തിരുവനന്തപുരം : രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവെന്ന നിലയില്‍ വളരെ വലിയ വിജയമാണെന്നും പക്ഷെ പുറത്ത് അത്ര വിജയമല്ലെന്ന് താന്‍ സമ്മതിക്കുന്നുവെന്നും പി സി ജോര്‍ജ് എം.എല്‍.എ. പ്രതിപക്ഷ നേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെ നിയമസഭയിലെ പ്രവര്‍ത്തനം മികച്ചതാണെന്ന് പറയാന്‍ തനിക്ക് ഒരു മടിയുമില്ല. എന്നാല്‍ പുറത്ത് ചെന്നിത്തല അത്ര വിജയമല്ലെന്നും അദ്ദേഹം പറഞ്ഞു. ‘പുറത്ത് അദ്ദേഹത്തോടൊപ്പം നില്‍ക്കാന്‍ ആളില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് അദ്ദേഹം സമരം ചെയ്യാന്‍ പറഞ്ഞാല്‍ രണ്ട് പേര് കാണുമെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
‘നിയമസഭയില്‍ ഇത്രയും നല്ല പ്രതിപക്ഷ നേതാവെന്ന് പറഞ്ഞ് രമേശ് ചെന്നിത്തലയ്ക്ക് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ എനിക്കൊരു മടിയുമില്ല. അതൊരു സത്യമാണ്’, പി.സി ജോര്‍ജ് പറഞ്ഞു. അതേസമയം ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഒറ്റക്കെട്ടായി നീങ്ങിയാല്‍ ഭരണം വീണ്ടും തിരികെ കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറികള്‍ ഉണ്ടായിരുന്നു.