേപം സ്വീകരിക്കുന്ന കമ്പനി ഒരാൾക്ക് നൽകാവുന്ന പരമാവധി ലോൺ പരിധി 2 ലക്ഷം വരെയാണ്. 2 മുതൽ 20 കോടി നിക്ഷേപമുള്ളവർക്ക് 7 ലക്ഷം വരെ ലോൺ നൽകാം. 20 മുതൽ 50 കോടി വരെയുള്ളവർക്ക് 12 ലക്ഷവും, 50 കോടിക്ക് മുകളിൽ നിക്ഷേപമുള്ള നിധി കമ്പനികൾക്ക് പരമാവധി ലോൺ നല്കാവുന്നത് 15 ലക്ഷം രൂപയുമാണ്. ഇവിടെയാണ് എല്ലാ നിബന്ധനകളും ലംഘിച്ച് ലൂപേഴ്സ്സ് നിധി 21 ലക്ഷത്തിലധികം രൂപ ലോൺ നൽകിയിരിക്കുന്നത്.