പഴകുളം : അടൂർ പള്ളിക്കൽ പഞ്ചായത്തിലെ പഴകുളം കെ.വി.യു.പി സ്കൂളിൻ്റെയും പത്തനംതിട്ട ജില്ലാ എക്‌സൈസ് വിമുക്തി മിഷൻ്റെയും നേതൃത്വത്തിൽ
‘ഞാനും എൻ്റെ കുടുംബവും ലഹരിക്കെതിരാണ് പഠനമാണ് ലഹരി വായനയാണ് ലഹരി’ എന്ന സന്ദേശമുയർത്തി വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും വീടുകളിൽ ലഹരിക്കെതിരായ പോരാട്ടത്തിൻ്റെ ഭാഗമായി സ്റ്റിക്കർ പതിക്കുന്ന പ്രവർത്തനത്തിന് തുടക്കം കുറിച്ചു. സമൂഹത്തിൽ ഇന്ന് വ്യാപിക്കുന്ന ലഹരിയുടെ ഉപയോഗം വിദ്യാർത്ഥി സമൂഹത്തെയും സാരമായി ബാധിക്കുന്ന എന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു പദ്ധതി അധ്യാപകരും രക്ഷിതാക്കളും ചേർന്ന് നടപ്പാക്കാൻ തീരുമാനിച്ചത്. കൂടാതെ വേനലവധി കാലത്ത് വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും വായന ഒരു ലഹരിയാക്കുന്നതിനും കുട്ടികൾക്ക് ബാലമാസികളും കഥാ പുസ്തകങ്ങളും വിതരണം ചെയ്യുന്നുമുണ്ട്.
നിത്യ രതീഷ് എന്ന വിദ്യാർത്ഥിനിയുടെ വീട്ടിൽ സ്റ്റിക്കർ പതിച്ചു കൊണ്ട് പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുശീല കുഞ്ഞമ്മക്കുറുപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തു. പള്ളിക്കൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീനാ റെജി, അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ എസ്.സനൽ, അഡ്വ. ജോസ് കളീക്കൽ, സുഭാഷ് ബാബു, (പി.ടി.എ പ്രസിഡൻ്റ്) വി.എസ്.വന്ദന (ഹെഡ്മിസ്ട്രസ് ), സംസ്ഥാന സർക്കാരിന്റെ മികച്ച അദ്ധ്യാപക അവാർഡ് ജേതാവ് കെ.എസ്.ജയരാജ് (പ്രോഗ്രാം കോർഡിനേറ്റർ) മഞ്ജു അഭിലാഷ് (മാതൃസമിതി പ്രസിഡൻ്റ്) അധ്യാപകരായ ഐ.ബസീം, ബീന.വി, ജെ.ജൂലിമോൾ, സ്മിത.ബി, ശാലിനി. എസ് എന്നിവരും ജെ.ആർ.സി.കേഡറ്റ്സും, രക്ഷിതാക്കളും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.