തിരുവല്ല : ക്ഷേത്രങ്ങൾ ക്ഷേത്ര വിശ്വാസികൾക്ക് വിട്ടുനൽകണമെന്ന് മുൻ ഗവ.ചീഫ് വീപ്പ് പി.സി ജോർജ് അഭ്യർത്ഥിച്ചു. പെരിങ്ങര യമ്മർകുളങ്ങര മഹാഗണപതി ക്ഷേത്രത്തിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന വിനായക ചതുർത്ഥി മഹോത്സവത്തിന്റെ ഭാഗമായി നടന്ന വിശ്വാസ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈശ്വര വിശ്വാസം ഇല്ലാത്തവർക്കും ഹൈന്ദവ ദൈവങ്ങൾ മിത്താണെന്ന് പ്രസ്താവനകൾ നടത്തുകയും ചെയ്യുന്നവർക്ക് ക്ഷേത്ര ഭരണം എങ്ങനെ സാധ്യമാകും എന്നും അദ്ദേഹം ചോദിച്ചു.
ഈ രാജ്യത്തെ ഓരോ പൗരനും അവരവരുടെ ദൈവങ്ങളിൽ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും ഉള്ള അവകാശം ഭരണഘടന ഉറപ്പു നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഘോഷ കമ്മിറ്റി സെക്രട്ടറി റ്റി ആർ ദേവരാജൻ അധ്യക്ഷത വഹിച്ചു. യോഗം ചാത്തങ്കരി ഭഗവതി ക്ഷേത്ര മേൽശാന്തി ദാമോദരൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കേരള ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡണ്ട് എൻ രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. കെ എൻ സന്തോഷ് കുമാർ, ഒ.സി മധു, മുരളീധരക്കുറുപ്പ്, സി രവീന്ദ്രനാഥ്, എം ജി ഗംഗാധരൻ, കെ പി അഭിലാഷ് തുടങ്ങിയവർ പ്രസംഗിച്ചു.