ഓൺലൈനിൽ നിന്ന് സ്ഥിരമായി സാധനങ്ങൾ വാങ്ങുന്ന ഉപയോക്താക്കൾ ആണോ നിങ്ങൾ. എന്നാൽ നമ്മുടെ അക്കൗണ്ടിൽ പണം ഇല്ലെങ്കിൽ ഇത്തരത്തിൽ എന്തെങ്കിലും വാങ്ങാൻ സാധിക്കുമോ ? സാധിക്കും എന്നാണ് ഉത്തരം. ഇതിനായുള്ള ഓപ്ഷൻ നിലവിൽ ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നിവിടങ്ങളിൽ ഉണ്ട്. പേ ലേറ്റർ എന്നാണ് ഈ ഓപ്ഷന്റെ പേര്. ഉത്പന്നം വാങ്ങുന്ന സമയത്ത് നിങ്ങളുടെ അക്കൗണ്ടിൽ പണം ഇല്ലെങ്കിൽ പോലും പിന്നീട് പണം നൽകിയാൽ മതിയാകും. കൃത്യമായി പറഞ്ഞാൽ സാധനം വാങ്ങുന്ന ദിവസം മുതൽ അടുത്ത മാസം അഞ്ചാം തിയതിയ്ക്ക് മുമ്പ് നിങ്ങൾ ഇതിന്റെ പണം നൽകിയാൽ മതിയാകും. പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റുകളായ ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ഈ ഫീച്ചർ ലഭിക്കുന്നതായിരിക്കും. രണ്ട് പ്ലാറ്റ് ഫോമുകളിലും ഉത്പന്നങ്ങൾ കാർട്ട് ചെയ്ത് വാങ്ങുന്ന പേജിൽ എത്തുമ്പോൾ പണമിടപാട് നടത്താനുള്ള ഓപ്ഷൻ കാണാൻ സാധിക്കുന്നതാണ്. സാധാരണയായി ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, യുപിഐ പേയ്മെന്റ്, ആമസോൺ പേ, ക്യാഷ് ഓൺ ഡെലിവറി എന്നീ ഓപ്ഷനുകളായിരിക്കും കാണുക. എന്നാൽ ഇതിന് താഴെ തന്നെ പേ ലേറ്റർ എന്ന ഒരു ഓപ്ഷൻ കൂടിയുണ്ട്.
ഉപയോക്താക്കളുടെ അക്കൗണ്ടിൽ പൂജ്യം ബാലൻസ് ആണെങ്കിൽ പോലും ഇതിലൂടെ സാധാനങ്ങൾ വാങ്ങാൻ സാധിക്കുന്നതായിരിക്കും. പണം ഇല്ലാത്ത അവസ്ഥയിൽ അത്യാവശ്യമായി എന്തെങ്കിലും വാങ്ങേണ്ടി വന്നാൽ ഉപയോക്താക്കൾക്ക് ഈ ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്. എന്നാൽ നേരത്തെ സൂചിപ്പിച്ചത് പോലെ വാങ്ങിയ സാധനത്തിന്റെ വില നിങ്ങൾ അടുത്ത മാസം അഞ്ചാം തിയതിയ്ക്ക് മുമ്പ് നൽകണം. ഇത്തരത്തിൽ പണം അടയ്ക്കുന്നതിൽ വീഴ്ച പറ്റിയാൽ നിങ്ങൾ നേരിടാൻ പോകുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് നിങ്ങളുടെ സിബിൽ സ്കോർ കുറയും എന്നത്. ഇത് നിങ്ങളുടെ ആകെ ബാങ്കിങ് പ്രവർത്തനങ്ങളെ ബാധിക്കും. ഭാവിയിൽ ഒരു ലോൺ എടുക്കാൻ പോലും സാധിക്കാതെ വരും. നിങ്ങളുടെ ക്രെഡിറ്റ് യോഗ്യത നിശ്ചയിക്കുന്ന മൂന്നക്ക നമ്പർ ആണ് സിബിൽ സ്കോർ എന്നത്. 300 നും 900 നും ഇടയിലാണ് സിബിൽ സ്കോർ വരുക. 750ന് മുകളിൽ ഉള്ള സ്കോറുകളെ മാത്രമാണ് മികച്ച സിബിൽ സ്കോർ എന്ന് വിശേഷിപ്പിക്കാൻ സാധിക്കുക. ഇത് താഴ്ന്നു പോയാൽ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടാവും. വളരെ അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രമേ ഇത് ഉപയോഗിക്കാവു എന്ന കാര്യം ശ്രദ്ധിക്കുക.