റാന്നി: പഴവങ്ങാടിക്കര സര്‍വ്വീസ് സഹകരണ ബാങ്കിലെ അഴിമതി നിയമനത്തില്‍ പ്രതിക്ഷേധിച്ച് യൂത്തു കോണ്‍ഗ്രസ് പഴവങ്ങാടി മണ്ഡലം കമ്മറ്റി ഒന്നടങ്കം രാജി വെച്ചു. ജില്ലാ പ്രസിഡന്‍റ് എം.ജി കണ്ണനാണ് രാജി നല്‍കിയത്. ബാങ്കിലെ അഴിമതി നിയമനം വാര്‍ത്തയാക്കിയത് പത്തനംതിട്ട മീഡിയാ ആണ്. ആദ്യം വാര്‍ത്ത വന്നപ്പോള്‍ ഇന്റര്‍വ്യൂ മാറ്റിവെച്ചുകൊണ്ട് പ്രതിഷേധം തണുപ്പിച്ചു. കഴിഞ്ഞദിവസത്തെ രഹസ്യ ഇന്റര്‍വ്യു നീക്കവും പത്തനംതിട്ട മീഡിയ പ്രസിദ്ധീകരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ്സില്‍ നിന്ന് കൂട്ടരാജി ഉണ്ടായത്.
മണ്ഡലം പ്രസിഡന്‍റ് വിജീഷ് വള്ളിക്കാല, വൈസ് പ്രസിഡന്‍റും പഴവങ്ങാടി ഗ്രാമപഞ്ചായത്തംഗവുമായ സൗമ്യ ജി.നായര്‍, ജനറല്‍ സെക്രട്ടറിമാരായ വീനീത് പെരുമേത്ത്, ജോബിന്‍ കരികുളം, ജോബി മണക്കാലംപള്ളില്‍, സെക്രട്ടറിമാരായ ലിജിന്‍ മാന്നാത്ത്, അല്‍ഫിന്‍ പുത്തന്‍കയ്യാലയ്ക്കല്‍, ഡോണ, മിലാന്‍ ബോബന്‍, ഷാജി കരികുളം, അശ്വതി, ലിജോ ജോണ്‍ എന്നിവരാണ് രാജി കത്തില്‍ ഒപ്പിട്ടിരിക്കുന്നത്. നിയമനക്കാര്യം പരസ്യ പ്രതികരണത്തിലേക്കും രാജിയിലേക്കും എത്തിയതോടെ ബാങ്ക് ഭരണസമതിയും മണ്ഡലം കോണ്‍ഗ്രസ് നേതൃത്വവും ഒരു പോലെ വെട്ടിലായി.
പാര്‍ട്ടിക്കു വേണ്ടി അഹോരാത്രം പണിയെടുക്കുന്നവരെ തഴഞ്ഞ് ഇഷ്ട്ടക്കാരെ പണം വാങ്ങി തിരുകി കയറ്റിയതാണ് പ്രതിഷേധത്തിനു കാരണം. മൂന്നു മാസം മുമ്പാണ് പണം വാങ്ങി നിയമനം നടത്താന്‍ ബാങ്ക് ഭരണസമിതി ആദ്യം ശ്രമിച്ചത്. ബാങ്ക് ഭരണസമിതിയംഗവും പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ അനിതാ അനില്‍ കുമാറിന്റെ മകനു വേണ്ടി ഒരു ഒഴിവ് ആവശ്യപ്പെട്ടെങ്കിലും അത് നല്‍കാതെ വന്നതോടെയാണ് സംഭവം അന്ന് പുറത്തായത്. വാര്‍ത്ത പുറത്തു വന്നതോടെ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ഇടപെടുകയും നിയമന നീക്കം മരവിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന അനുരഞ്ജന ചര്‍ച്ചയില്‍ ബാങ്കില്‍ ഇനിയും ഉണ്ടാകുന്ന ഒഴിവിലേക്ക് അനിതാ അനില്‍ കുമാറിന്റെ മകന് നിയമനം നല്‍കാമെന്നും ധാരണയായി. ഇതേതുടര്‍ന്നാണ് അനിതാ അനില്‍ കുമാര്‍ നിശബ്ദമായത്. എന്നാല്‍ ഇവര്‍ പുറത്തുവിട്ട ഭൂതം ഇപ്പോള്‍ പാര്‍ട്ടിയെ വന്‍ പ്രസിസന്ധിയില്‍ ആക്കിയിരിക്കുകയാണ്.
മൂന്നു മാസങ്ങള്‍ക്ക് ശേഷം വിഷുവും ഈസ്റ്ററും ഉള്‍പ്പെടെ തുടർച്ചയായ അവധി ദിനങ്ങള്‍ വന്നതോടുകൂടിയാണ് രഹസ്യമായി നിയമനം നടത്തുവാന്‍ ബാങ്ക് ഭരണ സമിതി നീങ്ങിയത്. അവധിയായതിനാല്‍ പത്രം പ്രസിദ്ധീകരിക്കില്ലെന്നും വാര്‍ത്ത ആരും അറിയില്ലെന്നും ഇവര്‍ കണക്കു കൂട്ടി. മൂന്നു പേരെ നിയമിക്കാന്‍ മുന്‍കൂട്ടി തീരുമാനിച്ചതിനുശേഷം പന്ത്രണ്ടോളം പേരെ അഭിമുഖത്തിനും എഴുത്തു പരീക്ഷക്കും വിളിച്ച് മറ്റുള്ളവരെ വിഡ്ഢികളാക്കുകയായിരുന്നു എന്നും ആരോപണം ഉയര്‍ന്നു. കോണ്‍ഗ്രസിലെ ചില നേതാക്കള്‍ പണം വീതം വെച്ചെടുത്തെന്നും തിരഞ്ഞെടുപ്പുകളിലെ തുടർച്ചയായ പരാജയം ഇതാണെന്നും അടക്കം പറച്ചിലുണ്ട്. രാജി വെച്ചവര്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരേയും ആരോപണം ഉയര്‍ത്തുന്നുണ്ട്. പല നാളുകളായി റാന്നിയിലെ കോണ്‍ഗ്രസില്‍ ഉരുണ്ടു കൂടിയ സംഭവങ്ങള്‍ പരസ്യമായ പൊട്ടിത്തെറിയിലെത്തുന്നത് ആദ്യമാണ്.