പത്തനംതിട്ട : ജനകീയ കളക്ടര്‍ പി.ബി നൂഹിനെ പത്തനംതിട്ടയില്‍ നിന്നും കെട്ടുകെട്ടിച്ചത് ഇടതുപക്ഷ എം.എല്‍.എയെന്നു സൂചന. ജില്ലയുടെ ചുമതലയില്‍ നിന്നും പി.ബി നൂഹിനെ ഒഴിവാക്കി ഇപ്പോള്‍ കൊണ്ടിരുത്തിയിരിക്കുന്നത് അപ്രധാനമായ സഹകരണ സംഘം രജിസ്ട്രാറുടെ കസേരയില്‍.
പി.ബി നൂഹ് പത്തനംതിട്ടയില്‍ ചാര്‍ജ്ജെടുത്തതിന്റെ അടുത്തനാളുകളിലായിരുന്നു മഹാ പ്രളയം ജില്ലയില്‍ ഉണ്ടായത്. ഏറെ പ്രതിസന്ധികള്‍ നേരിട്ട സമയമായിരുന്നു അത്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം മുന്‍ ജില്ലാ കളക്ടര്‍ ഹരികിഷോര്‍ കൂടി ജില്ലയില്‍ എത്തിയതോടെ പ്രളയത്തെ ജില്ല വളരെവേഗം അതിജീവിച്ചു. എന്നാല്‍ തൊട്ടുപിറകെ വന്ന ശബരിമല വിഷയത്തില്‍ ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിവന്നു. ജില്ലാ കളക്ടര്‍ എന്ന നിലയില്‍ സര്‍ക്കാര്‍ തീരുമാനങ്ങളാണ് നടപ്പിലാക്കിയതെങ്കിലും വിശ്വാസ സമൂഹത്തിന്റെ അപ്രീതി ഏറ്റുവാങ്ങിയത് പി.ബി.നുഹ് ആണ്. ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത് നല്ല ഉദ്ദേശത്തോടെയാണെങ്കിലും അത് തെറ്റിദ്ധരിക്കപ്പെട്ടു. ഊണും ഉറക്കവും ഉപേക്ഷിച്ച് പണിചെയ്തിട്ടും എങ്ങുനിന്നും കാര്യമായ പിന്തുണ പി.ബി നൂഹിന് ലഭിച്ചിരുന്നില്ല. ഇത് മാനസികമായി ഏറെ തളര്‍ത്തിയിരുന്നു. ഈ അവസരത്തിലാണ് ജില്ലയില്‍നിന്നും ഒരുമാറ്റം പി.ബി നൂഹ് ആഗ്രഹിച്ചത്.
എന്നാല്‍ പിന്നീട് വ്യാപാരികളും യുവജനങ്ങളും ഉള്‍പ്പെടെയുള്ളവര്‍ പി.ബി നൂഹിന് പിന്തുണയുമായി എത്തി. തുടര്‍ന്ന് കൂടുതല്‍ ജനകീയനായി മാറുകയായിരുന്നു അദ്ദേഹം. കളക്ടര്‍ക്ക് ജനപിന്തുണ ഏറുന്നത് ചില ജനപ്രതിനിധികള്‍ക്ക് സഹിച്ചില്ല. ജില്ലയിലെ ഒരു എം.എല്‍.എ പരസ്യമായി അനിഷ്ടം കാണിച്ചുതുടങ്ങി. നിയമപരമായി എല്ലാ വശങ്ങളും ചിന്തിച്ചതിനു ശേഷമാണ് പി.ബി നൂഹ് പലപ്പോഴും തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നത്. എന്നാല്‍ ഇത് ഭരണപക്ഷത്തെ എം.എല്‍.എക്ക് ഇതത്ര ഇഷ്ടപ്പെട്ടിരുന്നില്ല. താന്‍ ആവശ്യപ്പെടുന്ന കാര്യം ഉടനടി സാധിച്ചില്ലെങ്കില്‍ അതിന്റെ അനിഷ്ടവും കാണിച്ചുതുടങ്ങി. ഇടതുപക്ഷ സഹയാത്രികനായ പി.ബി നൂഹിന് സഹിക്കുന്നതിലും അപ്പുറമായിരുന്നു ഇത്. മറ്റ് ജീവനക്കാരുടെ മുമ്പില്‍ വെച്ചുപോലും കളക്ടറെ ശാസിക്കുവാന്‍ എം.എല്‍.എ മടിച്ചിരുന്നില്ല. ജില്ലയിലെ മറ്റ് നാല് എം.എല്‍.എ മാരുമായും എം.പിയുമായും നല്ല സൌഹൃദത്തിലായിരുന്നു നൂഹ്. ഏറ്റവും അടുപ്പം ജെനീഷ് കുമാറിനോട് തന്നെയായിരുന്നു. പോകുമ്പോഴും ആ സൗഹൃദം ഒട്ടും കുറഞ്ഞില്ല. ഇന്നലെ രാവിലെ സീതത്തോട്ടില്‍ എത്തി ജനീഷ് കുമാര്‍ എം.എല്‍.എയുടെ വീട്ടിലായിരുന്നു പ്രഭാത ഭക്ഷണംപോലും കഴിച്ചത്.
തനിക്ക് സ്ഥലം മറ്റം കിട്ടിയാല്‍ അത് തിരുവനന്തപുരമോ കോഴിക്കോടോ ആകണമെന്നും നൂഹിന് ആഗ്രഹം ഉണ്ടായിരുന്നു. ഇടയ്ക്ക് തിരുവനന്തപുരം കളക്ടറായി മാറ്റം തീരുമാനിച്ചുവെങ്കിലും മിനിട്ടുകള്‍ക്കകം മുഖ്യമന്ത്രി അത് തിരുത്തി. ഇപ്പോള്‍ തിരുവനന്തപുരത്തേക്കാണ് മാറ്റമെങ്കിലും അത് ജില്ലാ കളക്ടര്‍ പദവിയിലേക്കല്ല. സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ കാര്യങ്ങള്‍ നോക്കുന്ന സഹകരണ സംഘം രജിസ്ട്രാര്‍ പദവിയിലേക്കാണ് മാറ്റം. പൊതുജനങ്ങളുമായി ഇവിടെ ഇടപാടുകള്‍ ഒന്നുംതന്നെ ഇല്ല. സഹകരണ വകുപ്പ് മന്ത്രി പറയുന്ന കാര്യങ്ങള്‍ മാത്രമേ ഇവിടെ പി.ബി നൂഹിന് ചെയ്യുവാന്‍ കഴിയു. എന്നുവെച്ചാല്‍ സ്വതന്ത്രമായ പ്രവര്‍ത്തനം ഇവിടെയുണ്ടാകില്ല എന്നര്‍ഥം.
ഒരു ജില്ലയുടെ ചുമതലയില്‍ നിന്നും വളരെ ആസൂത്രിതമായാണ് പി.ബി നൂഹിനെ ഇവിടേയ്ക്ക് മാറ്റിയത്. അതും ജനുവരി 26 ലെ റിപ്പബ്ലിക് ദിന പരേഡില്‍ പോലും പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ പി.ബി നൂഹ് ഉണ്ടാകാന്‍ പാടില്ലെന്ന് ആരോ തീരുമാനിച്ച് ഉറപ്പിച്ചപോലെയായിരുന്നു കാര്യങ്ങള്‍. ഇന്നലെ രാവിലെ പുതിയ കളക്ടര്‍ക്ക് അധികാരം കൈമാറിയ പി.ബി നൂഹ് വളരെ വിഷമത്തോടെയാണ് പത്തനംതിട്ടക്കാരെ വിട്ടുപിരിഞ്ഞത്. ഒരു ദിവസംകൂടി പത്തനംതിട്ട ജില്ലാ കളക്ടര്‍ എന്ന പദവിയില്‍ ഇരിക്കുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇന്ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന പരേഡില്‍ സല്യൂട്ട് സ്വീകരിക്കുവാന്‍ നൂഹിന് അവസരം ലഭിക്കുമായിരുന്നു. എന്നാല്‍ ഇതിനുവേണ്ടി 24 മണിക്കൂര്‍ സമയം പോലും നല്‍കാതെ പി.ബി നൂഹിന് കസേര ഒഴിയേണ്ടിവന്നു.