പൂഞ്ഞാർ : മുസ്‌ലിം ലീഗ് നല്ല രാഷ്ട്രീയകക്ഷിയാണ് എങ്കിലും ജിഹാദികൾ ഇപ്പോൾ ആ പാർട്ടിയെ കീഴടക്കിയതായി പൂഞ്ഞാർ എംഎൽഎ പി.സി ജോർജ്. ഇത്തവണ പൂഞ്ഞാറിൽ നിന്ന് ഒറ്റയ്ക്ക് മത്സരിക്കുമെന്നും വാർത്താ സമ്മേളനത്തിൽ ജോർജ് വ്യക്തമാക്കി. ജിഹാദികൾക്ക് ബന്ധമുള്ള യുഡിഎഫുമായി ഒരു ബന്ധവും വേണ്ട എന്നാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുമായി ചർച്ച തുടരുകയാണ് എന്നും ജോർജ് വെളിപ്പെടുത്തി.
‘യുഡിഎഫ് ഇപ്പോൾ ഒത്തിരി കുഴപ്പമാണ്. മുസ്‌ലിംലീഗ് ഒരു നല്ല രാഷ്ട്രീയകക്ഷിയാണ്. വർഗീയ വാദികളില്ലാത്ത മതേതരത്വമുള്ള തങ്ങളുടെ പാർട്ടിയാണ്. പക്ഷേ ആ മുസ്‌ലിംലീഗ് പോലും ജിഹാദികളുടെ കൈയിൽ അമർന്നിരിക്കുകയാണ്. കേരള രാഷ്ട്രീയം തന്നെ ജിഹാദികൾ കൈയടക്കാൻ വേണ്ടി യുഡിഎഫിനെയും ഓവർകം ചെയ്തു പോകുകയാണ്. കോൺഗ്രിന്റെ നേതാക്കന്മാർക്ക് പോലും തീരുമാനമെടുക്കാൻ കഴിയുന്നില്ല. ജിഹാദികളുടെ അനുവാദം വേണം. അപ്പോൾ ജിഹാദികൾ കേരളത്തിൽ പിടിമുറുക്കാൻ കഴിയില്ല. അതു കൊണ്ട് ജിഹാദികൾ നേതൃത്വം കൊടുക്കുന്ന യുഡിഎഫുമായി ഒരു ബന്ധം വേണ്ട എന്നാണ് എന്റെ തീരുമാനം’ – ജോർജ് പറഞ്ഞു.
‘കേരളത്തിൽ മനുഷ്യന് ജീവിക്കേണ്ടേ? എവിടെ വരെ പോയി? മറ്റു മതസ്ഥരായ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുക. അതൊക്കെ യുഡിഎഫ് വന്നാൽ കേരളം എവിടെപ്പോയി നിൽക്കും. യുഡിഎഫിന്റെ നേതൃത്വത്തിൽ വഞ്ചകന്മാരാണ് ഉള്ളത്.’ – ജോർജ് പറഞ്ഞു. ‘പിണറായി വിജയനെ വിമർശിക്കുന്നയാളാണ് ഞാൻ. എന്നാൽ വ്യക്തിപരമായി നിരവധി കഴിവുള്ളയാളാണ് അദ്ദേഹം. കേരളത്തിനു വേണ്ടി നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. എന്നാൽ ഞാൻ വിഎസ് പക്ഷക്കാരനാണ്. അതു കൊണ്ട് പിണറായി വിജയന് എന്നോട് പഥ്യം വരാൻ സാധ്യതയില്ല’- എൽഡിഎഫ് പ്രവേശത്തെ കുറിച്ച് ജോർജ് പറഞ്ഞു.