അടൂര്‍ : പഴകുളം സർവീസ് സഹകരണ ബാങ്കിൽ ഇന്ന് നടന്ന ഭരണസമിതി തെരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേടും കള്ള വോട്ടുകളും നടന്നതിൽ പ്രതിഷേധിച്ചു കോൺഗ്രസ് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു . പ്രവാസി ബാങ്കിന്റെ പ്രസിഡന്റ് സുമേഷിന്റെ വസതിയിൽ താലൂക്കിലെ വിവിധ ഇടങ്ങളിൽ നിന്നും വോട്ടില്ലാത്ത ഡിവൈഎഫ്ഐക്കാരെയും ഏ വൈ എഫ് കാരെയും വിളിച്ചുവരുത്തി ഫോട്ടോയെടുത്ത് അപ്പോള്‍ത്തന്നെ വ്യാജ ഐഡി കാർഡ് നിർമ്മിച്ച് കള്ളവോട്ട് ചെയ്യിച്ചുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
60 വയസ്സുള്ളവരുടെ വോട്ട് 17 കാരൻ ചെയ്യുന്ന അവസ്ഥയാണ് ഉണ്ടായത്. കള്ള വോട്ടിന് ചോദ്യം ചെയ്തപ്പോൾ കോൺഗ്രസ് – യൂത്ത് കോൺഗ്രസ് നേതാക്കളായ രൂപൻ സജികുട്ടി , ഷിബു ഉണ്ണിത്താൻ എന്നിവരെ കയ്യേറ്റം ചെയ്യുകയും പരിക്കേറ്റ രൂപൻ സജികുട്ടിയെ അടൂർ ഗവൺമെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
റിട്ടേണിംഗ് ഓഫീസറോട് സംഘത്തിന്റെ സീലോ സെക്രട്ടറിയുടെ ഒപ്പോ ഇല്ലാത്ത വ്യാജ ഐഡന്റിറ്റി കാർഡ് ഉപയോഗിച്ചാണ് വോട്ട് ചെയ്യുന്നതെന്ന് പറയുകയും വ്യാജ കാർഡ് വാങ്ങി ബോധ്യപ്പെടുത്തുകയും ചെയ്തുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍ റിട്ടേണിംഗ് ഓഫീസര്‍ കള്ളവോട്ടിന് കൂട്ടുനില്‍ക്കുകയായിരുന്നെന്നും കോണ്‍ഗ്രസ് ആരോപിച്ചു. കള്ളവോട്ട് ചെയ്യുന്നത് ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ സിപിഎം ജില്ലാ നേതാവിനെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തുകയുണ്ടായി. തെരഞ്ഞെടുപ്പില്‍ വ്യാപകമായ കള്ളവോട്ടും ഗുണ്ടായിസവുമാണ് നടന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചത്. നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് കോൺഗ്രസ് നേതാക്കള്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വായനശാല ജംഗ്ഷനിൽ നിന്ന് പതിനാലാം മൈൽ ജംഗ്ഷനിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം കെപിസിസി നിർവാഹകസമിതി അംഗം തോപ്പിൽ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് രാജേന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു, യുഡിഎഫ് കൺവീനർ പഴകുളം ശിവദാസൻ, ഡിസിസി ജനറൽ സെക്രട്ടറി ഏഴംകുളം അജു, കമറുദ്ദീൻ മുണ്ടുതറയിൽ, മുണ്ടപ്പള്ളി സുഭാഷ്, ദിവ്യ അനീഷ്, റോസമ്മ സെബാസ്റ്റ്യൻ, മണ്ഡലം വൈസ് പ്രസിഡന്റ് ഹരികുമാർ, അലക്സ് കോയിപ്പുറത്ത്, പിജി സുകു, ജോഗീന്ദർ, ഷിബു ഉണ്ണിത്താൻ, ജിതിൻ തോമസ് ,സുരേഷ് കുമാർ, വാവച്ചൻ, അബു എബ്രഹം, സുധ രമണൻ, ലളിതാ കെഎസ്, ഷാൻ ഗോപി, തുടങ്ങിയവർ പങ്കെടുത്തു.